അക്കിത്തത്തെ ആരാണ് അപ്പുറത്താക്കിയത് | താഹ മാടായി
Discourse
അക്കിത്തത്തെ ആരാണ് അപ്പുറത്താക്കിയത് | താഹ മാടായി
താഹ മാടായി
Friday, 16th October 2020, 12:54 pm

എ. അയ്യപ്പനോടാണ് ചോദ്യം:
ഒ.എന്‍.വി, അക്കിത്തം ഇവരെ താരതമ്യം ചെയ്യുമ്പോള്‍ അയ്യപ്പേട്ടന് തോന്നുന്നതെന്താണ്?

അയ്യപ്പന്‍:
കവികളെ തമ്മില്‍ പിണക്കരുത്. പിണങ്ങാന്‍ കാരണം കാത്തിരിക്കുന്നവരാണ് കവികള്‍. ജാടയില്ലാത്ത കവിയാണ് അക്കിത്തം. കവി എന്ന നിലയിലുള്ള മഹത്വം അക്കിത്തത്തിന് മറ്റാരേക്കാളുമുണ്ട്. ഒരു കാലഘട്ടത്തില്‍ സോഷ്യലിസ്റ്റ് മൂല്യങ്ങളില്‍ ഉറച്ചു നിന്ന ആള്‍ തന്നെയാണ് അക്കിത്തം.

ഒ.എന്‍.വിക്ക് ജ്ഞാനപീഠം കിട്ടിയ സന്ദര്‍ഭത്തില്‍ നടത്തിയ സംഭാഷണത്തിലാണ്, ഈ ചോദ്യോത്തരങ്ങള്‍. കവികളെ താരതമ്യം ചെയ്യരുത്. രണ്ടു പേരും ഇന്നില്ല. വാക്കിന്റെ കരയില്‍ അവര്‍ ജീവിച്ചു, മരിച്ചു.

എന്നാല്‍, ഇടതുപക്ഷത്തെ വിട്ടു പോയ ഒരു കവി എന്ന നിലയില്‍ മോഹഭംഗം കലര്‍ന്ന ഒരു ഭാഷയിലാണ് ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക വൃത്തങ്ങള്‍ അക്കിത്തത്തെ കണ്ടിരുന്നത്. ഒ.എന്‍.വി യെ നേടി, അക്കിത്തത്തെ നഷ്ടപ്പെടുത്തി.

സാംസ്‌കാരിക രംഗത്തെ അധികാരം കയ്യാളേണ്ടവര്‍ തങ്ങളാണ് എന്ന ഒരു അധിക മാനം എന്നും ഇടത് സംഘടനാ പ്രവര്‍ത്തകരിലുണ്ട്. യഥാര്‍ഥത്തില്‍, അക്കിത്തത്തെ ഒരു ‘ഹിന്ദുത്വ ഫ്രെയി’മില്‍ തറച്ചിടുക വഴി, ആ കവിതകളിലേക്ക് എത്തുന്നതില്‍ ആസ്വാദകര്‍ക്ക് മുന്നില്‍ വലിയ മാര്‍ഗതടസ്സം സൃഷ്ടിക്കുകയായിരുന്നു, ഇടതുപക്ഷം.

ഒരു ശരാശരി പു.ക.സ വായനക്കാരന്‍ ഇന്നും കാണുന്നത്, അക്കിത്തം ഹിന്ദുത്വത്തിന്റെ പ്രചാരകന്‍ എന്നാണ്. പ്രഭാവര്‍മയാണോ അക്കിത്തമാണോ ഹിന്ദുത്വത്തെ കൂടുതല്‍ മികവുറ്റ രീതിയില്‍ സാംസ്‌കാരികമായി വെളുപ്പിച്ചെടുക്കുന്നത് എന്ന ചോദ്യത്തിന് നാം ഉത്തരം തേടേണ്ടതുണ്ട്.

അപ്പോള്‍, ഹിന്ദുത്വത്തിന്റെ ‘മൃദുമന്ദഹാസം’ പ്രഭാവര്‍മ്മയുടെ കവിതകളിലും കാണാം. എന്നാല്‍, ഇതൊരു കുറ്റാരോപണമല്ല. കാരണം, കവികള്‍ അധികാരം കൈയാളുന്നവരല്ല. അശോകന്‍ ചരുവിലില്‍ നിക്ഷിപ്തമായ വിപുലമായ സംഘടനാ അധികാര നിര്‍വ്വഹണങ്ങള്‍ അക്കിത്തം ഒരു മഹാകവിയായിട്ടും അനുഭവിച്ചിരുന്നില്ല.

‘തപസ്യയു’ടെ ചില പരിപാടികളില്‍ പങ്കെടുത്തു എന്നതായിരുന്നു സക്കറിയ, കുഞ്ഞുണ്ണിയിലും അക്കിത്തത്തിലും കണ്ട കുറ്റങ്ങള്‍! ഹിന്ദുത്വ സാംസ്‌കാരികതയുടെ കുപ്പായമിട്ട സംഘടനയാണ് ‘തപസ്യ’ എന്ന് ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. എന്നാല്‍, കവികള്‍ക്ക് അവരുടെ പരിപാടികളില്‍ പങ്കെടുക്കാം എന്നത് വലിയ ഒരു അപരാധമാണോ എന്നത് ഒരു ചോദ്യമാണ്.

മിക്കവാറും നമ്മുടെ ദൃശ്യ മാധ്യമങ്ങള്‍ ഹിന്ദുത്വത്തിന്റെ പ്രചരണ വേദികളാണ്. ന്യൂസ് അവറുകള്‍ മാത്രമല്ല, ചാനലുകള്‍ ഉത്പാദിപ്പിക്കുന്ന സൗന്ദര്യാനുഭൂതികള്‍ ഹിന്ദു സവര്‍ണതയെ പ്രകാശിപ്പിക്കുന്നതും പരിപോഷിപ്പിക്കുന്നതുമാണ്. എന്നാല്‍, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത് എന്നത്, പലപ്പോഴും, രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനമായിട്ടല്ലാതെ സാംസ്‌കാരിക തീരുമാനമായി വന്നിട്ടില്ല.

നമ്മുടെ ഇടത് മതേതര എഴുത്തുകാരുടെയത്ര ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് പോലും അക്കിത്തത്തെ കൊണ്ടാടിയിട്ടുമില്ല. സച്ചിദാനന്ദനോ സക്കറിയയ്‌ക്കോ കൊടുക്കുന്ന ഒരു ഇടം അക്കിത്തതത്തിന് നമ്മുടെ മുഖ്യധാരാ അച്ചടി മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ടോ? ജെ. ദേവിക, കെ.അജിത, കെ.കെ. കൊച്ച്, എന്‍.ശശിധരന്‍ തുടങ്ങിയവര്‍ പല സന്ദര്‍ഭങ്ങളിലായി രാഷ്ട്രീയ കാരണങ്ങളാല്‍ ‘മാതൃഭൂമി’ പത്ര (പത്രം എന്ന് അടിവര) ത്തിന്റെ വായന നിര്‍ത്തിയിട്ടുണ്ട്. പക്ഷെ, അശോകന്‍ ചരുവിലോ പ്രഭാവര്‍മ്മയോ മാതൃഭൂമി പത്രവായന നിര്‍ത്തിയിട്ടുണ്ടോ?

സാംസ്‌കാരികമായി മാതൃഭൂമി അടക്കമുള്ള നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ മലയാളി സവര്‍ണ ഹിന്ദു സാംസ്‌കാരികതയുടെ പ്രാതിനിധ്യമാണ് അടയാളപ്പെടുത്തുന്നത്. അതില്‍ എഴുതുന്നവരെല്ലാം, അതേ സവര്‍ണ കൊടിയടയാളം പേറുന്നവരാണ് എന്ന ധാരണകള്‍, സാംസ്‌കാരികമായി ശരിയായ ഒരു വിലയിരുത്തലാവില്ല. ആനന്ദ് മാതൃഭൂമിയില്‍ എഴുതുന്നു, മാധ്യമത്തില്‍ എഴുതുന്നില്ല. ‘മാപ്പിള മാതൃഭൂമി’ മാത്രമാണ് മാധ്യമം. മാധ്യമത്തിലെഴുതാത്ത ആനന്ദ്, ഹിന്ദു ആനന്ദ് ആണ്. അക്കിത്തമല്ല, ആനന്ദാണ് സവര്‍ണ ലിബറല്‍ ഹിന്ദു.

ദൈനംദിന ജീവിതത്തിന്റെ ഭാഗമായി വിശ്വാസത്തെ കാണുന്ന അനേകം മലയാളികളില്‍ ഒരാള്‍ മാത്രമായിരുന്നു, അക്കിത്തം. വെളിച്ചം, ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരികള്‍, മറ്റൊരു വായനയില്‍, തീവ്ര ഹിന്ദുത്വത്തിന് എതിരേയുള്ള വരികളാണ്. ഇന്ന് സംഘ് പരിവാര്‍ അഭിരമിക്കുന്ന ഭാരതീയ തറവാടിത്ത ഘോഷണത്തെ എതിര്‍ക്കുന്ന വരികളായി, ‘എന്റെയല്ലയീ കൊമ്പനാനകള്‍, മഹാക്ഷേത്രവും’ എ
ന്ന വരികള്‍ വായിച്ചെടുക്കാം.

മഹാകവികള്‍ വരികള്‍ക്കിടയില്‍ സത്യങ്ങള്‍ രഹസ്യ കോഡുകളായി അവതരിപ്പിക്കുന്നു. സ്‌നേഹത്തിന്റെ, പുഞ്ചിരിയുടെ, മാനവികതയുടെ എത്രയോ വരികള്‍ ‘പൊന്നാനിക്കളരി’യുടെ മൈത്രി മനസ്സില്‍ സൂക്ഷിച്ച അക്കിത്തത്തിന്റെ വരികളില്‍ കാണാം. ഓര്‍മകള്‍ ചിറകുള്ള ആ വാക്കില്‍ തൊടുന്നു.

താഹ മാടായിയുടെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Analysing Akkitham Achuthan Namboothiri’s political stand-Thaha Madayi writes

താഹ മാടായി
എഴുത്തുകാരന്‍