ചരിത്രത്തില്‍ ആദ്യം; ഫുട്‌ബോളില്‍ വൈറ്റ് കാര്‍ഡ് ഉപയോഗിച്ച് റഫറി
Football
ചരിത്രത്തില്‍ ആദ്യം; ഫുട്‌ബോളില്‍ വൈറ്റ് കാര്‍ഡ് ഉപയോഗിച്ച് റഫറി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 24th January 2023, 2:13 pm

ഫുട്‌ബോളില്‍ മഞ്ഞ, ചുവപ്പ് നിറത്തിലുള്ള കാര്‍ഡുകളാണ് സാധാരണ ഉപയോഗിച്ച് കാണാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം പോര്‍ച്ചുഗലില്‍ നടന്ന മത്സരത്തിനിടെ റഫറി വെള്ള നിറത്തിലുള്ള കാര്‍ഡ് ഉപയോഗിച്ചത് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഫുട്‌ബോളില്‍ വൈറ്റ് കാര്‍ഡ് കാട്ടുന്നത്.

പോര്‍ച്ചുഗലില്‍ വനിതാ കപ്പില്‍ ബെന്‍ഫിക്കയും സ്‌പോര്‍ടിങ് ലിസ്ബണും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം.

കളിയുടെ 44ാം മിനിട്ടില്‍ കളത്തിന് പുറത്തിരിക്കുകയായിരുന്ന ഒരാള്‍ തളര്‍ന്നു വീഴുകയായിരുന്നു. ഉടന്‍ തന്നെ രണ്ട് ടീമിന്റെയും മെഡിക്കല്‍ സ്റ്റാഫ്‌സ് വ്യക്തിക്കരികിലെത്തുകയും അവരെ പരിചരിക്കുകയും ചെയ്തു.

ശേഷം റഫറി കാതറീന കാമ്പോസ് രണ്ട് ടീമിലെയും മെഡിക്കല്‍ സ്റ്റാഫുകളുടെ പ്രവൃത്തിയെ പ്രശംസിച്ച് വൈറ്റ് കാര്‍ഡ് കാട്ടുകയായിരുന്നു.

കാണികളില്‍ പലര്‍ക്കും റഫറി വൈറ്റ് കാര്‍ഡ് പുറത്തെടുത്തതിന്റെ ഉദ്ദേശം ആദ്യം മനസിലായില്ലെങ്കിലും പിന്നീട് ഫുട്‌ബോളിലെ പുതിയ നിയമത്തെ കയ്യടിയോടെ സ്വീകരിക്കുകയായിരുന്നു.

കളിക്കളത്തിലെ നല്ല പ്രവര്‍ത്തികള്‍ക്ക് ഉദ്യോഗസ്ഥരെയും ക്ലബ്ബുകളെയും പ്രശംസിക്കുന്നതിനാണ് വൈറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്.

ഇവിടെ ഇരുടീമിലെയും മെഡിക്കല്‍ സ്റ്റാഫുകളെ പ്രശംസിക്കാനാണ് റഫറി വൈറ്റ് കാര്‍ഡ് കാട്ടിയത്. പോര്‍ച്ചുഗലിലെ പുതിയ ഫുട്‌ബോള്‍ നിയമങ്ങളുടെ ഭാഗമായി വന്നതാണ് വൈറ്റ് കാര്‍ഡ്.

അതേസമയം മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബെന്‍ഫിക്ക സ്‌പോര്‍ടിങ് ലിസ്ബണിനെ തോല്‍പ്പിക്കുകയായിരുന്നു.

Content Highlights: What is a white card in football? Meaning explained