2022ല്‍ പ്രേക്ഷക പ്രീതി നേടിയെടുത്ത സൂപ്പര്‍ ഹിറ്റുകളിലൊന്നാണ് ദര്‍ശന രാജേന്ദ്രന്‍ കേന്ദ്രകഥാപാത്രമായ ജയ ജയ ജയ ജയ ഹേ. വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനവും അനീതിയും തുറന്നുകാട്ടിയ ചിത്രം കുടുംബപ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.
തിയേറ്ററിലെ ഗംഭീര പ്രകടനത്തിന് ശേഷം ചിത്രം ഒ.ടി.ടി റിലീസ് ചെയ്തിരുന്നു. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്ത ചിത്രത്തെ പറ്റിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില് നടക്കുന്നത്.
ഇതിനിടക്ക് ജയ ഹേ 90കളിലിറങ്ങിയ മലയാള ചിത്രമായിരുന്നെങ്കില്‍ എങ്ങനെയിരിക്കുമെന്നൊരു ചര്‍ച്ചയുമുണ്ട്. പൊളിറ്റിക്കല്‍ കറക്ട്‌നെസ് സജീവ ചര്‍ച്ചയായ സമയത്ത് തൊണ്ണൂറുകളിലും രണ്ടായിരങ്ങളിലും പുറത്ത് വന്ന കുടുംബചിത്രങ്ങള്‍ മുതല്‍ മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ വരെയുണ്ടായിരുന്ന സ്ത്രീവിരുദ്ധതക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. 90കളിലാണ് ജയ ഹേ ഇറങ്ങിയതെങ്കില്‍ ചിത്രം തീര്‍ച്ചയായും രാജേഷിനെ നായകനാക്കുമെന്നും ജയയെ വില്ലത്തിയാക്കുമെന്നുമാണ് കുറിപ്പിലെ സാരാംശം.
‘സ്വന്തമായി പൗള്‍ട്രി ഫാം നടത്തി നാല് പേര്‍ക്ക് ജോലി കൊടുത്ത്, അമ്മയെയും, ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞു ജീവിക്കുന്ന സഹോദരിയെയും മാന്യമായി നോക്കി ഇടിയപ്പവും കടലക്കറിയും കഴിച്ചു സമാധാനത്തോടെ ജീവിച്ചുകൊണ്ടിരുന്ന രാജേഷ് ഒരു കല്യാണം കഴിക്കുന്നു.
യൂട്യൂബ് അഡിക്ട് ആയ ഭാര്യ വന്നതോടെ ഭക്ഷണ സ്വാതന്ത്ര്യവും പോയി, നല്ല തല്ലും കിട്ടി, വീഡിയോ പുറത്തായതോടെ നാട്ടിലാകെ ചീത്തപ്പേരുമായി, കോടതിയിലും അപമാനം കൂടാതെ ബിസിനസും പൊളിയാറായി…
#ഇടിയപ്പംകടല
#രാജേഷിനൊപ്പം
#jayajayajayajayahey
#ഇരക്കൊപ്പം,’
എന്ന് പോകുന്നു കുറിപ്പ്.
ഇത്തരത്തില്‍ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില് നടക്കുന്നത്. ഇതിനൊപ്പം ദര്‍ശനയുടെ ഫൈറ്റിനും കയ്യടികള്‍ ഉയരുന്നു. ഒരാള്‍ തന്നെക്കാള്‍ ആരോഗ്യമുള്ള ആളുമായി ഫൈറ്റിന് വരുമ്പോള്‍ അല്ലെങ്കില്‍ ഒരാള്‍ ഒന്നിലധികം ആളുകളെ ഇടിക്കുമ്പോഴോ ബിഗ് ബജറ്റ് സിനിമകളില്‍ പോലും പലപ്പോഴും അവിശ്വസിനീയത തോന്നാറുണ്ടെന്നും അങ്ങനെ നോക്കുമ്പോള്‍ ജയയുടെ ഫൈറ്റിലൂടെ ദര്‍ശന ഞെട്ടിച്ചു എന്നും പ്രേക്ഷകര്‍ പറയുന്നു. ഫൈറ്റിന്റെ പെര്‍ഫെക്ഷന് വേണ്ടി വിദേശത്ത് നിന്നുമുള്ള ട്രെയ്നേഴ്സിനെ വെച്ച് പരിശീലിച്ച ദര്‍ശനയുടെ കഠിനാധ്വാനത്തിനും കയ്യടി ഉയരുന്നുണ്ട്.
Content Highlight: What If Jay jaya jaya jaya Hey is a 90s movie; Discussion on social media