പൗരത്വ ഭേദഗതി നിയമം നിലവില്‍ വന്നതോടെ രാജ്യത്ത് ഏറ്റവുമധികം പ്രതിഷേധം നടക്കുന്ന സംസ്ഥാനമായി അസം മാറിക്കഴിഞ്ഞു. ഇന്നലെ അസമിലെ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേരാണു കൊല്ലപ്പെട്ടത്. വിഷയത്തില്‍ അസം ഇത്ര സംഘര്‍ഷഭരിതമാകുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്- അസം കരാര്‍.
അസമില്‍ അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നത്തിന് ഏറെ പഴക്കമുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ഈ വിഷയം കത്തിനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ 1950-ല്‍ കുടിയേറ്റ നിയമം (അസമില്‍ നിന്നു പുറത്താക്കല്‍) കൊണ്ടുവരുന്നത്.
തുടര്‍ന്ന് 1979 മുതല്‍ ആറുവര്‍ഷക്കാലം അനധികൃത കുടിയേറ്റക്കാരുടെ വിഷയം അസമില്‍ വിവിധ പ്രക്ഷോഭങ്ങള്‍ക്കു കാരണമായി. മംഗള്‍ദോയ് സീറ്റില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലായിരുന്നു ഇതൊക്കെയും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വോട്ടര്‍പട്ടികയില്‍ ബംഗ്ലാദേശികള്‍ അടക്കമുള്ള വിദേശികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാരോപിച്ച് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.എ.എസ്.യു) അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
1980 മുതല്‍ 1984 വരെ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ പ്രക്ഷോഭകരുമായി സംസാരിച്ചെങ്കിലും ധാരണയിലെത്താനായില്ല. അതിനു ശേഷം വന്ന രാജീവ് ഗാന്ധി സര്‍ക്കാരാണ് എ.എ.എസ്.യുവും ഓള്‍ അസം ഗണ സംഗ്രാം പരിഷദവുമായി ധാരണയിലെത്തിയത്. അതു പ്രക്ഷോഭങ്ങള്‍ക്ക് അന്ത്യം കുറിച്ചു.
ഈ ധാരണയെയാണ് അസം കരാര്‍ എന്നു പറയുന്നത്. 1985-ല്‍ സ്വാതന്ത്ര്യ ദിനത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്. അതിലെ 15 ഭാഗങ്ങള്‍ ഇങ്ങനെയാണ്:
* വിദേശികളുടെ പ്രശ്‌നങ്ങള്‍
* സാമ്പത്തിക വികസനം
* വിദേശികളുടെ സ്ഥാവര സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിലെ നിയന്ത്രണം
* സര്‍ക്കാര്‍ ഭൂമികളുടെ കൈയേറ്റം തടയല്‍
* ജനന മരണ രജിസ്‌ട്രേഷന്‍
അസം ജനതയുടെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക സ്വത്വം സംരക്ഷിക്കുന്നത് ഉറപ്പുവരുത്തുന്നതിനു വേണ്ടിയായിരുന്നു കരാര്‍.
ശ്രദ്ധിക്കേണ്ടത് അഞ്ചാം ഉപവാക്യം
അസം കരാറിലെ അഞ്ചാം ഉപവാക്യമാണ് വിദേശികളുടെ പ്രശ്‌നത്തെക്കുറിച്ചു പറയുന്നത്. അസമിലെ വിദേശികളെ തടവിലിടുന്നത്, അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്നു നീക്കം ചെയ്യുന്നത്, അവരെ നാടുകടത്തുന്നത് തുടങ്ങിയ വിഷയങ്ങളാണ് ഇതില്‍ പറയുന്നത്.
1965 ഡിസംബര്‍ 31 വരെ അസമില്‍ പ്രവേശിച്ച അനധികൃത കുടിയേറ്റക്കാര്‍ക്ക് വോട്ടിങ് അവകാശത്തോടെ പൗരത്വം നല്‍കണമെന്ന് ഇതില്‍ പറയുന്നു.