| Tuesday, 28th June 2022, 1:59 pm

തടി ഉണ്ടെങ്കില്‍ എന്താ? നിവിന്‍ പോളിക്ക് നേരെ ഉയരുന്ന ബോഡി ഷെയിമിങ് ട്രോളുകള്‍ തമാശയല്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2010ല്‍ വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തുവന്ന മലര്‍വാടി ആര്‍ട്സ് ക്ലബിലൂടെയാണ് നിവിന്‍ പോളി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിവിന് തന്റെ സ്ഥാനം മലയാള സിനിമയില്‍ ഉറപ്പിക്കാന്‍ കഴിഞ്ഞത് കൃത്യമായി തെരഞ്ഞെടുത്ത ജനപ്രിയ ചിത്രങ്ങള്‍ കൊണ്ട് തന്നെയാണ്.

കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വാധീനമാണ് നിവിനുള്ളത്. 2019ല്‍ പുറത്തുവന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ലൗ ആക്ഷന്‍ ഡ്രാമയാണ് നിവിന്റെ അവസാനം തിയേറ്റര്‍ റിലീസായി പുറത്തുവന്ന വാണിജ്യ ചേരുവകള്‍ അടങ്ങിയ ചിത്രം. ഓണക്കാലത്ത് വലിയ വിഭാഗം പ്രേക്ഷകരെ സിനിമ തിയേറ്ററുകളില്‍ എത്തിച്ചിരുന്നു.

അതിന് ശേഷം തിയേറ്റര്‍ റിലീസായി എത്തിയ മൂത്തോന്‍ മികച്ച നിരൂപണ പ്രശംസ നേടിയിരുന്നു. നിവിന്റെ ക്യരിയറിലെ തന്നെ മികച്ച കഥാപാത്രമായിട്ടാണ് മൂത്തോനിലെ അക്ബറിനെ വിലയിരുത്തപെടുന്നത്. അതിന് ശേഷം ഒ.ടി.ടി റിലീസായി എത്തിയ കനകം കാമിനി കലഹവും ഇഷ്ടപ്പെടവര്‍ ഏറെയാണ്.

കനകം കാമിനി കലഹം ഇറങ്ങിയപ്പോള്‍ തന്നെ നിവിന്‍ പോളിയുടെ തടിച്ച ശരീരപ്രകൃതിയെ കളിയാക്കിയും, ബോഡി ഷെയിമിങ് ചെയ്തും നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിന് ശേഷം പടവെട്ട് എന്ന ഇറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴും നിവിന് നേരെ ബോഡി ഷെയിമിങ് ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

ഇപ്പോഴും നിവിന്റെ ഫോട്ടോകള്‍ ഷൂട്ടിങ് നടക്കുന്ന സിനിമകളുടെ സെറ്റില്‍ നിന്ന് പുറത്തുവരുമ്പോഴോ, നിവിനുമായുള്ള ഫോട്ടോകള്‍ ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമ്പോഴോ ഒക്കെ അങ്ങേയറ്റം മോശമായ ബോഡി ഷെയിമിങ് താരത്തിന് നേരെ ഉണ്ടാകുന്നുണ്ട്.

ഇത്തരത്തില്‍ നിവിന്‍ പോളിയുടെ ശരീരത്തെ ക്രൂശിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ തമാശയെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒരാളുടെ തടിച്ച ശരീര പ്രകൃതിയെയും, അയാള്‍ എങ്ങനെ ഇരിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കി അയാള്‍ കളിയാക്കപ്പെടാനുള്ളതാണ് എന്ന തോന്നലില്‍ നിന്നാണ് ഇത്തരം ‘തമാശ’ കള്‍ ഉണ്ടാകുന്നത്.

‘നടന്റെ കുത്തഴിഞ്ഞ ജീവിതമാണ് തടി കൂടാന്‍ കാരണം, ചക്ക പോത്ത് പോലെയായല്ലോ, തടി കൂടുന്നത് ശ്രദ്ധിക്കണം’ തുടങ്ങിയ കമന്റുകളാണ് നിവിന്റെ ഫോട്ടോകള്‍ക്ക് കൂടുതലും വരുന്നത്.

അതേസമയം നിവിന് നേരെ നടക്കുന്ന ബോഡി ഷെയിമിങ്ങും അധിക്ഷേപ വാക്കുകളും എല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളി കളയണമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ഏതൊരാളുടെ ആയാലും അവരുടെ ശരീരവും നിറവുമൊക്കെ കളിയാക്കപ്പെടാന്‍ ഉള്ളതാണെന്ന ചിന്ത പ്രാചീനമാണെന്ന് വാദിക്കുന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നുണ്ട്.

എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന മഹാവീര്യറാണ് നിവിന്റെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 21നാണ് ചിത്രം റിലീസ് ചെയ്യുക. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ -വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് നിവിന്‍ പോളിയും ആസിഫ് അലിയുമെത്തുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി-എബ്രിഡ് ഷൈന്‍ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാവീര്യര്‍.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്ര സംയോജനം -മനോജ്, ശബ്ദ മിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം -അനീസ് നാടോടി, വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്, മെല്‍വി ജെ, ചമയം -ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം -ബേബി പണിക്കര്‍.

രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങിയ തുറമുഖമാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന നിവിന്‍ പോളിയുടെ മറ്റൊരു ചിത്രം. ചിത്രം ജൂണ്‍ പത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlight : What if there in being fat  body shaming trolls rising up against Nivin Pauly is no more a joke

We use cookies to give you the best possible experience. Learn more