|

ആചാരമാണെന്നാണ് കരുതിയത്; സച്ചിനും കോഹ്‌ലിയും ആദ്യമായി കണ്ടപ്പോള്‍ സംഭവിച്ചത്

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ 70 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ ലോകകപ്പ് ഫൈനലില്‍ എത്തി നില്‍ക്കുകയാണ്. നിരവധി റെക്കോഡുകളും അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും കാഴച്ചക്കാരെ അമ്പരപ്പിക്കുകയായിരുന്നു നവംബര്‍ 15ന് നടന്ന മത്സരം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഏകദിന ലോകകപ്പിലെ 49 സെഞ്ച്വറി എന്ന ലോകറെക്കോഡ് കിങ് വിരാട് കോഹ്‌ലി മറികടന്നതായിരുന്നു ക്രിക്കറ്റ് ലോകത്തെ ആദ്യം അമ്പരപ്പിച്ചത്. പിന്നെ ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായ മുഹമ്മദ് ഷമിയുടെ ഐതിഹാസികമായ ഏഴ് വിക്കറ്റ് നേട്ടവും.

അതിനെല്ലാം പുറമെ ഇപ്പോള്‍ രസകരമാവുന്നത് മറ്റൊന്നാണ്. 2009ല്‍ വിരാട് കോഹ്‌ലി തന്റെ ക്രിക്കറ്റ് കരിയറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ആദ്യം കണ്ടുമുട്ടുന്ന സന്ദര്‍ഭം. 2008ല്‍ കോഹ്‌ലി ടീമില്‍ എത്തിയിരുന്നെങ്കിലും ഇരുവരും ഒരു പരമ്പരയില്‍ ഒന്നിക്കുന്നത് അന്നായിരുന്നു. ഡ്രസ്സിങ് റൂമില്‍ സച്ചിനെ ആദ്യമായി കാണുമ്പോള്‍ എങ്ങനെ പെരുമാറണമെന്ന് വിരാടിന് അറിയില്ലായിരുന്നു. കോഹ്‌ലി തന്റെ ഇഷ്ടതാരത്തെ എങ്ങനെ പരിജയപ്പെടുമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു.

അപ്പോഴാണ് അന്ന് കോഹ്‌ലിയുടെ സീനിയര്‍മാരായ യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, ഹര്‍ബജന്‍ സിങ്, മുനാഫ് പട്ടേല്‍ എന്നിവര്‍ കടന്നു വരുന്നത്. സച്ചിനെ ആദ്യമായി കാണുമ്പോള്‍ ചെയ്യേണ്ട ആചാരങ്ങള്‍ അറിയാമോ എന്ന് അവര്‍ കോഹ്‌ലിയോട് ചോദിച്ചിരുന്നു. അറിയില്ലെന്ന് മറുപടി പറഞ്ഞ കോഹ്‌ലിയോട് പുതുതായി വരുന്നവരെല്ലാം സച്ചിന്റെ കാല്‍ തൊട്ട് വന്ദിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു.

ശേഷം സച്ചിന്‍ റൂമില്‍ എത്തിയപ്പോള്‍ സീനിയേഴ്‌സ് കോഹ്‌ലിയെ അദ്ദേഹത്തിനടുത്തേക്ക് പറഞ്ഞയിച്ചു. പരുങ്ങി നിന്ന കോഹ്‌ലിയെ സച്ചിന്‍ പരിജയപ്പെട്ടതോടെ കോഹ്‌ലി സച്ചിന്റെ കാലില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് സച്ചിന്‍ കാര്യം ചോദിച്ചപ്പോള്‍ ഇങ്ങെന ഒരു ആചാരം ഉള്ളതായി സീനിയേഴ്‌സ് പറഞ്ഞെന്ന് കോഹ്‌ലി പറയുകയായിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു ആചാരം ഇല്ലെന്നെന്നും അവര്‍ നിങ്ങളെ പറ്റിച്ചെന്നുമാണ് സച്ചിന്‍ മറുപടി പറഞ്ഞത്. ശേഷം കോഹ്‌ലിയുടെ തോളില്‍ തട്ടി സച്ചിന്‍ ഗ്രൗണ്ടിലേക്ക് നടന്നുപോകുകയായിരുന്നു. ഇതെല്ലാം കണ്ട് നിന്ന് സീനിയേഴ്‌സ് ചിരിക്കുന്നുമുണ്ടായിരുന്നു.

എന്നാല്‍ ഇന്ന് സച്ചിന്‍ എന്ന ഇതിഹാസത്തിന്റെ റെക്കോഡാണ് കോഹ്‌ലി മറികടന്നത്. അതിനോടൊപ്പം നിരവധി റെക്കോഡുകളും സ്വന്തമാക്കി.

ഏകദിന ക്രിക്കറ്റില്‍ കോഹ്‌ലി 50 സെഞ്ച്വറി തികച്ചതിനോടൊപ്പം ഒരു ഏകദിന ലോകകപ്പ് ടൂര്‍ണമെന്റില്‍ 711 എന്ന ഉയര്‍ന്ന റണ്‍സ് നേടുന്ന താരവുമായി. ന്യൂസിലാന്‍ഡിനെതിരെ ലോകകപ്പ് സെമി ഫൈനലില്‍ 117 എന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരവുമായി കോഹ്‌ലി. ശേഷം ഇന്ത്യന്‍ മണ്ണില്‍ ഇതിനോടകം 24 സെഞ്ച്വറികള്‍ നേടി ഒന്നാമതും എത്തി. സച്ചിന്‍ 20 സെഞ്ച്വറിയുമായി രണ്ടാമതുമാണ്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടുന്ന താരമാവുക വഴി സച്ചിനെയും ഷാക്കീബ് അല്‍ ഹസനെയും മറികടന്നിരിക്കുകയാണ് കോഹ്‌ലി. ഇനി ഫൈനല്‍ മത്സരത്തിലേക്കുള്ള തങ്ങളുടെ എതിരാളികളെ കാത്തിരിക്കുകയാണ് ഇന്ത്യ.

Content Highlight: What happened when Sachin and Kohli met for the first time