ഉറപ്പിച്ചു, ഇന്ത്യക്ക് കിട്ടുക എട്ടിന്റെയല്ല 16ന്റെ പണി; വല്ലവരും ഫൈനല്‍ കളിക്കുന്നത് നോക്കി നില്‍ക്കേണ്ടി വരുമോ?
Sports News
ഉറപ്പിച്ചു, ഇന്ത്യക്ക് കിട്ടുക എട്ടിന്റെയല്ല 16ന്റെ പണി; വല്ലവരും ഫൈനല്‍ കളിക്കുന്നത് നോക്കി നില്‍ക്കേണ്ടി വരുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 11:39 am

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ബംഗ്ലാദേശ്. മഴയില്‍ ഒലിച്ചുപോയ ടെസ്റ്റിന്റെ നാലാം ദിവസം രണ്ട് സെഷന്‍ പൂര്‍ണമായും ബാറ്റ് ചെയ്യാന്‍ ബംഗ്ലാദേശിന് സാധിച്ചാല്‍ ഈ മത്സരം സമനിലയില്‍ കലാശിക്കും. ബാക്കിയുള്ള ദിവസം ബാറ്റ് ചെയ്യുക മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ള ഏക വഴി.

കാണ്‍പൂര്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചാല്‍ ആദ്യ ടെസ്റ്റ് മത്സരം വിജയിച്ചതിന്റെ ബലത്തില്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെങ്കിലും ഇന്ത്യ ആഗ്രഹിച്ച റിസള്‍ട്ട് ഈ പരമ്പരയിലൂടെ ലഭിക്കില്ല. ബംഗ്ലാദേശിനെതിരെ രണ്ട് പരമ്പരയും വിജയിച്ച് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ മുന്നേറ്റം തുടരുക എന്ന ലക്ഷ്യമാണ് ഇന്ത്യക്കുണ്ടായിരുന്നത്.

നിലവില്‍ പത്ത് മത്സരത്തില്‍ നിന്നും ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി 86 പോയിന്റോടെ ഒന്നാമതാണ് ഇന്ത്യ. 71.67 പോയിന്റ് ശതമാനവും ഇന്ത്യക്കുണ്ട്. 12 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 90 പോയിന്റോടെ ഓസ്‌ട്രേലിയയാണ് രണ്ടാമത്. 62.50 ആണ് ടീമിന്റെ പോയിന്റ് ശതമാനം.

എന്നാല്‍ കാണ്‍പൂര്‍ ടെസ്റ്റ് സമനിലയിലാവുകയാണെങ്കില്‍ ഇന്ത്യയുടെ വിജയശതമാനത്തില്‍ കാര്യമായ ഇടിവ് വരും. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പെനാല്‍ട്ടിയില്ലെങ്കില്‍ കാണ്‍പൂര്‍ ടെസ്റ്റിന്റെ അവസാനം 90 പോയിന്റാകും ഇന്ത്യക്ക് ലഭിക്കുക. 68.10 ശതമാനമാകും ടീമിന്റെ പോയിന്റ് പേര്‍സെന്റേജ്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും.

ശേഷിക്കുന്ന എട്ട് മത്സരത്തില്‍ അഞ്ച് മത്സരത്തില്‍ വിജയിക്കുകയും ഒരെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്താല്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കാതെ ഇന്ത്യക്ക് ഫൈനല്‍ യോഗ്യത നേടാന്‍ സാധിക്കും.

രണ്ട് പരമ്പരകളിലായാണ്‌ ഈ എട്ട് മത്സരങ്ങളുള്ളത്. ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളുമാണ് ഇന്ത്യക്ക് കളിക്കാനുണ്ടാവുക.

ശ്രീലങ്കക്കെതിരെ നാണംകെട്ട് പരാജയപ്പെട്ടാണ് കിവികള്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ആദ്യ ചാമ്പ്യന്‍മാര്‍ നിലവിലുള്ളത്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കിവികള്‍. വമ്പന്‍ നാണക്കേടില്‍ നിന്നും തലയുയര്‍ത്താന്‍ ന്യൂസിലാന്‍ഡിന് വിജയം അത്യാവശ്യമാണ്. ഇതുകൊണ്ടുതന്നെ രണം അല്ലെങ്കില്‍ മരണം എന്ന മനോഭാവത്തിലാകും ന്യൂസിലാന്‍ഡ് ഇന്ത്യയിലെത്തുക.

എന്നാല്‍ പരമ്പരയുടെ ആതിഥേയര്‍ എന്ന സകല അഡ്വാന്റേജും മുതലെടുക്കാനാകും ഇന്ത്യ ശ്രമിക്കുക. മൂന്ന് മത്സരങ്ങളും ആധികാരികമായി തന്നെ വിജയിച്ച് പോയിന്റ് പട്ടികയിലെ ആധിപത്യം ഉറപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം.

നിലവില്‍ നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് സമനിലയിലാവുകയും, ന്യൂസിലാന്‍ഡിനെതിരെ ക്ലീന്‍ സ്വീപ് വിജയം നേടാനുമായാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 75.0 ലേക്ക് ഉയരും.

ശേഷം ഓസ്‌ട്രേലിയിലേക്ക് ഇന്ത്യ അടുത്ത പരമ്പരക്കായി പറക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ബി.ജി.ടിയില്‍ കളിക്കുക. ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആതിഥേയര്‍ തങ്ങളായതിനാലും, കഴിഞ്ഞ രണ്ട് തവണ ഇന്ത്യ ഇവിടെയെത്തി പരമ്പര വിജയിച്ചതിനാലും, 2015ന് ശേഷം ഒരിക്കല്‍പ്പോലും പരമ്പര നേടാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതിനാലും, ഈ പരമ്പരയില്‍ സമഗ്രാധിപത്യം പുലര്‍ത്തിയാല്‍ ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ തെളിയും എന്നതിനാലും ഒരു തരത്തിലുമുള്ള അഡ്വാന്റേജും ഇന്ത്യക്ക് നല്‍കാതെയായിരിക്കും ഓസ്‌ട്രേലിയ പിച്ച് ഒരുക്കുക. പെര്‍ത്ത് അടക്കമുള്ള പിച്ചില്‍ ഇന്ത്യയെ നിര്‍ത്തിപ്പൊരിക്കാന്‍ തന്നെയാകും ഓസീസ് ഫാസ്റ്റ് ബോള്‍ യൂണിറ്റിന്റെ ശ്രമം.

ഇതിനൊപ്പം തന്നെ ഓസ്‌ട്രേലിയ ഭയക്കേണ്ട മറ്റൊരു പരമ്പര കൂടിയുണ്ട്. പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ശ്രീലങ്കക്കെതിരെ അവരുടെ തട്ടകത്തില്‍ രണ്ട് മത്സരങ്ങളുടെ പരമ്പര ഓസീസ് കളിക്കും. ഗല്ലെയടക്കമുള്ള ഗ്രൗണ്ടിലാണ് ഈ മത്സരങ്ങള്‍ ലങ്ക ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിലവില്‍ സനത് ജയസൂര്യയുടെ ശിക്ഷണത്തില്‍ വമ്പന്‍ ടീമായി മാറിയ ലങ്കയും ഓസീസിന്റെ ഫൈനല്‍ മോഹങ്ങള്‍ തല്ലിക്കെടുത്താന്‍ പോന്നവരാണ്.

 

നിലവില്‍ 60 പോയിന്റാണ് ലങ്കക്കുള്ളത്. 55.56 ആണ് പോയിന്റ് ശതമാനം. ഓസ്‌ട്രേലിയക്കെതിരെ മാത്രമല്ല, സൗത്ത് ആഫ്രിക്കക്കെതിരെയും ലങ്കക്ക് മത്സരമുണ്ട്. ഈ നാല് മത്സരത്തിലും വിജയിച്ചാല്‍ ലങ്കക്ക് 108 പോയിന്റാകും. പോയിന്റ് ശതമാനമാകട്ടെ 70ന് അടുത്തേക്ക് കുതിക്കുകയും ചെയ്യും. ഇതും ഓസ്‌ട്രേലിയക്ക് നെഞ്ചിടിപ്പേറ്റാന്‍ പോന്നതാണ്.

ഇതുകൊണ്ടുകൂടി സ്വന്തം മണ്ണില്‍ ഇന്ത്യക്കെതിരെ എന്ത് വിലകൊടുത്തും വിജയിക്കാന്‍ മാത്രമാണ് ഓസീസ് ശ്രമിക്കുക.

 

 

Content Highlight: What happens if the second Test between India and Bangladesh ends in a draw?