| Sunday, 26th April 2020, 10:07 am

'എന്താണ് ഇന്ത്യക്ക് സംഭവിച്ചത്?', പ്രതികരണത്തിനു പിന്നാലെ വിശദീകരണവുമായി യു.എ.ഇ രാജകുടുംബാംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും അറബ് രാജ്യങ്ങള്‍ക്കെതിരെയുള്ള വംശീയ ആക്രമണങ്ങള്‍ക്കെതിരെയും ആദ്യം പ്രതികരിച്ച യു.എ.ഇ രാജകുടുംബാംഗമാണ് ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി.

ഏപ്രില്‍ 15 ന് സൗരവ് ഉപാദേയ് എന്ന ഇന്ത്യന്‍ പൗരന്റെ ഇസ്ലാമോഫോബിയ പരമായ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചു കൊണ്ടായിരുന്നു ഇവര്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ നിരവധി പ്രമുഖര്‍ ഇന്ത്യയില്‍ വളരുന്ന മുസ്ലിം വിരുദ്ധതയ്‌ക്കെതിരെ രംഗത്തെത്തുകയും ഒരു ക്യാമ്പയിനെന്ന തരത്തില്‍ ഇതു തുടരുകയും ചെയ്യുന്നു.

ഇപ്പോള്‍ തന്റെ പ്രതികരണത്തിനു പിന്നിലുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിന്‍സസ് ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി. ദി ടെലിഗ്രാഫിനോടാണ് ഇവരുടെ പ്രതികരണം.

‘ ഒരിന്ത്യക്കാരന്‍ എന്റെ മതത്തെയും പ്രവാചകനെയും എന്റെ രാജ്യത്തെയും അതിന്റെ നേട്ടങ്ങളെയും കളിയാക്കുകയും ഞങ്ങളുടെ രാജ്യത്ത് ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. ഞാന്‍ ഞെട്ടിപ്പോയി. എല്ലാ പരിധികളും ലംഘിച്ചതായി എനിക്ക് തോന്നി,’ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി പറഞ്ഞു.

‘അക്രമണാസക്തമായി പെരുമാറിയാല്‍ ആര്‍ക്കും നേട്ടമുണ്ടാവില്ല. നെല്‍സണ്‍ മണ്ടേലയുടെയും മാര്‍ട്ടിന്‍ ലൂഥറിന്റെയും ഗാന്ധിജിയുടെയും പാതയാണ് നാം പിന്തുടരേണ്ടത്. നമുക്കിനി മറ്റൊരു ഹിറ്റ്‌ലറെ ആവശ്യമില്ല. പുതിയൊരു ഗാന്ധിയെയയാണ് ആവശ്യം,’ യു.എ.ഇ രാജകുമാരി പറഞ്ഞു.

ഒപ്പം ഇന്ത്യയിലെ തബ് ലീബ് ജമാ അത്തിനെ പ്രതിരോധിക്കാനാണ് ഇവര്‍ രംഗത്തെത്തിയതെന്ന വാദത്തിനും ഇവര്‍ മറുപടി നല്‍കി.

‘ സത്യത്തില്‍ ഞാനിതുവരെ അവരെ പറ്റി കേട്ടിട്ടില്ല ( തബ് ലീബ് ജമാ അത്ത്) ഞാന്‍ ഇന്ത്യയിലെ ഒരു രാഷ്ട്രീയ വിഭാഗത്തെ പ്രതിരോധിക്കുകയായിരുന്നില്ല. മനുഷ്യര്‍ കൊല്ലപ്പെടുന്നതിനെ പ്രതിരോധിക്കുകയായിരുന്നു’

‘എന്താണ് ഇന്ത്യക്ക് സംഭവിച്ചത്. ഹിന്ദുത്വം ഏറ്റവും സമാധാനപരമായ മതങ്ങളിലൊന്നാണ്. ഒരു പക്ഷെ ഇസ്ലാമിനും ക്രിസ്റ്റ്യാനിറ്റിക്കും ജൂതമതത്തിനേക്കാളും’ പ്രിന്‍സസ്സ് അല്‍ ഖസിമി പറഞ്ഞു. ഒപ്പം താന്‍ ചെറുപ്പകാലത്ത് ഇന്ത്യന്‍ സിനിമകള്‍ കണ്ടു വളര്‍ന്നതും കുറച്ച് ഹിന്ദി ഭാഷ പഠിച്ചതും അവര്‍ ഓര്‍മ്മിച്ചു.

We use cookies to give you the best possible experience. Learn more