Kerala News
'ഡൊമിനിക് മാർട്ടിന് പകരം ഡാനിഷ് മുഹമ്മദെന്നായിരുന്നു പേരെങ്കിലോ?'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 30, 05:57 am
Monday, 30th October 2023, 11:27 am

ന്യൂദൽഹി: ആക്രമണകാരിയുടെ മതം നോക്കിയല്ല തീവ്രവാദ പ്രവർത്തനങ്ങളെ അപലപിക്കേണ്ടതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ്.

കേരളത്തിൽ സ്ഫോടനം നടന്ന് മിനിട്ടുകൾക്കകം ആരായിരിക്കും കൃത്യത്തിന് പിന്നിലെന്നത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നപ്പോൾ ഡൊമിനിക് മാർട്ടിൻ എന്നയാൾ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷം വലിയ നിശബ്ദതയാണെന്ന് സർദേശായ് എക്‌സിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ പറയുന്നു.

ഡാനിഷ് മുഹമ്മദിന് പകരം ഡൊമിനിക് മാർട്ടിൻ ആണെങ്കിൽ തീവ്രവാദത്തെ അപലപിക്കില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

’24 മണിക്കൂർ മുമ്പ്, കേരളത്തിൽ സ്ഫോടന ദുരന്തം ഉണ്ടായപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ രോഷം ഉണ്ടായി. സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് സംബന്ധിച്ച് അടിസ്ഥാനരഹിതമായ സിദ്ധാന്തങ്ങൾ പുറത്തുവന്നു.

വൈകുന്നേരം ആയപ്പോൾ ഡൊമിനിക്ക് മാർട്ടിൻ എന്നയാൾ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോൾ പിന്നെ നിശബ്ദതയായിരുന്നു. ഇത്ര നിശബ്ദത എന്തിനാണ്? ഡൊമിനിക് മാർട്ടിൻ എന്നല്ല, ഡാനിഷ് മുഹമ്മദ്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ പേരെങ്കിലോ?

ആക്രമണകാരിയുടെ മതം നോക്കി പ്രതികരിക്കാതെ എല്ലാ തരത്തിലുമുള്ള ഭീകരതയെ അസന്ദിഗ്ധമായി അപലപിക്കണം. ഇരകളുടെ കുടുംബങ്ങൾക്ക് എന്റെ പ്രാർത്ഥനകൾ,’ സർദേശായ് എക്‌സിൽ പോസ്റ്റ്‌ ചെയ്തു.

കേരളത്തിലെ സംഘപരിവാർ അനുകൂല ഓൺലൈൻ മാധ്യമങ്ങളും ബി.ജെ.പി കേന്ദ്രങ്ങൾ കൈകാര്യം ചെയ്യുന്ന സമൂഹ മാധ്യമ പ്രൊഫൈലുകളും കഴിഞ്ഞ ദിവസം വലിയ രീതിയിൽ ദുഷ്പ്രചരണങ്ങൾ നടത്തിയിരുന്നു.

പ്രതിയുടെ പേര് ഡൊമിനിക് മാർട്ടിൻ എന്നാണെന്നും ഇയാൾ യഹോവ സാക്ഷി സഭാ അംഗമാണെന്നും എ.ഡി.ജി.പി അജിത് കുമാർ വെളിപ്പെടുത്തിയതോടെ ദുഷ്പ്രചാരകർ മുമ്പിട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയും എഡിറ്റ്‌ ചെയ്യുകയും ചെയ്തു. സംഭവത്തെ ഹമാസുമായി കൂട്ടിക്കെട്ടിയവരും ഉണ്ടായിരുന്നു.

Content Highlight: What if the name was Danish Muhammed and not Dominic Martin, asks Rajdeep Sardesai