DISCOURSE
ഉറൂസ് എഴുന്നള്ളത്തില്‍ 'ഹമാസ്' ആനപ്പുറത്ത് കയറുമ്പോള്‍ കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്
മുജീബ് റഹ്മാന്‍ കിനാലൂര്‍
2025 Mar 02, 10:29 am
Sunday, 2nd March 2025, 3:59 pm
കേരളത്തിലെ ഇസ്‌ലാമിസ്റ്റ് സംഘടനക്ക്, തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുത്ത് നേട്ടമുണ്ടാക്കുക എന്നത് ഇന്നും വിദൂര സ്വപ്‌നമാണ്. എന്തൊക്കെ വ്യാഖ്യാനങ്ങള്‍ നടത്തിയാലും 'മതരാഷ്ട്രം' അതിന്റെ രൂപീകരണ ലക്ഷ്യമായിരിക്കുവോളം ഇന്ത്യയില്‍ അത് പച്ച തൊടാന്‍ പോകുന്നില്ല; കേരളത്തില്‍ പ്രത്യേകിച്ചും. എങ്കിലും, കേരളത്തിലെ മുസ്‌ലിം സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക അഭിപ്രായ രൂപീകരണ ശക്തിയായി മാറുക എന്ന ഇസ്‌ലാമിസ്റ്റുകളുടെ ലക്ഷ്യം ഏറെക്കുറെ യാഥാര്‍ത്ഥ്യമാകുന്നുണ്ട് എന്ന് അവര്‍ക്ക് അഭിമാനിക്കാം. തൃത്താലയിലെ ആന എഴുന്നള്ളത്ത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

തൃത്താലയില്‍ നടന്ന ഉറൂസ് ഘോഷയാത്രയില്‍ നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്ത് ഹമാസ് നേതാക്കളുടെ പടം എഴുന്നള്ളിച്ചത് വലിയ വിവാദമാകുകയുണ്ടായി. ഹമാസ് നേതാക്കളായ ഇസ്മായില്‍ ഹനിയ്യ, യഹിയ സിന്‍വാര്‍, ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റുള്ള എന്നീ യശശ്ശരീരരായ പോരാളികളുടെ ചിത്രമാണ് എഴുന്നള്ളിച്ചത്.

വളരെ പ്രാദേശികമായ ഒരു ഉറൂസ് ചടങ്ങിന്റെ വാര്‍ത്ത, ഈ സംഭവത്തോടെ ദേശീയ മാധ്യമങ്ങള്‍ പോലും ഏറ്റെടുക്കുകയുണ്ടായി. കേരളത്തിലെ ഹിന്ദുത്വ സംഘടനകള്‍, കേരളം ‘ഭീകരവാദികളുടെ’ താവളമാകുന്നേ എന്ന പതിവ് മുറവിളിക്ക് എരിവ് കൂട്ടാന്‍ ഈ സംഭവം ഏറ്റുപിടിക്കുകയും ചെയ്തു.

തൃത്താല ഉറൂസ് എഴുന്നള്ളത്തിന്റെ ഭാഗമായ ഘോഷയാത്ര പ്രദേശത്തെ ചെറുപ്പക്കാന്‍ പണം പിരിച്ച് നടത്തുകയാണ് ചെയ്യാറുള്ളത് എന്നാണു അറിയാന്‍ കഴിഞ്ഞത്. അതിന്ന് പള്ളിയുമായോ ഉല്‍സവ കമ്മറ്റിയുമായോ നേരിട്ട് ബന്ധമില്ലത്രെ. നേരത്തെ സിനിമാ താരങ്ങളുടെ ചിത്രങ്ങളും സദ്ദാം ഹുസൈനെ പോലുള്ള നേതാക്കളുടെ ചിത്രവുമൊക്കെ ഇങ്ങനെ എഴുന്നള്ളിച്ചിട്ടുണ്ട്. തറവാടികള്‍ തെക്കേ ഭാഗം, മിന്നല്‍പട പവര്‍ തെക്കേഭാഗം എന്നീ യുവാക്കളുടെ ഗ്രൂപ്പുകളാണ് ഹമാസ് നേതാക്കളുടെ ചിത്രം എഴുന്നള്ളിച്ചത്.

ഒരു പോരാട്ട മുഖത്ത് ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ എല്ലാവരും അതിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല.

വാസ്തവത്തില്‍ ഈ ചെറുപ്പക്കാര്‍, ഹമാസ്, ഹിസ്ബുള്ള എന്നീ സംഘടനകളെ കുറിച്ചോ അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ കുറിച്ചോ വലിയ അറിവുള്ളവര്‍ ആകാന്‍ ഇടയില്ല. ഫലസ്തീന്ന് വേണ്ടി രക്തസാക്ഷികളായ, ഇസ്രഈല്‍ വിരുദ്ധ ചേരിയുടെ നേതാക്കള്‍ എന്ന നിലയിലാകണം അവര്‍ സാവേശം ഹമാസ് നേതാക്കളെ ആനപ്പുറത്തേറ്റിയത്.

നേരത്തെ ഇസ്മായില്‍ ഹനിയ്യയും യഹിയ സിന്‍വാറും കൊല്ലപ്പെട്ടപ്പോള്‍ കേരളത്തില്‍ പ്രതിഷേധ പ്രകടനങ്ങളും മയ്യിത്ത് നമസ്‌കാരവുമെല്ലാം നടന്നിട്ടുണ്ട്. അതൊക്കെ സംഘടിപ്പിച്ചത് ജമാഅത്തെ ഇസ്ലാമി ആയിരുന്നു.

ഇസ്രഈലും അതിനെ പിന്തുണയ്ക്കുന്ന ലോകരാജ്യങ്ങളും ഹമാസിനെ ഭീകരവാദ പ്രസ്ഥാനം എന്നാണു വിശേഷിപ്പിക്കാറുള്ളത്. പതിറ്റാണ്ടുകളായി വെട്ടിപ്പിടിച്ച് കയ്യേറി, ഫലസ്തീന്‍ രാജ്യത്ത് ഏതാണ്ട് സമ്പൂര്‍ണ്ണമായി അധിനിവേശം സ്ഥാപിക്കുകയും ആ ജനതയെ തുറന്ന ജയിലില്‍ അടക്കുകയും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള സിവിലിയന്മാര്‍ക്കെതിരെ കൊടിയ ക്രൂരതകള്‍ ചെയ്യുകയും അനുദിനം കൂട്ടക്കുരുതി തുടരുകയും ചെയ്യുന്ന ഇസ്രഈലിനെ കഴിയുന്ന വിധത്തില്‍ ചെറുക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഹമാസിനെ ‘ഭീകരര്‍’ എന്ന് വിശേഷിപ്പിക്കാനുള്ള കാരണം.

കൊടിയ ഭീകര രാഷ്ട്രമായ ഇസ്രഈലിനോട് സോഫ്റ്റ് കോര്‍ണ്ണര്‍ കാണിക്കുന്ന ഹിന്ദുത്വ ശക്തികള്‍, ഹമാസിന് ഭീകരമുദ്ര ചാര്‍ത്തുന്നത് ഒന്നാന്തരം കോമഡി തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രിയത്തിന്റെ അന്തര്‍ധാരകളും ഒളിയജണ്ടകളും അറിയാവുന്നവര്‍ അത് ഗൗരവമായി എടുക്കുന്നില്ല.

ഫലസ്തീന്‍ ജനതയെ വംശീയ ഉന്മൂലനം നടത്താന്‍ ഇസ്രഈല്‍ എന്ന ഭീകര രാജ്യം ശ്രമിക്കുമ്പോള്‍, അതിനെതിരെ ആവുന്നത് ചെയ്യുന്ന ഫലസ്തീനികള്‍ ആരായാലും പിന്തുണക്കുക എന്നതാണ് പൊതുവില്‍ സ്വീകരിച്ച് കാണുന്ന നിലപാട്. മാര്‍ക്സിസ്റ്റുകള്‍ പോലും ഹമാസിനോട് ആ നിലപാടാണ് സ്വീകരിക്കുന്നത്.

നേരത്തെ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തെ കഠിനമായി എതിര്‍ത്തിരുന്ന കേരളത്തിലെ പാരമ്പര്യ മുസ്‌ലിം സംഘടനകളും മുജാഹിദ് സംഘടനകളും ഇപ്പോള്‍ എതിര്‍പ്പിന്റെ ശക്തി കുറച്ചതായി കാണാം.

ഒരു പോരാട്ട മുഖത്ത് ഹമാസിനെ പിന്തുണയ്ക്കുന്നവര്‍ എല്ലാവരും അതിന്റെ രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല. ആഗോള ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഹമാസ് എന്നത് ഒരു രഹസ്യമല്ല. ഇസ്‌ലാമിക് ബ്രദര്‍ഹുഡിന്റെ മിലിറ്റന്റ് വിഭാഗമാണ് ഹമാസ്. ഹിസ്ബുള്ള ആകട്ടെ ഒരു ശിആ ഇസ്‌ലാമിസ്റ്റ് സംഘടനയാണ്.

ലോകത്തെ ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ മാത്രമേ ഇത്തരം സംഘടനകളെ ആശയപരമായി പിന്തുണയ്ക്കുന്നുള്ളൂ. കേരളത്തിലാകട്ടെ, ജമാഅത്തെ ഇസ്‌ലാമി മാത്രമെ ഹമാസിനെ ആശയപരവും സൈദ്ധാന്തികവുമായി പിന്തുണയ്ക്കുന്നുള്ളൂ.

ഉറൂസ് ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ എഴുന്നള്ളിച്ച വിവാദത്തില്‍, ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു വശമുണ്ട്. കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി ഇന്നോളം ഉറൂസ് ഉത്സവങ്ങളെ ‘അനിസ്‌ലാമികമായാണ്’ കാണുന്നത് എന്നതാണത്.

പാരമ്പര്യ മുസ്‌ലിങ്ങളാണ്‌ ദര്‍ഗകളില്‍ പ്രാര്‍ത്ഥന നടത്തുകയും അവിടെ ഉത്സവങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുള്ളത്. മുജാഹിദ്-സലഫി, ജമാഅത്തെ ഇസ്‌ലാമി വിഭാഗങ്ങള്‍ അത്തരം ആചാരങ്ങള്‍ മത വിരുദ്ധവും അനാചാരവുമാണെന്നാണ് എന്ന നിലപാട് സ്വീകരിക്കുന്നവരാണ്.

ആശയപരമായി വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന പാരമ്പര്യ വാദികളുടെ ഉറൂസില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഇടം ലഭിക്കുന്നു എന്നത് തീര്‍ത്തും പുതിയ ഒരു പ്രവണതയാണ്. ഇത് രാഷ്ട്രീയമായി പ്രാധാന്യമര്‍ഹിക്കുന്ന വിഷയം കൂടിയാണ്. ഈ ഒരു സംഭവത്തില്‍ മാത്രമല്ല കഴിഞ്ഞ കുറച്ച് കാലമായി ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങളില്‍ ‘ഇസ്‌ലാമിസ്റ്റ്’ ആഖ്യാനങ്ങള്‍ക്ക് കേരളത്തിലെ മുസ്‌ലിം ബഹുജനങ്ങളില്‍ സ്വീകാര്യത ഉണ്ടാകുന്നു എന്നത് ഒരു വസ്തുതയാണ്.

An article written in Panakkad Sadikhali Thangal Chandrika titled Jumu'ah at Ayasofia

അയാസോഫിയയിലെ ജുമുഅ എന്ന തലക്കെട്ടില്‍ പാണക്കാട് സാദിഖലി തങ്ങള്‍ ചന്ദ്രികയിലെഴുതിയ ലേഖനം

കുറച്ച് മുമ്പ് തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളി വിവാദത്തില്‍ ഇടപെട്ട് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ എഴുതിയ ലേഖനം കൃത്യമായ ഇസ്‌ലാമിസ്റ്റ് ആഖ്യാനമായിരുന്നു എന്ന് വിവാദമുയര്‍ന്നിരുന്നു.

നേരത്തെ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തെ കഠിനമായി എതിര്‍ത്തിരുന്ന കേരളത്തിലെ പാരമ്പര്യ മുസ്‌ലിം സംഘടനകളും മുജാഹിദ് സംഘടനകളും ഇപ്പോള്‍ എതിര്‍പ്പിന്റെ ശക്തി കുറച്ചതായി കാണാം. അതിന്ന് പല കാരണങ്ങള്‍ നിരീക്ഷിക്കാം.

ഒരേ സമയം സമസ്തയുടെയും ലീഗിന്റെയും നേതാക്കളുമായി പ്രവര്‍ത്തിക്കുന്ന പാണക്കാട് തങ്ങള്‍ കുടുംബത്തെ സംബന്ധിച്ച് വല്ലാത്ത വെല്ലുവിളികളാണ് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്.

ഒന്നാമത്തേത്, ആഗോള തലത്തില്‍ വലതുപക്ഷ രാഷ്ട്രീയം പിടിമുറുക്കുകയും അവര്‍ ഇസ്‌ലാമോഫോബിയയുടെ കുഴലൂത്തുകാരായി മാറുകയും ചെയ്തിരിക്കുന്നു എന്നതാണ്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ പാശ്ചാത്യ, വന്‍കിട രാജ്യങ്ങള്‍ സ്വീകരിക്കുന്ന ഇസ്രഈല്‍ അനുകൂല നിലപാടാണ് മറ്റൊന്ന്. ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന സംഘപരിവാരം തുടരുന്ന അങ്ങേയറ്റത്തെ മുസ്‌ലിം വിരുദ്ധ, മതേതര വിരുദ്ധ നിലപാടാണ് അടുത്തത്.

ഈ രാഷ്ട്രീയ സാഹചര്യങ്ങള്‍, മുസ്‌ലിങ്ങളെ രാഷ്ട്രീയമായി ഐക്യപ്പെടാന്‍ പ്രേരിപ്പിക്കുന്നു. ഉന്മൂലന ഭീഷണി നേരിടുന്ന ഘട്ടത്തില്‍ ആശയപരമായ ഭിന്നതകള്‍ക്ക് മുന്‍ഗണന നഷ്ടപ്പെടും എന്നത് ലളിതമായി മനസ്സിലാക്കാവുന്നതേയുള്ളൂ.

കേരളത്തില്‍ ആണെങ്കില്‍ ഈ ഘടകങ്ങള്‍ക്ക് പുറമെ, സവിശേഷമായ രാഷ്ട്രീയ ബലതന്ത്രവും കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇടതുപക്ഷത്തോട് ആഭിമുഖ്യം കാണിക്കുകയും തെരഞ്ഞെടുപ്പുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു നല്‍കുകയും തങ്ങളുടെ മാധ്യമങ്ങള്‍ ഉപയോഗിച്ച് കേരളത്തിലെ മുസ്‌ലിങ്ങളില്‍ ഇടത് അനുകൂല അഭിപ്രായ രൂപീകരണം നടത്താന്‍ സഹായിക്കുകയും ചെയ്ത ജമാഅത്തെ ഇസ്‌ലാമി, ഏതാണ്ട് പൂര്‍ണ്ണമായും ഇടതു വിരുദ്ധ ചേരിയിലേക്ക് മാറിയതോടെ കേരളത്തിലെ മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പരമ്പരാഗത മുസ്‌ലിം സംഘടനകള്‍ ‘ഇസ്‌ലാമിസ്റ്റ്’ ആശയങ്ങളോട് ഒരു അപ്രഖ്യാപിത വെടി നിര്‍ത്തല്‍ സമീപനം കൈകൊണ്ടതായി കാണാം.

കെ.എം. ഷാജി, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍

മുസ്‌ലിം ലീഗിലെ യുവ പ്രഭാഷകരില്‍ മുമ്പ് കടുത്ത ഭാഷയില്‍ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ചവര്‍ ഇന്ന് കളം മാറിയിട്ടുണ്ട്. പകരം, കേരള മുസ്‌ലിങ്ങളില്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്ന ‘റിബല്‍’ പരിവേഷം ഉപേക്ഷിച്ച് മുസ്‌ലിം ജന സാമാന്യത്തോടൊപ്പം നില്‍ക്കുക എന്ന നിലപാടിലേക്ക് ജമാഅത്തെ ഇസ്‌ലാമിയും മാറിയിട്ടുണ്ട്.

യു.ഡി.എഫിനെ നിര്‍ബാധം പിന്തുണക്കുന്ന നിലപാടിലേക്ക് ജമാഅത്തെ ഇസ്‌ലാമി മാറിയതോടെ, അവര്‍ക്കെതിരിലുള്ള സി.പി.ഐ.എം ആക്രമണം കടുത്തു. ജമാഅത്ത്- സി.പി.ഐ.എം പോര് ഇടക്കിടെ വലിയ വിവാദമായി കൊണ്ടിരിക്കുന്നു. യു.ഡി.എഫ് ആകട്ടെ, ഇസ്ലാമിസ്റ്റ് രാഷ്ട്രിയത്തോട് അനുഭാവം കാണിക്കാനും തുടങ്ങി. മെക്ക് 7 വിവാദം ഉള്‍പ്പെടെ ജമാഅത്ത് പ്രതിയാക്കപ്പെടുമ്പോള്‍ യു.ഡി.എഫ് രക്ഷകരായി ചാനലുകളില്‍ വരുന്നത് നാം കാണുന്നു.

ഇപ്പോള്‍ സമസ്തയില്‍ നടക്കുന്ന പൊട്ടിത്തെറിയിലും, ആ സംഘടനയിലെ ഒരു വിഭാഗത്തിനും മുസ്‌ലിം ലീഗിനുമുള്ള ജമാഅത്തെ ഇസ്‌ലാമി അനുഭാവം പ്രധാനമാണ്. സമസ്ത ഇ.കെ വിഭാഗത്തിലെ ഒരു വിഭാഗവും എ.പി വിഭാഗവും, ലീഗ് നേതാക്കള്‍ ജമാഅത്ത് പരിപാടികളില്‍ പങ്കെടുക്കുന്നതിന്ന് എതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വരാന്‍ തുടങ്ങിയിരിക്കുന്നു.

സംഘടിത സകാത്ത് വലിയ വിഷയമാക്കി കാന്തപുരം വിഭാഗം ഉയര്‍ത്തി കൊണ്ടു വന്നത്, ജമാഅത്തിന്റെ ബൈത്തുസകാത്ത് പരിപാടിയില്‍ പാണക്കാട് മുനവ്വറലി തങ്ങള്‍ പങ്കെടുത്തതിലുള്ള അമര്‍ഷത്തിന്റെ ഭാഗമായാണ്. ഒരേ സമയം സമസ്തയുടെയും ലീഗിന്റെയും നേതാക്കളുമായി പ്രവര്‍ത്തിക്കുന്ന പാണക്കാട് തങ്ങള്‍ കുടുംബത്തെ സംബന്ധിച്ച് വല്ലാത്ത വെല്ലുവിളികളാണ് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്. പാരമ്പര്യവാദികളെയും ഇസ്‌ലാമിസ്റ്റുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നത് എളുപ്പമുള്ള കാര്യമല്ല.

Panakkad Munawwarali Thangal participates in Jamaat-e-Islami's Baitusakat campaign

ജമാഅത്തെ ഇസ്‌ലാമിയുടെ ബൈത്തുസകാത്ത് ക്യാമ്പയിനില്‍ പങ്കെടുക്കുന്ന പാണക്കാട് മുനവ്വറലി തങ്ങള്‍

കേരളത്തിലെ ഇസ്‌ലാമിസ്റ്റ് സംഘടനക്ക്, തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കെടുത്ത് നേട്ടമുണ്ടാക്കുക എന്നത് ഇന്നും വിദൂര സ്വപ്‌നമാണ്. എന്തൊക്കെ വ്യാഖ്യാനങ്ങള്‍ നടത്തിയാലും ‘മതരാഷ്ട്രം’ അതിന്റെ രൂപീകരണ ലക്ഷ്യമായിരിക്കുവോളം ഇന്ത്യയില്‍ അത് പച്ച തൊടാന്‍ പോകുന്നില്ല; കേരളത്തില്‍ പ്രത്യേകിച്ചും.

എങ്കിലും, കേരളത്തിലെ മുസ്‌ലിം സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക അഭിപ്രായ രൂപീകരണ ശക്തിയായി മാറുക എന്ന ഇസ്‌ലാമിസ്റ്റുകളുടെ ലക്ഷ്യം ഏറെക്കുറെ യാഥാര്‍ത്ഥ്യമാകുന്നുണ്ട് എന്ന് അവര്‍ക്ക് അഭിമാനിക്കാം.

തൃത്താലയിലെ ആന എഴുന്നള്ളത്ത് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മാധ്യമ രംഗത്തും ബൗദ്ധിക രംഗങ്ങളിലും കേരളത്തിലെ ഇസ്‌ലാമിന്റെ പ്രാതിനിധ്യം നേടിയെടുക്കാന്‍ ഏറെക്കുറെ ജമാഅത്തെ ഇസ്‌ലാമിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതുതിരിച്ചറിയുന്നവരാണ് ഇപ്പോള്‍ സമസ്തയിലും ലീഗിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.

കേരളത്തിലെ പ്രധാന മത സംഘടനകള്‍ പ്രാദേശികമായി രൂപം കൊണ്ടതും വളര്‍ന്നതുമാണ്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ തലത്തില്‍ രൂപീകരിക്കപ്പെട്ട ഒരു സംഘടനയാണ്. അതിന് കേന്ദ്ര കമ്മറ്റിയും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ശാഖകളുമുണ്ട്.

ജമാഅത്തെ ഇസ്‌ലാമി പോലും നിനച്ചിരിക്കാതെയാണ് ആനപ്പുറത്ത് കയറി ‘ഹമാസ്’ കടന്നു വരുന്നത്!

ഇന്ത്യക്ക് പുറമെ ഇതേ പേരില്‍ തന്നെ, പാകിസ്ഥാനിലും ബംഗ്ലാദേശിലും ആസാദി കശ്മീരിലുമെല്ലാം ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ മറ്റ് പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിസ്റ്റ് സംഘടനകളും ഉണ്ട്. അവയുടെ എല്ലാം ലക്ഷ്യം ഒന്നു തന്നെയാണ്. അതുകൊണ്ട് അവയുടെ നയ നിലപാടുകളില്‍ ഒരു ഐകരൂപ്യം കാണാം. മാത്രമല്ല, ഇസ്‌ലാമിസ്റ്റ് സൈദ്ധാന്തികരെയും പണ്ഡിതന്മാരെയും നേതാക്കളുയുമെല്ലാം ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഇസ്‌ലാമിസ്റ്റുകളും സാമാന്യമായി അംഗീകരിക്കുകയും ചെയ്യും.

കേരളത്തില്‍ നിലവിലുള്ള, പാന്‍ ഇസ്‌ലാമിസ്റ്റ് സംഘടന ജമാഅത്തെ ഇസ്‌ലാമി മാത്രമാണെന്നതാണ് വസ്തുത. എന്നാല്‍ പില്‍ക്കാലത്ത് ഗള്‍ഫ് പ്രവാസത്തിന്റെയും മറ്റ് സാഹചര്യങ്ങളുടെയും ഫലമായി കേരളത്തിലെ ചില സംഘടനകള്‍ക്ക് ബാഹ്യസംഘടകളുമായി അഫ്‌ലിയേഷന്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ മുജാഹിദ് സംഘടനക്ക് ഗള്‍ഫില്‍ വേരുകളുള്ള വഹാബി- സലഫി സംഘടനകളുമായുണ്ടായ അഫ്‌ലിയേഷന്‍ ഉദാഹരണം.

ഗള്‍ഫ് സലഫിസ്റ്റ് സംഘടനകളുടെ സാമ്പത്തിക സഹായം പ്രതീക്ഷിച്ച് തുടങ്ങിയ ഈ അഫ്‌ലിയേഷന്‍ പിന്നീട് കേരളത്തിലെ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നിടത്തേക്ക് കൂടി വളര്‍ന്നതോടെ മുജാഹിദ് സംഘടനയില്‍ കടുത്ത ആശയ പ്രതിസന്ധി രൂപപ്പെട്ടു. പ്രാദേശിക സാഹചര്യങ്ങളോട് പ്രതികരിക്കുന്നത് സംബന്ധമായ ആശയ വൈരുധ്യങ്ങള്‍ മൂര്‍ച്ഛിച്ചു. അതോടെ ആ സംഘടന പല കഷ്ണങ്ങളായി പിളരുക ആയിരുന്നു.

kanthapuram ap aboobacker musliyar

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍

എന്നാല്‍ സമസ്ത സുന്നി സംഘടനകള്‍ക്ക് വലിയ തോതിലുള്ള ബാഹ്യബന്ധങ്ങള്‍ ഉണ്ടായില്ലെങ്കിലും സാമ്പത്തികവും രാഷ്ട്രീയവുമായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അടുത്ത കാലത്ത് ലോകത്തെ വിവിധ മുസ്‌ലിം സംഘടനകളുമായി അവരും അഫ്‌ലിയേഷന്‍ ഉണ്ടാക്കിട്ടുണ്ട്. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇക്കാര്യത്തില്‍ മുന്നില്‍. അദ്ദേഹത്തിന്റെ ‘ഗ്രാന്റ് മുഫ്തി’ പട്ടമൊക്കെ അതിന്റെ ഫലമാണ്.

പാരമ്പര്യവാദികളെയും ഇസ്‌ലാമിസ്റ്റുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നത് എളുപ്പമുള്ള കാര്യമല്ല.

അന്തര്‍ദേശീയ, ദേശീയ വിഷയങ്ങളില്‍ പ്രാദേശിക സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തു കൊണ്ട് നയനിലപാടുകള്‍ സ്വീകരിക്കുന്ന രീതിയാണ് ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ ഒഴികെയുള്ള കേരളത്തിലെ മത സമുദായ സംഘടനകള്‍ സ്വീകരിക്കാറുള്ളത്. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ്, പ്രാദേശികമായ രാഷ്ട്രീയ സാഹചര്യങ്ങള്‍, ഇവിടെ നില നില്‍ക്കുന്ന സെക്യുലര്‍, ബഹുസ്വര സാമൂഹിക സംവിധാനം ഇതൊക്കെ അതില്‍ പ്രധാനമാണ്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഘട്ടത്തില്‍, കോണ്‍ഗ്രസ് നയിക്കുന്ന  ഭരണത്തില്‍ പങ്കാളിയായിരുന്ന മുസ്‌ലിം ലീഗ് ഭരണമോ മുന്നണിയോ വിട്ടില്ല എന്നതും ലീഗിനെ പ്രമുഖ സംഘടനകള്‍ ഒന്നിച്ച് പിന്തുണച്ചു എന്നതും ഓര്‍ക്കുക. അന്ന് ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചതും ലീഗ് പിളര്‍ന്നുണ്ടായ ഐ.എന്‍.എല്ലിനെ പിന്തുണച്ചതും ജമാഅത്തെ ഇസ്‌ലാമി ആയിരുന്നു. എന്നാല്‍ പിന്നീട് ആരാണ് അതിജീവിച്ചത് എന്ന് ചരിത്രം.

ഹാഗിയ സോഫിയ ആകട്ടെ, തുര്‍ക്കി രാഷ്ട്രീയം ആകട്ടെ, മിഡില്‍ ഈസ്റ്റ് പൊളിറ്റിക്‌സ് ആകട്ടെ അതിലൊക്കെ പാന്‍ ഇസ്‌ലാമിക് വീക്ഷണം പുലര്‍ത്തുന്ന, സെക്യുലര്‍ ഇതര നിലപാട് പുലര്‍ത്തുന്ന ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ നരേറ്റീവുകളെ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ പിന്തുടരുന്നത് കേരളത്തിന്റെ സാമുദായിക സന്തുലനത്തെ എങ്ങനെ ബാധിക്കും എന്ന് വിചിന്തനം നടത്തേണ്ടതുണ്ട്.

ഒരു ഭാഗത്ത് വര്‍ഗീയ വിഭജനം നടത്താനുള്ള തക്കം പാത്ത് സംഘപരിവാരവും മറു വശത്ത് തീവ്ര കൃസ്ത്യന്‍ ഗ്രൂപ്പുകളും പതിയിരിക്കുന്നുണ്ടെന്ന് മുസ്‌ലിം സംഘടനകള്‍ ഓര്‍ക്കണം. മുസ്‌ലിങ്ങളില്‍ നിന്ന് തീവ്രവാദവും പ്രകോപനപരവുമായ പ്രതികരണം ഉണ്ടാകുകയാണവരുടെ ആവശ്യം.

പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ എന്‍ഡോസ് ചെയ്യുന്നവരാണ് കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലിങ്ങള്‍ എന്ന് വരുത്തി തീര്‍ക്കാന്‍ അവര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ഇസ്‌ലാമിന് കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്ക് മുകളിലും പബ്ലിക്ക് സ്‌പെയ്‌സിലും നേടാന്‍ കഴിഞ്ഞ മേല്‍ക്കൈ ആണിതിന്ന് പ്രധാന കാരണം. ജമാഅത്തെ ഇസ്‌ലാമി പോലും നിനച്ചിരിക്കാതെയാണ് ആനപ്പുറത്ത് കയറി ‘ഹമാസ്’ കടന്നു വരുന്നത്!

content highlights: What happens in Muslim politics in Kerala; Mujeeb Rahman Kinaloor writes in the backdrop of the display pictures of Hamas leaders as part of the Uruz in Trithala.

മുജീബ് റഹ്മാന്‍ കിനാലൂര്‍
മാധ്യമപ്രവര്‍ത്തകന്‍, അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍ പൗരോഹിത്യം വേണ്ട; വക്കം അബ്ദുല്‍ ഖാദര്‍ മൗലവി, അക്കരൈപത്ത്, ഇസ്‌ലാമോഫോബിയ വംശവെറിയുടെ രാഷ്ട്രീയം എന്നീ പുസ്തകങ്ങളുടെ രചയിതാവ്‌