മലയാളി പ്രേക്ഷരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു സണ്ണി വെയ്ന്‍ നായകനായ സ്റ്റാറിംഗ് പൗര്‍ണമിയുടെ ടീസര്‍. ഹോളിവുഡിനെ അനുസ്മരിപ്പിക്കുന്ന അമ്പരപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു ടീസറില്‍. ബുള്ളറ്റ് ടൈം ടെക്‌നോളജിയും അതിമനോഹര ദൃശ്യങ്ങളുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ മലയാളിയെ ഞെട്ടിച്ചു. ഏകദേശം ഒരു വര്‍ഷം മുമ്പായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. എന്നാല്‍ പിന്നീട് ചിത്രം വിസ്മൃതിയിലേക്ക് മറയുകയായിരുന്നു.
അന്ന് ചിത്രത്തിലെ നായകനായിരുന്ന സണ്ണി വെയ്ന്‍ ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടി കഴിഞ്ഞെങ്കിലും സ്റ്റാറിംഗ് പൗര്‍ണമി കൃത്യസമയത്ത് ഇറങ്ങിയിരുന്നെങ്കില്‍ സണ്ണിയുടെ കരിയര്‍ഗ്രാഫ് വേറൊരു തരത്തിലായിരുന്നേനെ എന്നു വിശ്വസിക്കുന്നവര്‍ ധാരാളമാണ്.
അടുത്തിടെ ചിത്രം വീണ്ടു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ടീസറും മേക്കിംഗ് വീഡിയോയുമെല്ലാം വീണ്ടും യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെ എന്തുകൊണ്ടാണ് ചിത്രം നിന്നു പോയതെന്ന് തിരയുകയാണ് സിനിമാ പ്രേമികള്‍.
ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആരംഭിച്ചതോടെ യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു കാരണമെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്ന കൈലാസ് മേനോന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
” 2013 ലായിരുന്നു സണ്ണിവെയ്ന്‍ നായകനായും ടൊവിനോ തോമസ് പ്രതിനായകനുമായി എത്തുന്ന ചിത്രം ആരംഭിച്ചത്. ഗജനി, വിശ്വരൂപം, തുടങ്ങിയ ചിത്രങ്ങളിലുപയോഗിച്ച ബുള്ളറ്റ് ടൈം ടെക്‌നോളജി ആദ്യമായി മലയാളത്തില്‍ ഉപയോഗിച്ച ചിത്രമായിരുന്നു ഇത്. ആല്‍ബി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ത്ഥായിരുന്നു. മണാലിയിലും ലഡാക്കിലും അതിസാഹസികമായി ചിത്രീകരിച്ച ചിത്രം അപ്രതീക്ഷിതമായി നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു.” കൈലാസ് പറയുന്നു.
മരിക്കാര്‍ ഫിലിംസായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ഇതേ സമയത്തു തന്നെയായിരുന്നു അവര്‍ താങ്ക് യൂ എന്ന ചിത്രവും നിര്‍മ്മിച്ചത്. എന്നാല്‍ അത് പരാജയപ്പെട്ടു. ഇതിനിടെ പൗര്‍ണമിയുടെ ആദ്യ ഷെ്ഡ്യൂള്‍ പൂര്‍ത്തിയാവുകയും ചെയ്തു. ലഡാക്കിലെ കൊടും തണുപ്പിലായിരുന്നു രണ്ടാം ഘട്ട ഷൂട്ട്. 70 ശതമാനം ഷൂട്ടും പൂര്‍ത്തിയായി. ബാക്കി തീരാന്‍ വെറും 20 ദിവസം മാത്രം ബാക്കി. അപ്പോഴാണ് മരിക്കാറിന്റെ കൂതറ റിലീസ ്ആകുന്നത്.
” പക്ഷെ കൂതറ പരാജയപ്പെട്ടു. അതോടെ സ്റ്റാറിംഗ് പൗര്‍ണമിയുടെ ഫണ്ട് മുടങ്ങി. അങ്ങനെ ആ ചിത്രം മുടങ്ങുകയായിരുന്നു.” കൈലാസ പറയുന്നു. സംവിധായകന്‍ ആല്‍ബിയും ചിത്രത്തിലെ നായകന്‍ സണ്ണിയുമുള്‍പ്പടെയുള്ളവര്‍ ചിത്രം തുടരാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇനി ഇപ്പോള്‍ ആ ചിത്രത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചാലും കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. കാരണം ഹൈവേ, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, റാണി പത്മിനി, റിലീസ് കാത്തു നില്‍ക്കുന്ന തമിഴ് ചിത്രം കാട്രു വെളിയിടെ തുടങ്ങിയ ചിത്രങ്ങളില്‍ സമാനമായ രംഗങ്ങളും ടെക്‌നിക്കുമുണ്ടെന്നതാണ് കാരണം.