നിങ്ങള്‍ ഞങ്ങളുടെ എഴുപത് വര്‍ഷത്തെ ചോദ്യം ചെയ്യുന്നു, അഞ്ചു വര്‍ഷം കൊണ്ട് നിങ്ങളെന്ത് ചെയ്‌തെന്ന് കൂടി പറയണം; മോദിയോട് പ്രിയങ്ക ഗാന്ധി
national news
നിങ്ങള്‍ ഞങ്ങളുടെ എഴുപത് വര്‍ഷത്തെ ചോദ്യം ചെയ്യുന്നു, അഞ്ചു വര്‍ഷം കൊണ്ട് നിങ്ങളെന്ത് ചെയ്‌തെന്ന് കൂടി പറയണം; മോദിയോട് പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2019, 8:09 am

മിര്‍സാപുര്‍: നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിന് മുമ്പുള്ള എഴുപത് വര്‍ഷങ്ങളെ ചോദ്യം ചെയ്യുന്ന ബി.ജെ.പി, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എന്തു ചെയ്‌തെന്നു കൂടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദിയുടെ പാര്‍ലമെന്റ് മണ്ഡലമായ വരാണസിക്കടുത്തുള്ള മിര്‍സാപുറില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

“കഴിഞ്ഞ 70 വര്‍ഷത്തെ ഭരണത്തെക്കുറിച്ചുള്ള നിങ്ങളുടെ പരാമര്‍ശങ്ങള്‍ക്ക് ഒരു പരിതിയുണ്ട്. നിങ്ങളല്ലെ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഭരിക്കുന്നത്. ആ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ നിങ്ങളെന്ത് ചെയ്തു?”- പ്രിയങ്ക ചോദിക്കുന്നു. മിര്‍സാര്‍പുറില്‍ വിദ്യാവാസിനി മാ ക്ഷേത്ര സന്ദര്‍ശനത്തിനിടെയായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം.

മോദിയുടെ ശക്തി കേന്ദ്രമായ മണ്ഡലത്തില്‍ മോദി അനുകൂല മുദ്രാവാക്യങ്ങളുയര്‍ന്നിരുന്നു പ്രിയങ്കയെ വരവേറ്റത്. എന്നാല്‍ പ്രിയങ്ക ക്ഷേത്രത്തില്‍ പ്രവേശിച്ചയുടന്‍ കോണ്‍ഗ്രസ് അണികള്‍ രാഹുല്‍ ഗാന്ധി എന്നാര്‍ത്തു വിളിക്കാന്‍ ആരംഭിച്ചു.

ക്ഷേത്ര സന്ദര്‍ശിച്ച പ്രിയങ്ക ഹസ്രത്ത് ഖ്വാജ ഇസ്മയില്‍ ചിസ്തിയുടെ ദര്‍ഗയും സന്ദര്‍ശിച്ചു. രാത്രി വരെ നീളുന്നതായിരുന്നു പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് പ്രചരണം.

നേരത്തെ പ്രിയങ്ക ഗാന്ധിയെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ കാശി ജില്ലാ മജിസ്‌ട്രേറ്റിന് കത്ത് നല്‍കിയിരുന്നു. പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാശിജില്ലാ മജിസ്‌ട്രേറ്റിന് അഭിഭാഷകരുടെ സംഘം കത്തയച്ചത്.

സനാതന ധര്‍മ്മം ഓര്‍മ്മിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുളള കത്തായിരുന്നു അഭിഭാഷകര്‍ നല്‍കിയത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെ മോദിയുടെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് പ്രിയങ്ക നടത്തുന്നത്.

പ്രസംഗങ്ങളെക്കാള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതിനായാണ് ഈ യാത്രയെന്നും പ്രിയങ്ക പറഞ്ഞിരുന്നു.