ന്യൂദല്‍ഹി: സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളുടെ ഫോണ്‍ പിടിച്ച് വാങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് ഇയാളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തത്.
എ.എന്‍.ഐയാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ഒരാളുടെ കൈയില്‍ എന്തുണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയില്ല. രാജീവ് ഗാന്ധിക്ക് എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്കറിയാം. ചിലപ്പോള്‍, മനുഷ്യരോഷവും വികാരങ്ങളും പുറത്തുവരും, അതില്‍ തെറ്റൊന്നുമില്ലെന്നും ശിവകുമാര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയില്‍ ജനക്കൂട്ടത്തിനിടയില്‍ കോപാകുലനായി ശിവകുമാര്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
രാജീവ് ഗാന്ധിയെ കുറിച്ച് പരാമര്‍ശം നടത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് ശിവകുമാര്‍ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലായിരുന്നുവെന്നാണ് ആളുകള്‍ പറയുന്നത്. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടും പലരും രംഗത്തെത്തുന്നുണ്ട്.
ഇതാദ്യമായല്ല ഡി.കെ. ശിവകുമാറിന്റെ ആക്രമണം ക്യാമറയില്‍ പതിയുന്നത്. കഴിഞ്ഞ ജൂലൈയില്‍ നേതാവിന്റെ തോളില്‍ കൈ വയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ അദ്ദേഹം അടിച്ചിരുന്നു.
തോളില്‍ കൈവെച്ചത് ഇഷ്ടപ്പെടാതിരുന്ന ശിവകുമാര്‍ ആ വ്യക്തിയെ ചോദ്യം ചെയ്യുകയും തല്ലുകയുമായിരുന്നു.
സമാനമായ സംഭവം 2018ലും നടന്നിരുന്നു. ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച തന്റെ അനുയായിയും അദ്ദേഹം അടിച്ചിരുന്നു.
ശിവകുമാറിന്റെ അഴിമതിയെക്കുറിച്ച് രണ്ട് കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെച്ച വീഡിയോയും വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
ബി.ജെ.പി നേതാവ് അമിത് മാളവ്യയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അഴിമതി ആരോപണങ്ങളെയും ശിവകുമാര്‍ അന്ന് നിഷേധിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: What happened to Rajiv Gandhi can be repeated; DK Sivakumar