ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ ഇതുവരെ കുതിരക്കച്ചവടം തുടങ്ങിയിട്ടില്ലെന്നും എന്നാല്‍ രാഷ്ട്രപതിഭരണം ആ ദിശയിലേക്കുള്ള ആദ്യ പടിയാണെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയല്‍. എന്‍.സി.പിക്കു നല്‍കിയിരുന്ന സമയം അവസാനിക്കുന്നതിനു മുന്‍പേ സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുടെ നടപടിയിലായിരുന്നു സാമ്‌ന ഇക്കാര്യം പറഞ്ഞത്.
ഗവര്‍ണര്‍ അല്‍പ്പമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുമെന്നു കരുതുന്നതായി അതില്‍ പറയുന്നു. അതേസമയം ബി.ജെ.പിയെ വിമര്‍ശിക്കാനും ശിവസേനാ മുഖപത്രം മറന്നില്ല.
‘അവര്‍ ഞങ്ങള്‍ പോയിക്കൊണ്ടിരിക്കുന്ന വഴിയെക്കുറിച്ച് വിമര്‍ശിക്കട്ടെ. മെഹ്ബൂബയുടെയും നിതീഷിന്റെയും കൂടെപ്പോയപ്പോള്‍ എന്താണു സംഭവിച്ചത്? മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാകണമെന്നതു മാത്രമാണു ഞങ്ങളുടെ പ്രാര്‍ഥന. ഭഗവാന്‍ ശങ്കര്‍ നീലകണ്ഠനെപ്പോലെ ഞങ്ങളും വിഷം കഴിച്ച് ദഹിപ്പിച്ചതാണ്.’- അതില്‍ പറയുന്നു.
വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ളവര്‍ ഒന്നിക്കുമെന്ന് ഇന്നലെ പറഞ്ഞ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പി.ഡി.പിയും ബി.ജെ.പിയും തമ്മില്‍ ജമ്മു കശ്മീരിലുണ്ടായിരുന്ന സഖ്യം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പൊതുമിനിമം പരിപാടിയെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ബി.ജെ.പിയേയും ശിവസേനയേയും എന്‍.സി.പിയേയും ക്ഷണിച്ചിരുന്നു. ആദ്യം ക്ഷണിച്ചത് ബി.ജെ.പിയെയായിരുന്നു. ബി.ജെ.പി ക്ഷണം നിരസിച്ചതിനു പിന്നാലെ ശിവസേനയെ ക്ഷണിക്കുകയായിരുന്നു.
എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. പിന്നാലെ ശിവസേനയുടെ ആവശ്യം ഗവര്‍ണര്‍ തള്ളി. മൂന്നാമതായി ഗവര്‍ണര്‍ എന്‍.സി.പിയെ ക്ഷണിക്കുകയായിരുന്നു. എന്‍.സി.പിക്ക് ഇന്നലെ രാത്രി 8.30 വരെയാണു സമയം നല്‍കിയിരുന്നത്. എന്നാല്‍ ഉച്ചയോടെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.