| Wednesday, 20th January 2021, 3:57 pm

ഇതില്‍ എവിടെയാണ് പക്ഷപാതിത്വത്തിന്റെ ചോദ്യം വരുന്നത്? ഇങ്ങനെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് കര്‍ഷക സംഘടനകളോട് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നിയോഗിച്ച സമിതിയെക്കുറിച്ച് വിശദീകരിച്ച് സുപ്രീംകോടതി. കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ സമിതിയിലെ അംഗങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും സമിതി തങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

സമിതിയിലെ അംഗങ്ങളെ നിയമിച്ചതില്‍ ഒരുതരത്തിലുള്ള പക്ഷപാതവും കാണിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

” കാര്യങ്ങള്‍ തീരുമാനിക്കാന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് ഒരു അധികാരവും നല്‍കിയിട്ടില്ല, അവര്‍ ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഇതില്‍ എവിടെയാണ് പക്ഷപാതിത്വത്തിന്റെ ചോദ്യം? നിങ്ങള്‍ക്ക് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ താല്‍പ്പര്യമില്ലെങ്കില്‍, ഹാജരാകണമെന്നില്ല, എന്നാല്‍ ഇതുപോലുള്ള ആരെയും അപകീര്‍ത്തിപ്പെടുത്തുകയോ മുദ്രകുത്തുകയോ , കോടതിയില്‍ അപവാദം ഉയര്‍ത്തുകയോ ചെയ്യരുത്,” കോടതി പറഞ്ഞു.

അതേസമയം, ജനുവരി 26 ന് ദല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ കേന്ദ്രത്തിന്റെ ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്നറിയാന്‍ ജനുവരി 25 ന് ഹരജി വീണ്ടും പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അപേക്ഷയും ജഡ്ജിമാര്‍ അപേക്ഷ തള്ളിക്കളഞ്ഞു.

പ്രതിഷേധം അനുവദിക്കുന്നതിനോ അനുവദിക്കാത്തതിനോ ഉള്ള ആദ്യത്തെ അതോറിറ്റിയായി കോടതി പ്രവര്‍ത്തിക്കുന്നത് വളരെ അനുചിതമാണെന്നും പൊലീസിനാണ് ഇതിനുള്ള അധികാരമുള്ളതെന്നും കോടതി പറഞ്ഞു.

ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ പ്രസ്താവനയെ കോടതി വിശ്വസിക്കുന്നതായും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു.

റിപബ്ലിക് ദിനത്തില്‍ നടക്കാനിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി പൊലീസ് വഴി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നേരത്തെ മാറ്റിവെച്ചിരുന്നു.

ദല്‍ഹിയിലേക്കുള്ള പ്രവേശനം ഒരു ക്രമസമാധാന പ്രശ്നമാണെന്നും അതില്‍ കോടതിക്ക് ഇടപെടാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കിയതുമാണ്.

ആര്‍ക്ക് പ്രവേശനം അനുവദിക്കണം അനുവദിക്കേണ്ട, എത്രപേരെ പ്രവേശിപ്പിക്കണം എന്നതൊക്കെ ക്രമസമാധാനത്തിന്റെ കാര്യമാണെന്നും അത് പൊലീസാണ് കൈകാര്യം ചെയ്യേണ്ടതെന്ന് നേരത്തെ ഹരജി മാറ്റിവെച്ചുകൊണ്ട് പറഞ്ഞിരുന്നു.

റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലി ദല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ മാത്രമായിരിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. ചെങ്കോട്ടയില്‍ സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: ‘What interest do we have’: Supreme Court’s clear warning on farm laws panel

We use cookies to give you the best possible experience. Learn more