എസ്.സി-എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എന്ത് ചെയ്തു? യു.ജി.സിയോട് സുപ്രീം കോടതി
national news
എസ്.സി-എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എന്ത് ചെയ്തു? യു.ജി.സിയോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th July 2023, 8:20 pm

ന്യൂദല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിന് എന്തൊക്കെയാണ് ചെയ്തതെന്ന് യു.ജി.സിയോട് ചോദിച്ച് സുപ്രീം കോടതി. വളരെ ഗൗരവുള്ള വിഷയമാണിതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ജാതി വിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടേയും പായല്‍ തദ്‌വിയുടെയും അമ്മമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു.

രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും പായല്‍ തദ്‌വിയുടെ മാതാവ് അബേദ സലീം തദ്‌വിയമാണ് ഹരജി നല്‍കിയത്.

‘ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. ഈ പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാനാണ് നിങ്ങള്‍ കരുതുന്നത്. ഈ പരാതികള്‍ക്കൊക്കെ നിങ്ങള്‍ എന്ത് നടപടികളാണെടുക്കുന്നത്. യു.ജി.സി ചില ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അത് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആവശ്യമാണ്.

ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമുള്ള നടപടികളാണെടുക്കേണ്ടത്,’ യു.ജി.സിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് കോടതി പറഞ്ഞു.

ആവശ്യമെങ്കില്‍ ഹരജിക്കാരുടെ അഭിഭാഷകരോടും കൂടി ആലോചിക്കാമെന്ന് ജസ്റ്റിസ് ബൊപ്പണ്ണ യു.ജി.സിയോട് പറഞ്ഞു. എസ്.സി. എസ്.ടി. വിദ്യാര്‍ത്ഥികളെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ജസ്റ്റിസ് എം.എം. സുന്ദരേശും ചോദിച്ചു.

‘മുഖ്യധാരയിലേക്ക് വരാന്‍ നിങ്ങള്‍ അവരെ എങ്ങനെയാണ് സഹായിക്കുന്നത്? അവര്‍ വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ്. പല സാഹചര്യങ്ങള്‍ കൊണ്ട് ചിലര്‍ പഠനം ഉപേക്ഷിക്കാം. ചിലര്‍ക്ക് നന്നായി പഠിക്കാന്‍ സാധിച്ചെന്നും വരില്ല,’ അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടികള്‍ വളരെ ആലോചിച്ച് ചെയ്താല്‍ നന്നായിരിക്കുമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് പറഞ്ഞു. ക്യാമ്പസുകളിലെ ജാതി വിവേചനത്തെക്കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാന്‍ 2012ല്‍ യു.ജി.സി രൂപീകരിച്ച ഇക്വിറ്റി ചട്ടങ്ങള്‍ അപര്യാപ്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി

2016 ജനുവരി 17നാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. മുംബൈയിലെ ടോപിവാല നാഷണല്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ പായല്‍ തദ്‌വിയെ 2019 മെയ് 22നാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തിനിരകളായിരുന്നു.

content highlights: What has been done for SC-ST students? Supreme Court to UGC