| Friday, 22nd February 2019, 7:43 pm

നിങ്ങള് കാക്കയെന്നോ, കരിങ്കൊരെങ്ങെന്നോ, ചുള്ളിക്കമ്പെന്നോ എന്തു വേണേലും വിളിച്ചോ..തല്‍ക്കാലം വെളുക്കാനുദ്ദേശ്യമില്ലാത്ത കാക്കകളിലൊന്നാണ് ഞാന്‍

അളക എസ്. യമുന

“”Bodyshaming- the action or practice of humiliating someone by making mocking or critical comments about their body shape or size””

“What is body shaming” എന്ന് ഗൂഗിളില്‍ അടിച്ചു കൊടുത്താല്‍ കിട്ടുന്ന ഉത്തരങ്ങളില്‍ ഒന്നാണിത്. ഒരാളുടെ ശാരീരപ്രകൃതം രൂപം, വലിപ്പം തുടങ്ങിയവയെക്കുറിച്ചുള്ള പരിഹാസം! നിറത്തിന്റെ കാര്യം പിന്നെ പ്രത്യേകം പറയണ്ടല്ലോ

പച്ച മലയാളത്തില്‍ ബോഡിഷെയിമിങ്ങെന്ന് പറഞ്ഞാല് ഒരു തരം “ചൊറിച്ചലാണ്” .നമ്മടെ ശരീരത്തെക്കുറിച്ചും നിറത്തെക്കുറിച്ചും “നമ്മളെക്കാള്‍ ശ്രദ്ധ”യുള്ള കുറച്ച് ആള്‍ക്കാരുടെ രോദനം. “അല്ലെടി നീ വല്ലാണ്ട് കറുത്തു പോയല്ലോ “ഉണങ്ങി ചുള്ളിക്കമ്പായല്ലോ”. “മാറിനിന്നേക്ക് സൂര്യന്‍ കറുത്തു പോകും”, “കാണാന്‍ ലുക്ക്” ഇല്ലെന്നേ ഉള്ളു ഒടുക്കത്തെ ബുദ്ധിയാ!

അങ്ങനങ്ങനെ പോകുന്നു കമന്റുകള്‍. തമാശ രൂപേണയാണെങ്കില്‍പ്പോലും ഇതൊക്കെ ഒരു തരം ബോഡിഷേമിങ് തന്നല്ലേ!

കറുത്തതും മെലിഞ്ഞതും മാത്രമല്ല, ഇനിയിപ്പോ കഷ്ടപ്പെട്ടു കുറച്ചു തടിച്ചൂന്ന് വച്ചാലോ അപ്പൊ വീണ്ടും തുടങ്ങും. തടിച്ച് തടിച്ച് എങ്ങോട്ടേക്കാ…ഈ കുത്തിക്കേറ്റുന്നതൊക്കെ എങ്ങോട്ടേക്കാ പോവുന്നേ..അങ്ങനങ്ങനെ നീണ്ടുപോകുന്ന ഒരു പ്രോസസ് ആണിത്. എത്ര സിനിമകളിലും കോമഡി പരിപാടികളിലും ഇത്തരത്തിലുള്ള ബോഡിഷേയിമിങ് നടത്തുന്നുണ്ട്. നമ്മളത് കാണുകയും ആസ്വദിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്. കാണാന്‍ മെലിഞ്ഞുണങ്ങിയ ഒരാളെ കാണുമ്പോ ഇന്ദ്രന്‍സിനെപ്പോലെ എന്നു പറഞ്ഞ് കളിയാക്കുന്നവര്‍് ഇപ്പോഴുമില്ലേ.

വളരെ ജനപ്രീതി നേടിയ ഒരു സിനിമയില്‍ പോലീസ് സ്റ്റേഷനില്‍ തന്നെ ശല്യപ്പെടുത്തുന്ന ഒരാളെക്കുറിച്ച് പരാതിയുമായിച്ചെല്ലുന്ന ഒരു തടിച്ച കറുത്ത സ്ത്രീ. പരാതി വായിച്ചു നോക്കിയ ശേഷം നായകന്‍ അയാളെ പിടിച്ചടിച്ച ശേഷം അയാള് ചെയ്ത രണ്ട് തെറ്റുകളിലൊന്നായി പറയുന്നത് അതേപോലൊരു സാധനത്തിന്റെ (ആ സ്ത്രീയുടെ രൂപത്തേയും നിറത്തേയും പരിഹസിക്കുകയാണ്്) പിന്നാലെ നടന്നതാണ്. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങളാണ്…..

ഇപ്പോ ഞാനിവിടെ ബോഡിഷേയിമിങ്ങിനെക്കുറിച്ച് പറയാന്‍ കാരണം മറ്റൊന്നുമല്ല. ഇന്നലെ ഒട്ടുമിക്ക ആള്‍ക്കാരുടെയും വാട്സആപ്പ് സ്റ്റാറ്റസായി കണ്ട ഒരു വീഡിയോ ആണ്. ഒരു ആണ്കുട്ടി അവന്‍ കറുത്തു പോയതു കൊണ്ടു നേരിട്ട പരിഹാസങ്ങള്‍ ഒരു ചാനല്‍ പരിപാടിയില്‍ പങ്കുവയ്ക്കുന്നുണ്ട്. അവന്‍ ഇമോഷണല്‍ ആയിട്ടൊന്നുല്ല, മറിച്ച് തമാശ രൂപേണയാണ് പറയുന്നത്. അവനത് പറയുമ്പോഴും കൂടെ നിന്നവരൊക്കെ ചിരിക്കുന്നുണ്ട്. തന്റെ പേര് സുഹൃത്തിന്റെ ഫോണില്‍ സേവ് ചെയ്തു വച്ചിരിക്കുന്നത് “കാക്കച്ചി” എന്ന് മുന്നില്‍ച്ചേര്‍ത്തിട്ടാണ് എന്നവന്‍ പറയുന്നുണ്ട്. തമാശ ആയിട്ടാണേലും അവന്‍ പറയുന്നുണ്ട് വംശീയാധിക്ഷേപം നേരുടന്നതിനെക്കുറിച്ചാണ് പറയാനുള്ളത് എന്നാണ്. ആ വീഡിയോ കണ്ടു കഴിഞ്ഞ ശേഷം ഞങ്ങള്‍ അതേക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതുനിടെ എന്റെ ഒരു സുഹൃത്ത് അവള്‍ക്കുണ്ടായൊരു അനുഭവം പറഞ്ഞു.

നാലാം ക്ലാസ്സുവരെ അവള്‍ക്ക് സ്റ്റേജില്‍ കയറാനും പാട്ടുപാടാനും പ്രസംഗിക്കാനുമൊക്കെ വല്ലാത്ത ഇഷ്ടായിരുന്നു..നാലാംക്ലാസ് പകുതി ആയപ്പോഴാണ് ക്ലാസ്സിലേക്ക് പുതിയൊരു കുട്ടിവന്നത്. വെളുത്തു തുടുത്ത ഒരു കുട്ടി. ഒരു വൈകുന്നേരം എല്ലാവരും കളിക്കാന്‍ പോയപ്പോ അവളെ മാത്രം മാറ്റി നിര്‍ത്തി. പുതുതായി വന്ന കുട്ടി പറഞ്ഞത് കൊണ്ടായിരുന്നു ആ മാറ്റി നിര്‍ത്തല്‍. അതിനുള്ള കാരണം ആയിരുന്നു “ക്ലാസ്”.

കൂട്ടത്തില്‍ ബാക്കി എല്ലാരും “വെളുത്തതായിരുന്നു”. ഓള് മാത്രം “കറുത്തു” “മെലിഞ്ഞതും”. അതുകൊണ്ട് അവളെ നൈസായിട്ടങ്ങ് ഒഴിവാക്കി.
ന്താല്ലേ…..പത്തു പതിനഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അവളത് ഓര്‍ത്തവയ്ക്കുന്നുണ്ടെങ്കില്‍, സമാനമായ ഒരു സംഭവം ഉണ്ടാകുമ്പോ അത് അവളുമായിട്ട് ബന്ധപ്പെടുത്തി ചിന്തിക്കുന്നുണ്ടേല്‍ അത് എത്രമാത്രം അവളെ ബാധിച്ചിട്ടുണ്ടാക്കും. അവസാനം അവളു പറഞ്ഞത് “ആ ഒറ്റൊാരുകാരണം കൊണ്ട് ഇപ്പോഴുമെനിക്ക് ആത്മവിശ്വാസത്തോടെ ഒരു സ്റ്റേജില്‍ കയറിനില്‍ക്കാന്‍ പറ്റുന്നില്ലെടീ”ന്നാണ്.

“ന്താ ഓള്‍ടെ കോലം”..”ന്ത് കറുപ്പാണ്” , “ന്ത് തടിയാണ്”, “നടക്കുമ്പോ കൂനുണ്ടോ”, “മുടി നോക്ക്”, “മൂക്ക് നോക്ക്”, “കണ്ണ് ചത്ത മീനിനെപ്പോലെയിണ്ട്”, “ന്ത് കുപ്പായാ ഓളൊക്കെ ഇട്ടിട്ടുള്ളത്” അങ്ങനങ്ങനെ എന്തിനൊക്കെയാണ് ഏതിനൊക്കെയാണ് അഭിപ്രായം കേള്‍ക്കേണ്ടി വരുന്നത്.

ഇനിയിപ്പോ കണ്ണാടിക്കു മുന്നില് നിന്നാലോ ഉടന്‍ വരും ക്ലീഷേ വര്‍ത്താനം “ന്തിനാണ് കണ്ണാടിക്കു മുന്നില് നിന്ന് കണ്ണാടി പൊട്ടിക്കുന്നത്”. “ഈ കാക്ക കുളിച്ചാല് കൊക്കാവോന്ന്”. ഇതിനുള്ള മികച്ച ഉത്തരം ദീനാമ്മ എന്ന കഥയിലുണ്ട് “കാക്ക കുളിക്കുന്നത് കൊക്കാകാനല്ലെങ്കിലോന്ന് “. അത്രേ ഉള്ളൂ കാര്യം.

ഇനിയിപ്പോ എന്റെ കാര്യം , ഞാന്‍ കറുത്തിട്ടാണ്,ആവശ്യത്തിനുള്ള നീളം മാത്രേ ഉള്ളൂ..മുടി കയറ്റി വെട്ടിയിട്ടുണ്ട്..ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നുണ്ട്.. നന്നേ മെലിഞ്ഞിട്ടാണ്..ഇതൊക്കെ ചേര്‍ന്നുള്ള ലുക്ക് മാത്രാണ് എനിക്കുള്ളത്. നിങ്ങള് കാക്കയെന്നോ കരിങ്കൊരെങ്ങെന്നോ ചുള്ളിക്കമ്പെന്നോ എന്തു വേണേലും വിളിച്ചോ..തല്‍ക്കാലം വെളുക്കാനുദ്ദേശ്യമില്ലാത്ത കാക്കകളിലൊന്നാണ് ഞാന്‍.

DoolNews Video

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more