Advertisement
national news
ഇത് ഇരു രാജ്യങ്ങള്‍ക്കും ഉപകാരപ്രദമല്ല; ആപ്പ് നിരോധനത്തില്‍ ഇന്ത്യയോട് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 03, 05:27 pm
Thursday, 3rd September 2020, 10:57 pm

ബീജിംഗ്: പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച ഇന്ത്യന്‍ നീക്കത്തില്‍ പ്രതികരണവുമായി ചൈന. നടപടി രണ്ടു രാജ്യങ്ങള്‍ക്കും ഒരു നേട്ടവുമുണ്ടാക്കില്ലെന്നാണ് ചൈനീസ് വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

‘ മികച്ചതും ജനപ്രിയവുമായ ചില ചൈനീസ് അപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ ഇന്ത്യന്‍ വിഭാഗം തീരുമാനിച്ചു. ഇന്ത്യന്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്കും താല്‍പര്യത്തിനും ഇത് ആദ്യം ദോഷം ചെയ്യും. ചൈനീസ് ബിസിനസ്സിന്റെ അവകാശങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും ദോഷം ചെയ്യും. അതിനാല്‍ ഇന്ത്യയുടെ നടപടി ആര്‍ക്കും പ്രയോജനകരമല്ല,’ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുയിനിംഗ് പറഞ്ഞു.

ഒപ്പം ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള സേവന ദാതാക്കള്‍ക്കും തുറന്നതും ന്യായവുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഇന്ത്യ ചൈനയോടൊപ്പം സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ പ്രതിനിധി പറഞ്ഞു.

നേരത്തെ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയരുന്ന സാഹചര്യത്തിലാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

നേരത്തെ ഇന്ത്യയുടെ നീക്കത്തെ ചൈനീസ് വാണിജ്യ മന്ത്രാലയവും വിമര്‍ശിച്ചിരുന്നു. ഇന്ത്യ തെറ്റ് തിരുത്താന്‍ തയ്യാറാകണമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചത്. ‘ഇന്ത്യയുടെ നടപടികള്‍ ചൈനീസ് നിക്ഷേപകരുടെ നിയമപരമായ സാധ്യതകള്‍ക്കും താത്പര്യങ്ങള്‍ക്കും എതിരാണ്. അതിനാല്‍ ഇന്ത്യ തെറ്റു തിരുത്തണം,’ചൈനയുടെ വാണിജ്യമന്ത്രാലയം അറിയിച്ചു.

കേന്ദ്ര ഐ.ടി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവിട്ടത്. നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആപ്പുകള്‍ നിരോധിക്കുന്ന നടപടി സ്വീകരിച്ചത്.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പറഞ്ഞത്.

നേരത്തെ ടിക് ടോക്ക് അടക്കമുള്ള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. പബ്ജിക്ക് പുറമേ നിരോധിച്ച ആപ്പുകള്‍ ഏതൊക്കെയാണെന്ന പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗെയിമുകളും ക്യാമറ ആപ്പുകളുമാണ് കൂടുതലായും ആപ്പുകളില്‍ ഉള്ളത്. ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്.

പബ്ജിക്ക് പുറമെ ബയ്ഡു, വിചാറ്റ് റീഡിങ്, ഗവണ്‍മെന്റ് വി ചാറ്റ്, സ്മാര്‍ട് ആപ്ലോക്, ആപ്ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് തുടങ്ങിയ ആപ്പുകളും നിരോധിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: ‘What India has done is not beneficial to anyone’: Beijing to india on app ban