| Monday, 11th November 2024, 1:35 pm

ബെയര്‍‌സ്റ്റോയെ ചൊറിഞ്ഞ് അടി വാങ്ങിയ വിരാട്, ആറ് പന്തില്‍ ബുംറ നേടിയ 35; ബുംറ ടെസ്റ്റ് ക്യാപ്റ്റനായപ്പോള്‍ സംഭവിച്ചത്!

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പകരം ജസ്പ്രീത് ബുംറയായിരിക്കും ഇന്ത്യയെ നയിക്കുക എന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇത് രണ്ടാം തവണയായിരിക്കും ബുംറ ഇന്ത്യയെ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ നയിക്കുന്നത്.

ബുംറയുടെ പൊട്ടെന്‍ഷ്യല്‍ ക്യാപ്റ്റന്‍സി ക്രിക്കറ്റ് ആരാധകര്‍ക്കിടയിയില്‍ ചര്‍ച്ചയാകുമ്പോള്‍ ഇതിന് മുമ്പ് ബുംറ നയിച്ച മത്സരത്തില്‍ എന്ത് സംഭവിച്ചു എന്നും ആരാധകര്‍ അന്വേഷിക്കുന്നുണ്ട്.

2022ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റിലാണ് ബുംറ ക്യാപ്റ്റന്റെ കുപ്പായത്തിലെത്തിയത്. രോഹിത് ശര്‍മ കൊവിഡ് ബാധിതനായതിന് പിന്നാലെയാണ് ബുംറ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണായിരുന്നു ബുംറയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ചത്.

ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യ പേസര്‍ എന്ന ഐതിഹാസിക നേട്ടവും ബുംറ അന്ന് സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ മാത്രം ബുംറക്ക് സാധിച്ചില്ല. അഞ്ചാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പരമ്പര സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുമ്പ് 2-1 എന്ന നിലയില്‍ ഇന്ത്യക്ക് ലീഡ് ഉണ്ടായിരുന്നു. രണ്ട് മത്സരത്തില്‍ ഇന്ത്യയും ഒരു മത്സരത്തില്‍ ഇംഗ്ലണ്ടും വിജയിച്ചപ്പോള്‍ ശേഷിക്കുന്ന മത്സരം സമനിലയിലും പിരിഞ്ഞു.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിച്ചാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ജോണി ബെയര്‍‌സ്റ്റോ കൊടുങ്കാറ്റയതോടെ ഇംഗ്ലണ്ട് വിജയിക്കുകയും പരമ്പര 2-2ന് സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തു.

പല രസകരമായ സംഭവങ്ങള്‍ക്കും ഈ മാച്ച് സാക്ഷ്യം വഹിച്ചിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായി ജസ്പ്രീത് ബുംറ മാറിയത് ഈ മത്സരത്തിലായിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡ് എറിഞ്ഞ ഓവറില്‍ 35 റണ്‍സാണ് ബുംറയിലൂടെ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിയത്.

ഒരു വേള്‍ഡ് ക്ലാസ് ബൗളറെ മറ്റൊരു വേള്‍ഡ് ക്ലാസ് ബൗളര്‍ പഞ്ഞിക്കിടുന്ന കാഴ്ചയായിരുന്നു എഡ്ജ്ബാസ്റ്റണിലേത്. 4, wd, 4nb, 6, 4, 4, 4, 6, 1 എന്നിങ്ങനെയായിരുന്നു ബുംറയുടെ പ്രകടനം.

ഇതിനൊപ്പം റിഷബ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും സെഞ്ച്വറികള്‍ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ 416 റണ്‍സ് സമ്മാനിച്ചു.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഇംഗ്ലണ്ട് നിന്നുവിറച്ചു. ഒരുവേള ഫോളോ ഓണ്‍ പോലും ഇംഗ്ലണ്ട് മുമ്പില്‍ കണ്ടിരുന്നു.

ഒരുവശത്ത് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോ ക്രീസില്‍ നിലയുറപ്പിച്ച് പതിയെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഡിഫന്‍സീവ് ക്രിക്കറ്റിലൂടെ വിക്കറ്റ് സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു ബെയര്‍‌സ്റ്റോയുടെ മൈന്‍ഡ്‌സെറ്റ്.

എന്നാല്‍ 61 പന്തില്‍ 13 റണ്‍സുമായി ക്രീസില്‍ തുടര്‍ന്ന ബെയര്‍‌സ്റ്റോയെ മത്സരത്തിനിടെ വിരാട് കോഹ്‌ലി സ്ലെഡ്ജ് ചെയ്തത് മാത്രമാണ് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഓര്‍മയുണ്ടായിരുന്നത്. ദേഷ്യം പിടിക്കുമ്പോള്‍ കൂടുതല്‍ ശക്തനാകുന്ന ഹള്‍ക്കിനെ പോലെ ദേഷ്യം പിടിച്ച ബെയര്‍‌സ്റ്റോയും ശക്തനായി.

ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറികളുമായി ബെയര്‍‌സ്റ്റോ ആഞ്ഞടിച്ചു. ഒടുവില്‍ ഷമിയോട് തോറ്റ് പുറത്താകുമ്പോള്‍ 140 പന്തില്‍ 106 റണ്‍സും നേടിയാണ് ബെയര്‍‌സ്റ്റോ മടങ്ങിയത്. ഇംഗ്ലണ്ട് ഫോളോ ഓണില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ബെയര്‍‌സ്റ്റോയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ കണ്ട ന്യൂസിലാന്‍ഡ് താരം ജിമ്മി നീഷവും വിരേന്ദര്‍ സേവാഗും പ്രശംസിക്കുകയും ചെയ്തിരുന്നു.

ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 245 റണ്‍സ് നേടുകയും 378 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുമ്പില്‍ വെക്കുകയും ചെയ്തു.

എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ നിര്‍ത്തിയ സ്ഥലത്ത് നിന്ന് തന്നെ തുടങ്ങിയ ബെയര്‍‌സ്റ്റോ സെഞ്ച്വറി നേടുകയും ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയുമായിരുന്നു.

Content Highlight: What happened when Jasprit Bumrah became India’s Test captain before?

We use cookies to give you the best possible experience. Learn more