ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് അവസരം നല്‍കിയ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലക്കെതിരെ പ്രതികരണവുമായി മുതിര്‍ന് അഭിഭാഷകന്‍ രാം ജഠ്മലാനി.
ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറുടെ അടുത്ത് എന്ത് തന്നെ പോയി പറഞ്ഞാലും ഇങ്ങനെയൊരു ബുദ്ധിശൂന്യത അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് ജഠ്മലാനി പ്രതികരിച്ചു.
ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുക വഴി അഴിമതിക്കുള്ള അവസരം ഗവര്‍ണര്‍ തന്നെ ഒരുക്കിക്കൊടുത്തിരിക്കുകയാണെന്നും ജഠ്മലാനി കുറ്റപ്പെടുത്തി. സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ജഠ്മലാനി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ ബി.ജെ.പിക്ക് അനുവദിച്ചിരിക്കുന്നത്. ഒരു സര്‍ക്കാരിനു നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എത്ര ദിവസത്തെ സമയം നല്‍കാമെന്നതു രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും വിവേചനാധികാരമാണെങ്കിലും എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കണം എന്നാണ് മുന്‍പ് പല കേസുകളിലും സുപ്രീംകോടതി പറഞ്ഞിരുന്നത്.
കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ ബി.ജെ.പി സഖ്യകക്ഷികളുമായിച്ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കാന്‍ ഗവര്‍ണര്‍ മൃദുലാ സിന്‍ഹയ്ക്കു കത്തു നല്‍കി.
തുടര്‍ന്ന് ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും മനോഹര്‍ പരീക്കറെ മുഖ്യമന്ത്രിയായി നിയമിക്കുകയുമായിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തി.
2017 മാര്‍ച്ച് 12നായിരുന്നു പരീക്കറെ നിയമിച്ചത്. 16ാം തീയതി തന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്നാണ് അന്ന് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ആര്‍.കെ. അഗര്‍വാള്‍ എന്നിവര്‍ വിധിച്ചത്.
ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും സമാന സ്ഥിതി വന്നപ്പോഴും എത്രയും വേഗം സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്നാണു സുപ്രീംകോടതി ഉത്തരവിട്ടത്.