ന്യൂദൽഹി: ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തെന്നാരോപിച്ച് യു.എസ് വിസ റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി രഞ്ജനി ശ്രീനിവാസൻ. തനിക്ക് സംഭവിച്ചത് നാളെ മറ്റാർക്ക് വേണമെങ്കിലും സംഭവിക്കാമെന്ന് രഞ്ജിനി പറഞ്ഞു.
‘അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുന്ന, യാത്ര വിലക്കുകൾ വർധിച്ച് വരുന്ന ഈ സാഹചര്യത്തിൽ, എനിക്ക് സംഭവിച്ചത് നിങ്ങൾക്കും സംഭവിക്കാം,’ രഞ്ജിനി പറഞ്ഞു.
അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മുൻ പി.എച്ച്.ഡി വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസന്റെ വിസ റദ്ധാക്കിയത്.
യൂണിവേഴ്സിറ്റിയിൽ നടന്ന ചില ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങളിൽ ഫലസ്തീൻ അനുകൂല പോസ്റ്റുകൾ പങ്കുവെക്കുകയും മാത്രമാണ് താൻ ചെയ്തതെന്ന് രഞ്ജിനി കൂട്ടിച്ചേർത്തു.
ഇത്തരം ഏകപക്ഷീയമായ ഭരണകൂട നടപടികളിൽ നിന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിന് കൊളംബിയ സർവകലാശാലയിലും മറ്റ് സർവകലാശാലകളിലും നമ്മൾ പരമാവധി സമ്മർദ്ദം ചെലുത്തണം. ഫണ്ട് വെട്ടിക്കുറക്കലുകൾ ഭയന്ന് കൊളംബിയ സർവ്വകലാശാല പുറത്താക്കിയ വിദ്യാർത്ഥികൾക്കായി നാം പ്രതികരിക്കണം. നമ്മൾ ഒന്നിച്ച് നിന്ന് എന്താണ് ശരിയെന്നും അതിനൊപ്പം നിൽക്കാൻ സർവകലാശാലയോട് ആവശ്യപ്പെടുകയും വേണം,’ രഞ്ജിനി പറഞ്ഞു.
മാർച്ച് അഞ്ചിനാണ് യു.എസ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രഞ്ജിനിയുടെ വിസ റദ്ദാക്കിയത്. പിന്നാലെ മാർച്ച് 11ന് രഞ്ജിനി രാജ്യം വിടുകയായിരുന്നു. രഞ്ജനി ശ്രീനിവാസൻ ഒരു വിമാനത്താവളത്തിലെ ജെറ്റ്‌വേയിലൂടെ തന്റെ ലഗേജുമായി നടക്കുന്ന വീഡിയോ ഡിപ്പാർട്മെൻറ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പുറത്തുവിട്ടിരുന്ന്.
അർബൻ പ്ലാനിങ്ങിൽ ഡോക്ടറൽ ബിരുദം നേടുന്നതിനായി എഫ്-1 സ്റ്റുഡന്റ് വിസയിലായിരുന്നു രഞ്ജനി യു.എസിൽ എത്തിയത്.
അതേസമയം വിദ്യാർത്ഥി വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയെന്നാരോപിച്ച് ഫലസ്തീൻ വിദ്യാർത്ഥിനിയായ ലെഖാ കോർഡിയെ യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ കോർഡിയെ പങ്കെടുത്തിരുന്നു.
കൊളംബിയയിലെ ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെ ‘തീവ്രവാദ അനുഭാവികൾ’ എന്ന് ഡി.എച്ച്.എസ് മുദ്രകുത്തി. ഫലസ്തീൻ അനുകൂല വിദ്യാർത്ഥികൾ അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോം ആരോപിച്ചു.
യു.എസിലുടനീളം ഇസ്രഈല്‍ വംശഹത്യക്കെതിരെ പൊട്ടിപ്പുറപ്പെട്ട ക്യാമ്പസ് പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു കൊളംബിയ. ഏപ്രിലില്‍ ഫലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ അവിടെ ഒരു ക്യാമ്പ് സ്ഥാപിക്കുകയും മറ്റ് പല കോളേജുകളിലും സമാനമായ പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിന് പ്രചോദനം നല്‍കുകയും ചെയ്തു.
നിയമവിരുദ്ധമായ പ്രതിഷേധങ്ങള്‍ അനുവദിക്കുന്ന കോളേജുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയ്ക്കുള്ള എല്ലാ ഫെഡറല്‍ ഫണ്ടിങ്ങും വെട്ടിക്കുറയ്ക്കുമെന്ന ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്നായിരുന്നു നടപടി. കലാലയങ്ങളിലെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുമെന്നും നാടുകടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. കൊളംബിയ യൂണിവേഴ്സിറ്റിക്ക് അനുവദിച്ച ഏകദേശം 400 മില്യൺ ഡോളറിന്റെ ഗ്രാന്റുകളും കരാറുകളും റദ്ദാക്കിയതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.
Content Highlight: What Happened to Me Can Happen to You’, Says Columbia Student on US Revocation of Her Visa