33 വര്‍ഷം കൊണ്ടുമാത്രമാണ് മലയാള മനോരമ-മാതൃഭൂമി പത്രങ്ങള്‍ക്ക് തൊട്ടുപിന്നിലായുള്ള സ്ഥാനം മാധ്യമം ദിനപത്രം നേടിയെടുത്തത്. 1987 ലാണ് ജമാഅത്ത് ഇസ്‌ലാമി നിയന്ത്രണത്തിലുള്ള ഐഡിയല്‍ പബ്ലിക്കേഷന്‍സ് ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ വെള്ളിമാടുകുന്ന് കേന്ദ്രമായി മാധ്യമം ദിനപത്രം ആരംഭിക്കുന്നത്. സര്‍ക്കുലേഷനില്‍ ഇന്ന് നാലാം സ്ഥാനമാണ് മാധ്യമം ദിനപത്രത്തിനുള്ളത്. എട്ട് രാജ്യങ്ങളില്‍ എഡിഷനുള്ള ഏക മലയാളം ദിനപത്രമാണ് മാധ്യമം.
2012 ല്‍ മജീദിയ വേജ്‌ബോര്‍ഡ് രാജ്യത്ത് നിലവില്‍ വന്നപ്പോള്‍ കേരളത്തില്‍ നിന്ന് ആദ്യവും ഇന്ത്യയില്‍ നിന്ന് രണ്ടാമതും നടപ്പിലാക്കിയത് മാധ്യമം ദിനപത്രത്തിലായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ ആകെ മാറിയിരിക്കുന്നു.
മറ്റു പത്രങ്ങളില്‍ നിലവിലുള്ളതും തങ്ങള്‍ക്ക് കാലങ്ങളായി കിട്ടിക്കൊണ്ടിരിക്കുന്നതുമായ എല്ലാ ആനുകൂല്യങ്ങളും മാധ്യമം മാനേജ്‌മെന്റ് കവര്‍ന്നെടുക്കുന്നതായാണ് ജീവനക്കാര്‍ പരാതിപ്പെടുന്നത്.
ഒടുവില്‍ ‘മജീദിയ വേജ്ബോര്‍ഡല്ല, മദ്രസീയ വേജ്ബോര്‍ഡ് ആണ്’ മാധ്യമത്തില്‍ നടപ്പിലാക്കിയതെന്ന് ചെയര്‍മാന്‍ തന്നെ പറഞ്ഞതായി ജീവനക്കാര്‍ തിരുത്തുന്നു.
മാധ്യമം ദിനപത്രത്തില്‍ കാര്യങ്ങള്‍ നടക്കുന്നത് അത്ര സുഖകരമല്ലെന്ന് പലതവണയാണ് ജീവനക്കാരും യൂണിയന്‍ നേതൃത്വവും ജമാഅത്ത് നേതൃത്വത്തെ അറിയിച്ചിരുന്നത്. ജീവനക്കാരുടെ കൂടി ആവശ്യം പരിഗണിച്ചായിരുന്നു മാധ്യമം പത്രത്തേയും മീഡിയാ വണ്‍ ന്യൂസ് ചാനലിനേയും
കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുന്നത്.
ജമാഅത്ത് നേതാക്കളായ ടി. മുഹമ്മദ് വേളം, അബ്ദുള്‍ ഹക്കീം നദ്‌വി, യൂസഫ് ഉമരി, കൂട്ടില്‍ മുഹമ്മദലി എന്നിവര്‍ അംഗങ്ങളായുള്ള സമിതി മാധ്യമം ദിനപത്രത്തില്‍ ഗുരുതരമായ ക്രമക്കേടുകളും സാമ്പത്തിക ക്രയവിക്രയങ്ങളും നടക്കുന്നതായി ജമാഅത്ത് നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ 20 പേജുള്ള ആ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കാതിരിക്കുകയും ആ റിപ്പോര്‍ട്ട് തന്നെ തെറ്റാണെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു ജമാഅത്ത് നേതൃത്വം.
റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട ജമാഅത്ത് ശൂറ മെമ്പര്‍ ഖാലിദ് മൂസ നദ്‌വി സംഘടനയ്ക്ക് പുറത്താവുകയും ചെയ്തു. ട്രസ്റ്റിന്റേയും പത്രത്തിന്റേയും ഉയര്‍ന്ന മേധാവികളുടെ നടപടികളെ കുറിച്ച് അക്കമിട്ട് പറയുന്ന റിപ്പോര്‍ട്ടില്‍ നിന്ന് ജീവനക്കാരെ ബാധിക്കുന്ന കാര്യങ്ങള്‍ മാത്രം പരിഗണനയക്കെടുക്കുകയും അത് നടപ്പിലാക്കാനായി സി.ഇ.ഒയെ വെക്കുകയുമായിരുന്നെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
മാധ്യമം സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് മാനേജ്മെന്റ് പറയുന്നത്. കൊവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിലല്ല ഈ പ്രതിസന്ധി. മാധ്യമത്തിന്റെ ചുമതലയുള്ള പ്രസ്ഥാനം നിയോഗിച്ച ഏറ്റവും വിശ്വസ്തരായ നേതാക്കന്മാര്‍ തന്നെ കണ്ടെത്തിയ 20പേജ് വരുന്ന വിശദമായ അന്വേഷണ റിപ്പോര്‍ട്ടില്‍ ഈ സ്ഥാപനം എങ്ങനെ പ്രതിസന്ധിയിലെത്തി എന്ന് വിശദമായി ചൂണ്ടിക്കാണിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു.
അതിലൊന്നില്‍ പോലും ജീവനക്കാര്‍ക്ക് യാതൊരു പങ്കുമില്ല. ആസൂത്രണമില്ലാത്ത സാമ്പത്തിക വിനിയോഗവും യോഗ്യതയില്ലാത്തവരുടെ വിഡ്ഢിത്തങ്ങളും ഇഷ്ടക്കാരെ ലക്കും ലഗാനുമില്ലാതെ നിയമിച്ചതുമടക്കമുള്ള പാളിച്ചകള്‍ അക്കമിട്ട് നിരത്തിയ ആ റിപ്പോര്‍ട്ടില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ യാതൊരു പരിക്കുമില്ലാതെ ഇപ്പോഴും ഉന്നതങ്ങളില്‍ വിരാജിക്കുകയാണ്.
ഒരു സിംഗിള്‍ കോളം വാര്‍ത്തയിലെ ചെറിയൊരു പിഴവിനുപോലും വിശദീകരണവും ശിക്ഷാനടപടികളും തങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ഇത്രയും വലിയ പാളിച്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് യാതൊരു നടപടിയും നേരിടേണ്ടിവന്നിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു.
ഓഡിറ്റിങ്ങ് പ്രഹസനമല്ല നടത്തേണ്ടത്. കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ സംബന്ധിച്ചും ഭരണ നടപടികള്‍ സംബന്ധിച്ചും സമഗ്ര ഓഡിറ്റിങ് നടത്തിയാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ മൂല കാരണങ്ങള്‍ വ്യക്തമാകും.
കെടുകാര്യസ്ഥതയും ക്രമക്കേടുകളും പുറത്തുവരുമെന്നതിനാലാണ് പഴയ ചരിത്രം അടച്ചുപിടിക്കാന്‍ മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. മടിയില്‍ കനമുള്ളവര്‍ക്കേ ഭയപ്പെടേണ്ടതുള്ളൂ. അര്‍ഹമായ പ്രമോഷന്‍പോലും തങ്ങള്‍ക്ക് നിഷേധിക്കപ്പെടുമ്പോള്‍, ഉയര്‍ന്ന പദവികളിലേക്ക് നിര്‍ബാധം കയറിപ്പോകാന്‍ വേണ്ടപ്പെട്ടവര്‍ക്ക് യാതൊരു തടസ്സവുമില്ലെന്നും ഇവര്‍ പറയുന്നു.
ആ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ഉന്നതസ്ഥാനീയരായ പലരും ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ഉണ്ടാകുമായിരുന്നില്ല. പക്ഷേ, ചവറ്റുകുട്ടയിലെറിഞ്ഞ ആ റിപ്പോര്‍ട്ടില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി നിര്‍ദേശിച്ച ശമ്പളം വന്‍തോതില്‍ വെട്ടിക്കുറക്കുകയും പരമാവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു.
മൂന്നു വര്‍ഷത്തിലേറെയായി ശമ്പളം അനിശ്ചിതമായി വൈകുകയാണെന്നും വ്യവസ്ഥകള്‍ പ്രകാരം ശമ്പളം വിട്ടുകൊടുത്തിട്ടും ആഴ്ചതോറും തവണകളായാണ് ശമ്പളവിതരണം നടക്കുന്നതെന്നും ചെയര്‍മാന്‍ നല്‍കിയ ഉറപ്പിന്റെ പച്ചയായ ലംഘനമാണിതെന്നും മാധ്യമം ജേണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് പി.പി ജുനൂബ്, സെക്രട്ടറി ഹാഷിം എളമരം, മാധ്യമം എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ടി.എം അബ്ദുല്‍ ഹമീദ്, ജന. സെക്രട്ടരി എം. സര്‍ഫറാസ് എന്നിവര്‍ പറയുന്നു.
ബോണസ് വിതരണം നിലച്ചിട്ട് കാലങ്ങളായി. ഫെസ്റ്റിവല്‍ അലവന്‍സ്പോലും ലഭിക്കുന്നില്ല. ലീവ് സറണ്ടര്‍, എല്‍.ടി.എ ആനുകൂല്യങ്ങള്‍ എന്നിവ വര്‍ഷങ്ങളായി മരവിപ്പിച്ചിരിക്കുകയാണ്.
രാത്രികാല അലവന്‍സുകള്‍ ഏകപക്ഷീയമായാണ് വെട്ടിച്ചുരുക്കിയത്. സീനിയര്‍ ജേര്‍ണലിസ്റ്റുകള്‍ക്കുള്ള ദിനപത്ര ബത്തപോലും റദ്ദാക്കി. പ്രതിസന്ധി ഘട്ടങ്ങളില്‍ ജീവനക്കാര്‍ക്ക് അത്താണിയാവാനായി രൂപീകരിച്ച സ്റ്റാഫ് വെല്‍ഫയര്‍ ഫണ്ടിലെ കോടികള്‍ കമ്പനി അന്യായമായി കവര്‍ന്നെടുത്തിരിക്കുകയാണ്. വരിസംഖ്യയിനത്തില്‍ മാസംതോറും യൂണിയനുകള്‍ക്ക് നല്‍കുന്ന സംഖ്യയും സ്റ്റാഫ് സൊസൈറ്റിയുടെ വിഹിതവും മാസങ്ങളായി കമ്പനിയുടെ കൈവശമാണെന്നും പി.എഫ് അടയ്ക്കുന്നതില്‍പോലും കൃത്യവിലോപം കാണിച്ചെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതൊക്കെ സഹിച്ച് സഹകരിക്കുന്ന ജീവനക്കാരോടാണ് കരാര്‍ വ്യവസ്ഥാ ലംഘനവും വഞ്ചനയും മാനേജ്മെന്റ് കാണിച്ചുകൊണ്ടിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. പ്രത്യക്ഷമായ പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ചര്‍ച്ചകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും തയാറായതാണെന്നും എന്നിട്ടും തങ്ങളുടെ ചട്ടിയില്‍ കൈയിട്ടുവാരാനാണ് മാനേജ്മെന്റിലെ പുതിയസാരഥികളുടെ നീക്കമെന്നും ജീവനക്കാര്‍ പറയുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ 40 ശതമാനം വേതനം ഏകപക്ഷീയമായി വെട്ടിക്കുറച്ചത് യാതൊരു വിധ ചര്‍ച്ചകളുമില്ലാതെയായിരുന്നു. ഒരു ദിവസം പെട്ടെന്ന് ചെയര്‍മാനും വൈസ് ചെയര്‍മാനും സി.ഇ.ഒയും കൂടി ഓണ്‍ലൈന്‍ മീറ്റിലൂടെ അടുത്ത ദിവസം മുതല്‍ 30-40 ശതമാനം ശമ്പളം ഉണ്ടാവില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ആ പ്രഖ്യാപനം നടത്തിയ ഉടന്‍ തന്നെ ആരുടെയും ആഹ്വാനമില്ലാതെ ജീവനക്കാര്‍ ഒറ്റക്കെട്ടായി ചെയര്‍മാനു മുന്നിലേക്ക് നേരിട്ടെത്തി പ്രതിഷേധമറിയിച്ചു. മാധ്യമത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ചെയര്‍മാന് ഇങ്ങനെ ജീവനക്കാരുടെ പ്രതിഷേധം നേരിട്ട് ഏറ്റുവാങ്ങേണ്ടിവന്നത്.
ആസന്ദര്‍ഭത്തില്‍ എഡിറ്റര്‍ ഒ. അബ്ദുറഹ്മാനാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയല്ല, നിശ്ചിത കാലത്തേക്ക് ഡഫര്‍ ചെയ്യുകയാണെന്ന ഉറപ്പ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. അതുപ്രകാരം നിരവധി ചര്‍ച്ചകള്‍ വിവിധ ഘട്ടങ്ങളില്‍ തങ്ങള്‍ നടത്തിയിരുന്നെന്നും ജീവനക്കാര്‍ പറയുന്നു.
ഏറ്റവും ഒടുവില്‍ 2020 ഏപ്രില്‍ മുതല്‍ ഒരു സാമ്പത്തിക വര്‍ഷം 15 ശതമാനം മുതല്‍ 17.5 ശതമാനം വരെ വിവിധ സ്ലാബുകളിലെ ശമ്പളവും മേയ് മാസത്തെ മുഴുവന്‍ ശമ്പളവും ഈ കാലയളവിലെ ഡി.എയും ഡഫര്‍ ചെയ്യുന്ന വിധത്തില്‍ കരാറുണ്ടാക്കി. കരാര്‍ പ്രകാരം 2020 ഏപ്രില്‍ മുതല്‍ ശമ്പളം പിടിക്കുകയും ഇപ്പോഴും പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്നിട്ടും കരാറില്‍ ഒപ്പിടാന്‍ മാനേജ്മെന്റ് തയാറായിട്ടില്ല.
ചര്‍ച്ചയില്‍ ഇല്ലാത്ത പുതിയ പുതിയ വ്യവസ്ഥകള്‍ കരാറില്‍ കൂട്ടിച്ചേര്‍ക്കാനും ഒപ്പിടുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാനുമാണ് സി.ഇ.ഒ ഇപ്പോള്‍ ശ്രമിക്കുന്നത്. കരാര്‍ പ്രകാരം കഴിഞ്ഞ ഏഴു മാസമായി ശമ്പളം പിടിക്കുന്നുണ്ട്. അത്യന്തം പ്രയാസങ്ങളും പ്രതിസന്ധികളും സഹിച്ചുകൊണ്ടാണ് മാനേജ്മെന്റുമായി സഹകരിക്കുന്നത്.
കൊവിഡ് കാലത്ത് പത്രസ്ഥാപനങ്ങളിലെ ശമ്പള പ്രശ്നത്തില്‍ കോടതി മുമ്പാകെയുള്ള കേസില്‍, മാനേജ്മെന്റുമായി ജീവനക്കാര്‍ ധാരണയിലേക്ക് നീങ്ങുകയാണെന്ന് ജീവനക്കാര്‍ സത്യവാങ്മൂലം കൊടുത്തു. ഒരു ധാരണാപത്രത്തില്‍ പോലും ഒപ്പുവെക്കുന്നതിനു മുമ്പാണ് ഇതെന്നോര്‍ക്കണമെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
മാനേജ്മെന്റ് പറഞ്ഞ വാക്കില്‍ തങ്ങള്‍ക്ക് അത്രയും വിശ്വാസമുണ്ടായിരുന്നു. പക്ഷേ, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇപ്പോള്‍ കരാറുകളില്‍ പറയുന്ന വാക്കുകള്‍ നിരന്തരമായി ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുക തിരിച്ചുതരുന്ന കാര്യത്തില്‍ ഒരു വ്യവസ്ഥക്കും മാനേജ്മെന്റ് തയാറല്ല.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ തരാം എന്ന എവിടെയും തൊടാത്ത ഒരു പരാമര്‍ശത്തില്‍ തങ്ങളുടെ സഹനത്തെയും കഷ്ടപ്പാടിനെയും എഴുതിത്തള്ളാനാണ് ഇവര്‍ നീക്കം നടത്തുന്നത്. മാത്രവുമല്ല, ഇത്രയുംകാലം മാനേജ്മെന്റ് പുലര്‍ത്തിയിരുന്ന ധാര്‍മികതകള്‍ കാറ്റില്‍പറത്തി ചര്‍ച്ചയിലില്ലാത്ത കാര്യങ്ങളും മാനേജ്മെന്റിന്റെ താല്‍പര്യങ്ങളും മാത്രം ഉള്‍പ്പെടുത്തിയ മിനുട്സ് യൂണിയന്‍ നേതൃത്വത്തെക്കൊണ്ട് ഒപ്പിടീക്കുവാനുള്ള ഹീനതന്ത്രമാണ സി.ഇ.ഒ നടത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു.
യോഗത്തില്‍ യൂണിയന്‍ നേതൃത്വം പ്രകടിപ്പിച്ച വിയോജിപ്പുകള്‍ പോലും മിനുട്സില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഭാവിയില്‍ ഒരു നിയമപ്രശ്നമുണ്ടായാല്‍ ജീവനക്കാരെ വെട്ടിലിടാനുള്ള തെളിവുകള്‍ ഒരുക്കുന്നതിനാണ് ഇപ്രകാരം മിനുട്സ് ഒപ്പിടുവിക്കാന്‍ ശ്രമമുണ്ടായതെന്ന് തങ്ങള്‍ സംശയിക്കുന്നുണ്ടെന്നും ജീവനക്കാര്‍ പറയുന്നു.
മാധ്യമത്തിലെ ജീവനക്കാര്‍ വന്‍തുക ശമ്പളമായി കൈപ്പറ്റുന്നുവെന്നാണ് പുറത്ത് പ്രചരിപ്പിക്കപ്പെട്ടത്. ഒടുവില്‍ ചെയര്‍മാന്‍ തന്നെ മാധ്യമത്തിലേത് ‘മജീദിയ വേജ്ബോര്‍ഡല്ല, മദ്രസീയ വേജ്ബോര്‍ഡ് ആണ്’ എന്ന് തിരുത്തുകയുണ്ടായതെന്ന് ഓര്‍ക്കണം.
എന്നിട്ടും ജീവനക്കാരുടെ ശമ്പളം പിടിച്ചുപറിക്കുന്നതിനായി പുതുതായി ചുമതലയേറ്റ ചിലര്‍ ബദ്ധശ്രദ്ധരായിരിക്കുന്നു എന്നതാണ് കരാര്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നിലെ കാരണം.
അതേസമയം, തങ്ങള്‍ക്ക് ലഭിച്ച ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം 2020 മാര്‍ച്ച് മുതല്‍ മാധ്യമത്തിന്റെ പേരില്‍ അഞ്ച് LLP (Limited Liability Partnership) കമ്പനികള്‍ ഇതിനകം രൂപീകരിച്ചു കഴിഞ്ഞെന്നും അതിന് ഡയറക്ടര്‍മാരെയും നിയോഗിച്ചിരിക്കുകയാണെന്നും ജീവനക്കാര്‍ പറയുന്നു.
ഒഫിഷ്യല്‍ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മാധ്യമം പത്രം ഐഡിയല്‍ പബ്ലിക്കേഷന്‍സ് ട്രസ്റ്റില്‍ നിന്നും ഏതാനും മുതലാളിമാര്‍ തലപ്പത്തുള്ള കമ്പനിയിലേക്കുള്ള ചുവടുമാറ്റം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
ഈ വിവരം ജീവനക്കാരെ അറിയിക്കാനുള്ള പ്രാഥമിക മര്യാദപോലും കാണിക്കാതെയാണ് കമ്പനിവല്‍ക്കരണ ശേഷവും തങ്ങളുമായി കരാര്‍ ഉണ്ടാക്കാന്‍ തുനിഞ്ഞതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശങ്ങളും ന്യൂനപക്ഷാവകാശങ്ങളും പൗരത്വാവകാശം പോലും നിഷേധിച്ച് ഏറ്റവും ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന പ്രസ്ഥാനമാണ് മാധ്യമത്തെ നയിക്കുന്നത്. പത്രം പുലര്‍ത്തിവരുന്ന നിലപാടും അതുതന്നെയാണ്. പക്ഷേ, തൊഴിലാളികള്‍ നൂറ്റാണ്ടുകളായി പൊരുതി നേടിയ അവകാശങ്ങള്‍ പോലും ഒറ്റ രാത്രികൊണ്ട് റദ്ദുചെയ്യുന്ന മോദി സര്‍ക്കാറിന്റെ നയങ്ങളെ രണ്ടുകൈയും നീട്ടി സ്വീകരിച്ചുകൊണ്ടാണ് മാധ്യമം മാനേജ്മെന്റ് മുന്നേറുന്നത്.
നാളിതുവരെ തൊഴിലാളികള്‍ പുലര്‍ത്തിയ ആത്മാര്‍ത്ഥക്കും സമര്‍പ്പണത്തിനും പുല്ലുവില പോലും കല്‍പ്പിക്കാതെ എല്ലാ അവകാശങ്ങളും നിഷേധിച്ച് അവരെ ചവിട്ടിപ്പുറത്താക്കുവാന്‍ വഴിതുറക്കുന്ന നയങ്ങളിലാണ് മാനേജ്മെന്റ് താല്‍പര്യം കാണിക്കുന്നത്.
സ്ഥാപനത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ജീവനക്കാര്‍ മാത്രമാണെന്ന കാഴ്ചപ്പാടില്‍ മാനേജ്മെന്റ് തങ്ങളോട് ശത്രുരാജ്യത്തോടെന്നവണ്ണം യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ജീവനക്കാര്‍ പറയുന്നു.
നിലവില്‍ മാനേജ്മെന്റ് തങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. അതിന് ശേഷം മാത്രമേ ഈ കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുകയുള്ളൂവെന്നുമാണ് മാധ്യമം എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ഹമീദ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. പ്രത്യക്ഷ സമരം നടക്കുന്നുണ്ട്. ഒക്ടോബര്‍ 20 തങ്ങള്‍ വഞ്ചനാദിനമായിട്ട് ആചരിച്ചെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമം എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധ ബോര്‍ഡുകള്‍ ഉയര്‍ത്തിയാണ് ഇവരുടെ പ്രതിഷേധം. ആവശ്യമെങ്കില്‍ മാനേജ്മെന്റിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നാണ് മാധ്യമം എംപ്ലോയീസ് കോര്‍ഡിനേഷന്‍ കമ്മറ്റി അറിയിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: What is behind labor strike on Madhyam Daily