| Thursday, 19th November 2020, 4:11 pm

ബൈഡന്‍ വിളിച്ചു ചേര്‍ക്കുന്ന ജനാധിപത്യ ഉച്ചകോടിയില്‍ മോദിക്ക് സ്ഥാനമുണ്ടാവുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കയുടെ അമരത്തെത്തുന്ന ജോ ബൈഡന്‍ ഇനി മുന്നോട്ട് വെക്കുന്ന വിദേശ നയങ്ങള്‍ സംബന്ധിച്ച് ആഗോള തലത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ബൈഡന്‍ സ്വീകരിക്കുന്ന നിലപാടുകളെന്തായിരിക്കുമെന്നും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബൈഡന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ
ലേഖനത്തിലെ വിദേശ നയങ്ങള്‍ ചര്‍ച്ചയാവുന്നത്.

ഏപ്രിലില്‍ ‘വൈ അമേരിക്ക മസ്റ്റ് ലീഡ് എഗെയിന്‍’ എന്ന പേരില്‍ പുറത്തു വന്ന ബൈഡന്റെ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.
പ്രസിഡന്റ് പദവിയിലെത്തി ആദ്യ വര്‍ഷം തന്നെ ലോകത്തിലെ വിവിധ സ്വതന്ത്ര, ജനാധിപത്യ രാജ്യങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഗ്ലോബല്‍ സമ്മിറ്റ് ഫോര്‍ ഡെമോക്രസി എന്ന ഉച്ചകോടി നടത്തുമെന്ന് ബൈഡന്‍ ഈ ലേഖനത്തില്‍ പറയുന്നുണ്ട്.

ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഒരു പൊതു അജണ്ട ഉണ്ടാക്കുന്നതിനായി ലോകത്തെ ജനാധിപത്യ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരും എന്നാണ് ലേഖനത്തില്‍ പറയുന്നത്. ജനാധിപത്യ മൂല്യങ്ങളില്‍ നിന്നും പിന്‍വാങ്ങുന്ന രാജ്യങ്ങളെ അഭിമുഖീകരിക്കുമെന്നും ബൈഡന്റെ ലേഖനത്തില്‍ പറയുന്നുണ്ട്.

‘അഴിമതിക്കെതിരെ പോരാടുക, സ്വേഛാധിപത്യത്തിനെ പ്രതിരോധിക്കുക. സ്വന്തം രാജ്യങ്ങളിലും ആഗോളതലത്തിലും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയ്ക്ക് യുണൈറ്റഡ് സ്‌റ്റേറ്റസ് പ്രഥമപരിഗണന നല്‍കും,’ ലേഖനത്തില്‍ പറയുന്നു.

ബൈഡന്‍ വിളിച്ചു ചേര്‍ക്കുന്ന ജനാധിപത്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമോ എന്നത് ഇതിനകം വിഷയമായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത അടക്കമുള്ളവര്‍ ഈ വിഷയം പരാമര്‍ശിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമ വിവാദം നിലനില്‍ക്കെ ഇന്ത്യ ഈ സമ്മിറ്റില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നത് നോക്കിക്കാണേണ്ട വിഷയമാണെന്നാണ് ശേഖര്‍ ഗുപ്ത തന്റെ പ്രോഗാമില്‍ പരാമര്‍ശിച്ചത്.

കശ്മീര്‍ വിഷയം, പൗരത്വ ഭേദഗതി നിയമം എന്നിവയ്ക്കു പുറമെ കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ വേട്ടയാടല്‍ നേരിടുന്നെന്ന് പറഞ്ഞ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആനംസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയത് തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ സ്ഥിതി ചിലപ്പോള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാവാനും സാധ്യതയുണ്ട്.

ഇതിനു പുറമെ ഇപ്പറഞ്ഞ വിഷയങ്ങളിലെല്ലാം ബൈഡനുള്ള അഭിപ്രായവും ശ്രദ്ധിക്കേണ്ടതാണ്. കശ്മീരിന്റെ പ്രത്യേക അവകാശം പുനസ്ഥാപിക്കണമെന്നും ഒപ്പം പൗരത്വ ഭേദഗതി നിയമത്തില്‍ താന്‍ നിരാശനാണെന്നും ബൈഡന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 2020 ജൂണില്‍ തന്റെ ക്യാമ്പയിന്‍ വെബ്‌സൈറ്റില്‍ വന്ന ‘ജോ ബൈഡന്‍സ് ‘അജണ്ട ഫോര്‍ മുസ്‌ലിം അമേരിക്കന്‍ കമ്മ്യൂണിറ്റി’ എന്ന പോളിസി പേപ്പറിലാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ പ്രസിഡന്റ് പദവിയിലെത്തിയാല്‍ ഇന്ത്യയുമായുള്ള നയതന്ത്ര, വ്യാപാര ബന്ധം  മുന്‍നിര്‍ത്തി ബൈഡന്‍ ഈ വിഷയങ്ങളില്‍ എന്ത് നയം സ്വീകരിക്കുമെന്നതില്‍ വ്യക്തതയില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more