| Saturday, 30th November 2013, 3:52 am

ഒരു പ്ലീനത്തിലെന്തിരിക്കുന്നു.....?

ഡൂള്‍ന്യൂസ് ഡെസ്‌ക്

അണികളെ അജ്ഞതയില്‍ നിര്‍ത്തുകയെന്നതാണു ഫാസിസ്റ്റ് പ്രവര്‍ത്തന രീതി. കമ്യൂണിസം ഫാസിസ്റ്റുകളില്‍ നിന്നും വ്യത്യസ്തമാകുന്നത് അവര്‍ അറിവു നേടുന്നുവരും ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരുമെന്നതിനാലാണു. ആ രീതി നിലനില്‍ക്കുവോളം അവരില്‍ നിന്നും ഒരു ഫാസിസ്റ്റ് നേതാവും ഉയര്‍ന്നു വരില്ല. ആ രീതി നഷ്ടമാകുന്ന നിമിഷം ഫാസിസ്റ്റു ശൈലി പാര്‍ട്ടിയെ തൊട്ടുതുടങ്ങും.


സൂചിമുന / തുന്നല്‍ക്കാരന്‍.


ഒന്ന്.

ഒരു പ്ലീനത്തില്‍ എല്ലാവരുമിരിക്കുന്നുവെന്ന് മാത്രമല്ല എല്ലാമിരിക്കുന്നുവെന്നും അര്‍ത്ഥമാക്കാം. പാര്‍ട്ടിയെ ബാധിച്ച തെറ്റുകുറ്റങ്ങള്‍ പരിശോധിക്കവേ പാര്‍ട്ടി നേതാക്കള്‍ അല്‍ഭുതപ്പെട്ടു പോയെന്നാണു വാര്‍ത്തകളില്‍ നിന്നും മനസ്സിലാവുന്നത്…

പാര്‍ട്ടിക്കാരിലെ ധാര്‍ഷ്ട്യം തിരുത്തേണ്ടതുണ്ട്. കള്ളുകുടിയന്മാരും ഭൂമാഫിയകളും ബ്ലേഡ് മാഫിയകളും പാര്‍ട്ടിയില്‍ കടന്നു കൂടി പാര്‍ട്ടിയെ മലിനമാക്കിയിരിക്കുന്നു…
പാര്‍ട്ടിയെക്കുറിച്ചും പ്രത്യയശാസ്ത്രത്തെക്കുറിച്ചും അറിവില്ലാത്തവരാണു പല സഖാക്കളും. അതിനു പ്ലീനം വരെയൊന്നും കാത്തിരിക്കേണ്ടതില്ല..

ഏതെങ്കിലും ഒരു സഖാവിനെ വിളിച്ചു നിര്‍ത്തി രണ്ട് വാക്ക് സംസാരിച്ചാല്‍ മനസ്സിലാവുന്ന കാര്യമാണു…

അന്ധവിശ്വാസത്തില്‍ നിന്നും പാര്‍ട്ടിക്കാര്‍ മാറി നില്‍ക്കണമെന്നും മതപരമായ ആചാരങ്ങള്‍ പാടില്ലെന്നുമൊക്കെ പറയുന്നു..

സ്ത്രീകള്‍ക്ക് തുല്യത നല്‍കേണ്ടതുണ്ട്. അവരെ കൂടുതലായി കമ്മറ്റികളിലേക്ക് എത്തിക്കണം. സഖാക്കള്‍ ലളിത ജീവിതത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്….

മുകളില്‍ പറഞ്ഞ കാര്യങ്ങളൊന്നും അറിവില്ലാത്തവര്‍ ആയിരുന്നില്ല നേതാക്കള്‍. എന്നാല്‍ പാര്‍ട്ടിയെ എല്ലാ നിലയിലും പിന്നോക്കം നയിക്കണം എന്നായിരുന്നു അവരുടെ മനസ്സിലിരിപ്പ് എന്നതായിരുന്നു സത്യം.

പാര്‍ട്ടിക്ലാസുകള്‍ നടത്തി പ്രത്യയശാസ്ത്രബോധമുള്ളവരാക്കി മാറ്റിയാല്‍ സഖാക്കള്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്നും അത്തരം ചോദ്യങ്ങള്‍ തങ്ങളുടെ കസേരയുടെ കാലിളക്കുമെന്നും അവര്‍ക്കറിയാമായിരുന്നു.

അണികളെ അജ്ഞതയില്‍ നിര്‍ത്തുകയെന്നതാണു ഫാസിസ്റ്റ് പ്രവര്‍ത്തന രീതി. കമ്യൂണിസം ഫാസിസ്റ്റുകളില്‍ നിന്നും വ്യത്യസ്തമാകുന്നത് അവര്‍ അറിവു നേടുന്നുവരും ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരുമെന്നതിനാലാണു. ആ രീതി നിലനില്‍ക്കുവോളം അവരില്‍ നിന്നും ഒരു ഫാസിസ്റ്റ് നേതാവും ഉയര്‍ന്നു വരില്ല. ആ രീതി നഷ്ടമാകുന്ന നിമിഷം ഫാസിസ്റ്റു ശൈലി പാര്‍ട്ടിയെ തൊട്ടുതുടങ്ങും.

രണ്ട്.

ഇത്രയും കാലവും ഇവര്‍ ആരെയായിരുന്നു പുറത്താക്കിയിരുന്നത്… ? പാര്‍ട്ടിയില്‍ എങ്ങിനെയാണു ഇത്രമാത്രം കള്ളുകുടിയന്മാരും തെമ്മാടികളും അന്ധവിശ്വാസികളും മാഫിയക്കാരും അഴിഞ്ഞാടിയത്..? ഈ നേതാക്കള്‍ എന്തു ചെയ്യുകയായിരുന്നു…?

ഫലത്തില്‍ ഈ പ്ലീനം മുന്നോട്ട് വെക്കുന്ന കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്രയും വമ്പന്‍ തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് പാര്‍ട്ടിയെ നയിച്ചവര്‍ക്ക് എന്തടിസ്ഥാനത്തിലാണു ഇനിയും അധികാരസ്ഥാനത്ത് തുടരാന്‍ കഴിയുക…?

കാലങ്ങളായി ഇവിടുത്തെ ബൂര്‍ഷ്വാമാധ്യമങ്ങള്‍ പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയെന്ന് പാര്‍ട്ടി സമ്മതിക്കുകയാണു. പാര്‍ട്ടി നിരന്തരമായ നുണകളാണു അതിന്റെ അനുയായികളോടും ജനങ്ങളോടും പറഞ്ഞുകൊണ്ടിരുന്നത്.

ഇനിയും നുണകളില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും പാര്‍ട്ടിയില്‍ നിന്നും കമ്യൂണിസ്റ്റ് മൂല്യം സൂക്ഷിക്കുന്നവരുടെ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നുവെന്നു തിരിച്ചറിഞ്ഞപ്പോള്‍…..

തങ്ങള്‍ ഇനിമുതല്‍ കള്ളന്മാരുടെയും ബ്ലേഡുമാഫിയയുടെയും തെമ്മാടികളുടെയും മാത്രം നേതാക്കളായി ഇരിക്കെണ്ടി വരുമെന്ന സത്യം തിരിച്ചറിഞ്ഞപ്പോഴുള്ള ഈ കുറ്റസമ്മതം കേവലം കാപട്യം മാത്രമാണു.

ജനങ്ങള്‍ അത്രയേറെ പാര്‍ട്ടിയില്‍ നിന്നും അകന്നകന്നു പൊയ്‌ക്കൊണ്ടേയിരിക്കുന്നു…

വെള്ളം മുഴുവന്‍ വാര്‍ന്നുപോയതിനു ശേഷം അണകെട്ടാനുള്ള നടപടി മാത്രമാണു ഈ പ്ലീനം…!

മൂന്ന്.

പാര്‍ട്ടിയുടെ കമ്യൂണിസ്റ്റ് മൂല്യത്തകര്‍ച്ചയെക്കുറിച്ച് സംസാരിച്ചവരില്‍ പലരും പാര്‍ട്ടിക്ക് പുറത്തേയ്ക്ക് പോയി. പാര്‍ട്ടിയുടെ തെറ്റ് ചുണ്ടിക്കാണിച്ച വിജയന്‍ മാഷിനെ മതിവരുവോളം വാക്കുകളാല്‍ ആക്രമിച്ചു.

പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് പറഞ്ഞ ടി.പിയെ വെട്ടിക്കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയെ പറയാവുന്ന എല്ലാ തോന്ന്യാസവും വിളിച്ചു.

പാര്‍ട്ടിക്ക് ജനങ്ങളുടെ ഇടയില്‍ ഏറ്റവും മഹനീയമായൊരു സ്ഥാനം ലഭിക്കുന്നതിനു മുന്‍ സഖാക്കള്‍ വഹിച്ച ത്യാഗോജ്ജ്വലമായ നേട്ടങ്ങളെ വിസ്മരിച്ചുകൊണ്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തിയ ഈ തെമ്മാടിത്തരത്തിനു മാപ്പ് നല്‍കാന്‍ ജനം തയ്യാറാവുമോ…?

മുറിക്കഷ്ണം…..

ഇത്രയേറെ രോഗബാധിതമായ ഒരു പാര്‍ട്ടി ശരീരം ഇനിയും എങ്ങിനെ ചികില്‍സിച്ച് ഭേദമാക്കാമെന്നാണു അതിന്റെ വൈദ്യന്മാര്‍ വിചാരിക്കുന്നത്…? ചില രോഗങ്ങള്‍ ബാധിച്ചാല്‍ ഒന്നെങ്കില്‍ ആ അവയവം മുറിച്ച് മാറ്റുകയേ നിവര്‍ത്തിയുള്ളൂ… അല്ലെങ്കില്‍ ആ രോഗത്താല്‍ രോഗി മരിച്ചുപോകും… മരിക്കുന്നില്ലെങ്കില്‍ അത് മറ്റുള്ളവരിലേക്ക് രോഗം പരത്തി നാടാകെ നശ്ശിപ്പിക്കും..!

ഇത്രയും കാലം ചികില്‍സിച്ച വൈദ്യന്മാര്‍ നല്‍കിയ കമ്യൂണിസ്റ്റ് വിരുദ്ധ മരുന്നെല്ലാം പാര്‍ട്ടി ശരീരത്തിനു ദോഷമാണു വരുത്തിയത്.. അതിനാല്‍ പുതിയ വൈദ്യന്മാരെയും കമ്യൂണിസ്റ്റ് മരുന്നും സ്വീകരിക്കുകയാണു രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം.

സൂചിമുന…..

ഒരു പേരില്‍ എന്തിരിക്കുന്നു…….? കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിളിച്ചാല്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആവണമെന്നില്ല എന്ന് ഈ പ്ലീനത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more