കേന്ദ്രസര്‍ക്കാര്‍ സമീപകാലത്തായി പുറപ്പെടുവിച്ച പരിസ്ഥിതി ആഘാത പഠനത്തിന്റെ കരടുവിജ്ഞാപനം അഥവാ Environmental Impact Assessment Notification, Draft, 2020 രാജ്യമാസകലം ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഈ വിജ്ഞാപനത്തിനെതിരെ നേരത്തെ തന്നെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ആഗസ്ത് 11 ഓടു കൂടി വിജ്ഞാപനെത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം സര്‍ക്കാറിനെ അറിയിക്കാനുള്ള സമയം അവസാനിക്കുമെന്നതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഇ.ഐ.എ സംബന്ധിച്ച ഗൗരവതരമായ ചര്‍ച്ചകളും ഇ.ഐ.എ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അതിശക്തമായ ക്യാംപയിനും നവമാധ്യമങ്ങളില്‍ നടക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പുറമെ സാമൂഹ്യ സാംസ്‌ക്കാരിക മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖരും സിനിമാതാരങ്ങളുല്ലൊം ഇ.ഐ.എ അഥവാ പരിസ്ഥിതി ആഘാത പഠന – കരടുവിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന ക്യാംപെയ്‌നുകളുടെ ഭാഗമായി കഴിഞ്ഞു.
എന്തുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമപരിഷ്‌കരണം രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഏറ്റുവാങ്ങുന്നത്. എന്താണ് ഈ പരിസ്ഥിതി ആഘാത പഠന കരടു വിജ്ഞാപനം, ഇ.ഐ.എ പരിഷ്‌കരണം നടപ്പിലായാല്‍ അതെങ്ങിനെയാണ് രാജ്യത്തെ ജനങ്ങളെയും നമ്മുടെ പരിസ്ഥിതിയെയും ബാധിക്കാന്‍ പോകുന്നത്. ഇക്കാര്യങ്ങളെല്ലാം നാം മനസ്സിലാക്കേണ്ടതുണ്ട്.
എന്താണ് പരിസ്ഥിതി ആഘാത പഠനം?
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാനപനം എന്താണെന്ന് മനസ്സിലാകണമെങ്കില്‍ ആദ്യം പരിസ്ഥിതി ആഘാത പഠനവും അതിന്റെ ഇന്ത്യന്‍ സാഹചര്യങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ആയിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അതിലേറെ പേരെ നിത്യരോഗികളാക്കുകയും ചെയ്ത 1984ലെ ഭോപ്പാല്‍ ദുരന്തം. ജനവാസമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അപകടകാരികളായ ഇത്തരം വ്യവസായ ശാലകള്‍ പ്രകൃതിയ്ക്കും മനുഷ്യജീവനും ഒരുപോലെ വെല്ലുവിളിയാണെന്ന ബോധ്യങ്ങളില്‍ നിന്നാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1986ല്‍ ദേശീയ പരിസ്ഥിതി സംരക്ഷണ നിയമം രാജ്യത്ത് നിലവില്‍ വരുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1994ല്‍ ഇതില്‍ പരിസ്ഥിതി ആഘാതപഠനവും ഉള്‍ച്ചേര്‍ക്കുകയുണ്ടായി.
ഒരു നിശ്ചിത സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള വ്യവസായ പദ്ധതികളോ, വികസന പരിപാടികളോ ആരംഭിക്കുന്നതിന് മുമ്പ് പ്രദേശത്തെ ഭൂമിശാസ്ത്രവും സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പഠനം നടത്തുന്നത് വഴി വരാന്‍ പോകുന്ന പദ്ധതി മൂലം ഉണ്ടാകാനിടയുള്ള പരിസ്ഥിതി നാശത്തിന്റെ തോത് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പാരിസ്ഥിതിക ആഘാതപഠനം നിര്‍ബന്ധമാക്കപ്പെട്ടത്.
ഈ പഠനത്തിലൂടെ വരാന്‍ പോകുന്ന ഒരു പദ്ധതി പാരിസ്ഥിതിക, സാമൂഹിക മേഖലകളില്‍ സൃഷ്ടിച്ചേക്കാവുന്ന ആഘാതങ്ങളെ സംബന്ധിച്ച് കൃത്യമായ അവലോകനം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ആ പദ്ധതിക്ക് അനുമതി നല്‍കണോ വേണ്ടയോ എന്നുള്ളതും അല്ലെങ്കില്‍ പദ്ധതിക്ക് ആവശ്യമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടതിനെക്കുറിച്ചും അതാത് വകുപ്പുകള്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ സാധിക്കും.
പരിസ്ഥിതി (സംരക്ഷണ)നിയമത്തിലെ 3 ആം വകുപ്പ് പ്രകാരം ‘പരിസ്ഥിതിയുടെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും, പരിസ്ഥിതി മലിനീകരണം തടയുന്നതിനും, നിയന്ത്രിക്കുന്നതിനും” ഉള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യവസായ -വികസന പദ്ധതികള്‍ക്ക് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍, വിലക്കുകള്‍ അത്തരം പദ്ധതികളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാന്‍ സാധിക്കുന്ന നിയമപരമായ അവസരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് പരിസ്ഥിതി ആഘാത പഠനം നടത്തണ്ടേത് എങ്ങിനെയെന്നത് സംബന്ധിച്ചുള്ള, 2006 ല്‍ പുറത്തുവന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമാണ് നേരത്തെയുണ്ടായിരുന്നത്.
ഇതുപ്രകാരം ഖനനപദ്ധതികള്‍, അണക്കെട്ടുകള്‍, വ്യവസായ ശാലകള്‍, മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങി ഏതൊരു വ്യവസായ പദ്ധതിയും ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും വിദഗ്ദസമിതിയുടെ അനുവാദം ആവശ്യമാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ പ്രദേശത്തെ സംബന്ധിച്ച പഠനം നടത്തിയായിരിക്കും സമിതി പദ്ധതിക്കുള്ള അനുമതി നല്‍കുന്നത്. മുപ്പത് ദിവസം വരെ പദ്ധതി പ്രദേശത്തെ തദ്ദേശീയരായ ജനങ്ങള്‍ക്കും താത്പര്യമുള്ള മറ്റുള്ളവര്‍ക്കും പദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും എതിര്‍പ്പുകളും അറിയിക്കാന്‍ പബ്ലിക് ഹിയറിംഗിലൂടെ അവസരമുണ്ടാവുകയും ചെയ്യും.
രാജ്യത്തെ പാരിസ്ഥിതിക നിയമങ്ങള്‍ ഇത്രമേല്‍ ശക്തമായിരുന്നിട്ടും ബഹുരാഷ്ട്ര കുത്തകകളടക്കമുള്ള വന്‍കിട ലോബികള്‍ക്ക് ഇവയെല്ലാം അട്ടിമറിച്ചുകൊണ്ട് വലിയരീതിയിലുള്ള പാരിസ്ഥിതിക ചൂഷണങ്ങള്‍ നടത്തിയും അതിഭീകരമാം വിധം മാലിന്യങ്ങള്‍ പുറന്തള്ളിയും അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനുള്ള എല്ലാവിധ സാഹചര്യങ്ങളും രാജ്യത്ത് ഉണ്ടായിരുന്നു എന്നതാണ് സമീപകാല അനുഭവങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
എല്ലാ വിധ നിയമങ്ങളെയും അട്ടിമറിച്ചുകൊണ്ട് വന്‍കിട വ്യവസായ ശാലകള്‍ രാജ്യത്ത് നടത്തിയ വിഭവകൊള്ളയുടെയും മലിനീകരണങ്ങളുടെയും ഭാഗമായി ജീവനോപാധികള്‍ നഷ്ടപ്പെടുകയും വലിയരീതിയില്‍ രോഗങ്ങള്‍ക്കടിമപ്പെടുകയും നിര്‍ബന്ധിത പലായനങ്ങള്‍ക്ക് വിധേയമാവുകയുമെല്ലാം ചെയ്ത രാജ്യത്തെ അടിസ്ഥാന വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ അവരുടെ ജീവിതവും ജീവനും നിലനിര്‍ത്താനായി നടത്തിയ ജീവല്‍ സമരങ്ങള്‍ക്ക് രാജ്യം നിരവധി തവണ സാക്ഷ്യം വഹിച്ചതുമാണ്.
ഇത്തരത്തില്‍ വന്‍കിട ലോബികളുടെ പരിസ്ഥിതി ചൂഷണങ്ങളുടെ ഇരകളാകേണ്ടി വന്ന ജനങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ അവരുടെ പ്രക്ഷോഭങ്ങള്‍ക്ക് വിജയം കാണാന്‍ സാധിച്ചത് ശക്തമായ പാരിസ്ഥിതിക നിയമങ്ങളുടെ പിന്‍ബലം ഉള്ളതുകൊണ്ടായിരുന്നു. അടിസ്ഥാന വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് അവരുടെ പ്രാണവായുവും മണ്ണും വെള്ളവും ആവാസവ്യവസ്ഥയും ജീവനോപാധിയുമെല്ലാം അല്‍പമെങ്കിലും സംരക്ഷിക്കാന്‍ സാധിച്ചതിന് പിന്‍ബലമായിരുന്ന ഈ നിയമങ്ങള്‍കൂടി അട്ടിമറിക്കപ്പെടുമ്പോള്‍ അതുവഴി കോര്‍പ്പറേറ്റുകള്‍ക്ക് നമ്മുടെ മണ്ണും വെള്ളവും മലകളും പുഴകളും കാടുകളും എല്ലാം തീറെഴുതിക്കൊടുമ്പോള്‍ ഇനിയെന്തായിരിക്കും നമ്മുടെ രാജ്യത്തിന്റെ ഭാവി എന്ന ആശങ്കയാണ് പുതിയ ഇ.ഐ.എ വിജ്ഞാപനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ ഉന്നയിക്കുന്നത്.
എന്താണ് പുതിയ ഇ.ഐ.എ ഭേദഗതി
ഏതൊരു വ്യവസായ സ്ഥാപനത്തിനും മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി തേടാതെ പ്രവര്‍ത്തനം ആരംഭിക്കാം എന്നതാണ് പുതിയ ഭേദഗതിയിലെ ഏറ്റവും സുപ്രധാനമായ കാര്യം. അതായത് യാതൊരു മുന്‍കൂര്‍ അനുമതിയും കൂടാതെ കോര്‍പ്പറേറ്റുകള്‍ക്ക് വ്യവസായ പദ്ധതികള്‍ ആരംഭിക്കാനാകും. പദ്ധതി പ്രദേശങ്ങളുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെയോ ജനങ്ങളുടെ എതിര്‍പ്പിനെയോ വകവെക്കാതെ ഏതൊരു പ്രദേശത്തും ആര്‍ക്കും ഏത് പദ്ധതികളും ആരംഭിക്കാനുള്ള സാഹചര്യമാണ് ഇത് വഴി സൃഷ്ടിക്കപ്പെടുന്നത്. കമ്പനികള്‍ക്ക് പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഘട്ടത്തില്‍ ഈ അനുമതിക്ക് അപേക്ഷിച്ചാല്‍ മതി എന്നതാണ് വ്യവസ്ഥ.
വികസന പദ്ധതികളുണ്ടാക്കുന്ന പരിസ്ഥിതി ആഘാതങ്ങളെ ജന പങ്കാളിത്തത്തോടെ വിലയിരുത്തി പദ്ധതി നടത്തിപ്പിന് അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിനുള്ള ജനാധിപത്യപരമായ നിയമക്രമങ്ങളാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്.
മാത്രവുമല്ല നിരവധി വ്യവസായ മേഖലകളെ പദ്ധതി ആരംഭിക്കുന്നതിന് മുമ്പുള്ള പൊതുതെളിവെടുപ്പില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ജലസേചനം ആധുനികവത്കരിക്കാനുള്ള പദ്ധതികള്‍, പ്രഖ്യാപിത വ്യവസായ മേഖലകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലോഹങ്ങള്‍, കീടനാശിനി, പെയിന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്ന വ്യവസായ പദ്ധതികള്‍, ദേശീയ പാത വികസനം, പൈപ്പ് ലൈന്‍ പദ്ധതികള്‍, കെട്ടിട നിര്‍മ്മാണ പദ്ധതികള്‍, പ്രാദേശിക വികസന പദ്ധതികള്‍, മേല്‍പ്പാലം, ഫ്ളൈ ഓവര്‍ പദ്ധതികള്‍, കടല്‍ തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അപ്പുറമുള്ള പദ്ധതികള്‍ എന്നിവയാണ് പുതിയ വിജ്ഞാപന പ്രകാരം പൊതുതെളിവെടുപ്പുകള്‍ ആവശ്യമില്ലാത്ത പദ്ധതികള്‍.
രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്ര പ്രധാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതുമായ പദ്ധതികളെയും പൊതുതെളിവെടുപ്പുകളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഈ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളാന്നും തന്നെ പൊതു സമൂഹത്തിനുമുന്നില്‍ വയ്‌ക്കേണ്ടതില്ലെന്നും വിജ്ഞാപനത്തിലുണ്ട്. ഒരു പദ്ധതിയെ തന്ത്ര പ്രധാനമെന്ന് വിലയിരുത്താനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാവുന്നതിലൂടെ ഭാവിയില്‍ പല വികസന പദ്ധതികളെയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പൊതുസമൂഹത്തിന്റെ അംഗീകാരം ഇല്ലാതെ തന്നെ നടപ്പിലാക്കാനുള്ള സാധ്യത ഇതിനകത്ത് നിലനില്‍ക്കുന്നുവെന്നതാണ് പുതിയ ഇ.ഐ.എ വിജ്ഞാപനത്തിനെതിരായ സുപ്രധാന വിമര്‍ശനങ്ങളിലൊന്ന്.
മറ്റൊന്ന് ഖനന പദ്ധതികളെ കുറിച്ചാണ്. 5 ഹെക്റ്ററിലോ അതില്‍ താഴെയോ ഉള്ള ഖനന പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതിയോ പൊതു തെളിവെടുപ്പോ നടത്തേണ്ടതില്ല എന്ന് പുതിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇതുപ്രകാരം നമ്മുടെ നാടുകളില്‍ ഇനി ഏതൊരു പ്രദേശത്തും ആര്‍ക്കും ക്വാറികള്‍ ഉള്‍പ്പെടെയുള്ള ഖനന പദ്ധതികള്‍ യാതൊരു അനുമതിയും ഇല്ലാതെ ആരംഭിക്കാനാകും. നിലവില്‍ തുടര്‍ച്ചയായി വരുന്ന പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വര്‍ധിപ്പിക്കുന്നതിന് ഖനനപ്രവര്‍ത്തനങ്ങള്‍ കാരണമാകുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിയമപരമായ ഈ ആനുകൂല്യം പശ്ചിമഘട്ട മേഖലയിലെ ഖനനമാഫിയകളുടെ പ്രവര്‍ത്തനം അതിഭീകരമാം വിധം വര്‍ധിക്കുന്നതിന് കാരണമാകുമെന്നും വിലയിരുത്തലുകളുണ്ട്.
കരിങ്കല്‍ ക്വാറികളെക്കുറിച്ച് 2017 ല്‍ കേരളവനഗവേഷണ കേന്ദ്രം നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ബഹുഭൂരിപക്ഷം ക്വാറികളും 5 ഹെക്ടറില്‍ താഴെ വിസ്തൃതിയുള്ളതാണ്. പുതിയ വിജ്ഞാപന പ്രകാരം കേരളത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കൊന്നും യാതൊരുവിധ പരിസ്ഥിതി അനുമതിയും ഇനിയങ്ങോട്ട് വേണ്ടി വരില്ല. ഈ നിയമഭേദഗതി പശ്ചിമഘട്ട മലനിരകളെ അതിസാരമായി തന്നെ ബാധിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നിര്‍മാണ മേഖലയ്ക്കും വലിയ രീതിയിലുള്ള ഇളവിന് പുതിയ ഭേദഗതി വഴി നല്‍കിയിരിക്കുകയാണ്. പുതിയ വ്യവസ്ഥകള്‍ പ്രകാരം 1,50,000 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനമോ പൊതു തെളിവെടുപ്പോ ആവശ്യമില്ല. വ്യവസായ ആവശ്യങ്ങള്‍ക്കടക്കമുള്ള പല നിര്‍മ്മാണ പദ്ധതികള്‍ക്കും വിദഗ്ധസമിതിയുടെ വിലയിരുത്തല്‍ കൂടാതെ തന്നെ നേരിട്ട് നിര്‍മാണം ആരംഭിക്കാവുന്ന സ്ഥിതിയായിരിക്കും ഇനിയുണ്ടാവുക.
ഇത്തരത്തില്‍ നിരവധിയായ വ്യവസായ പദ്ധതികളുടെ നിര്‍മാണവും വിപുലീകരണവുമായി ബന്ധപ്പെട്ട് നേരത്തെ പാലിക്കേണ്ടിയിരുന്ന നിബന്ധനകളെല്ലാം എടുത്ത് മാറ്റി അതില്‍ ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കാനുണ്ടായിരുന്ന ജനാധിപത്യ വഴികളെയെല്ലാം ഇല്ലാതാക്കി രാജ്യത്തിന്റെ മുഴുവന്‍ പ്രകൃതി വിഭവങ്ങളെയും കേവലം വില്‍പ്പനച്ചരക്കാക്കുന്ന ബഹുരാഷട്ര കുത്തകകള്‍ക്ക് പൂര്‍ണമായും തീറെഴുതി നല്‍കുന്നതാണ് ഈ പുതിയ നിമയഭേദഗതിയെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: E.I.A Draft Notification 2020, EIA 2020, Environmental Impact Assessment