ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം തടവുകാരായ 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. സമൂഹത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളില്‍ സമൂഹത്തിന്റെ താല്‍പര്യം കൂടി കണക്കിലെടുക്കണമെന്നും കെ.എം. ജോസഫ്, ബി.വി. നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് ഗുജറാത്ത് സര്‍ക്കാരിനോട് പറഞ്ഞു.
‘ഇന്നിത് ബില്‍ക്കിസ് ബാനുവിന് ആണ്. നാളെ ഒരു പക്ഷേ അത് എനിക്കോ നിങ്ങള്‍ക്കോ ആകാം. പ്രതികളെ വിട്ടയക്കുന്നതില്‍ വസ്തുനിഷ്ഠമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. നിങ്ങള്‍ കാരണം പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ സ്വന്തം നിഗമനത്തില്‍ പറഞ്ഞു,’ ജസ്റ്റിസ് ജോസഫ് പറഞ്ഞു.
പ്രതികളുടെ മോചനത്തെ ചോദ്യം ചെയ്ത് ബില്‍ക്കിസ് ബാനു നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
മെയ് ഒന്നിന് ഫയലുകള്‍ ഹാജരാക്കാനും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ കൂടുതല്‍ സമയം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഹരജിക്കാര്‍ ആ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.
എന്നാല്‍ കുറ്റാരോപിതര്‍ ചിലപ്പോള്‍ കാലതാമസം വരുത്തുന്ന തന്ത്രങ്ങളില്‍ ഏര്‍പ്പെറാടുണ്ടെന്ന് പറഞ്ഞ കോടതി എതിര്‍കക്ഷിക്ക് മതിയായ സമയം നല്‍കണമെന്നും ആവശ്യപ്പെട്ടു.
‘എല്ലാ തവണയും വാദം കേള്‍ക്കുമ്പോള്‍ മാറ്റി വെക്കണമെന്ന് പ്രതി പറയും. നാലാഴ്ച കഴിഞ്ഞ് മറ്റൊരു പ്രതിയും ഇത് തന്നെ ആവര്‍ത്തിക്കും. ഇത് ഡിസംബര്‍ വരെ തുടരും. ഞങ്ങള്‍ക്ക് ഇതിന് പിന്നിലുള്ള തന്ത്രം എന്താണെന്ന് അറിയാം,’ ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
2022ല്‍ ബില്‍ക്കിസ് ബാനു കേസിലെ മുഴുവന്‍ പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ നിരവധി പേര്‍ പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചു.
പ്രതികളുടെ നല്ല നടപ്പും 14 വര്‍ഷത്തെ ജയില്‍ ജീവിതവും കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ തീരുമാന പ്രകാരമാണ് പ്രതികളെ വിട്ടയച്ചതെന്നാണ് അന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
ബില്‍ക്കിസ് ബാനു കേസില്‍ കുറ്റവാളികളായ പതിനൊന്നുപേരെ ഓഗസ്റ്റ് 15നാണ് ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. കുറ്റവാളികളെ വെറുതെ വിട്ടുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.
അതേസമയം കഴിഞ്ഞ ഡിസംബറില്‍ പ്രതികളെ വെറുതെ വിട്ടയച്ചതിനെതിരായ ബില്‍ക്കിസ് ബാനുവിന്റെ പുനഃപരിശോധനാ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു.
ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 14 അംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ ശിക്ഷാ കാലാവധി തീരുന്നതിന് മുമ്പ് വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബില്‍ക്കിസ് ബാനു സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
CONTENT HIGHLIGHT: What happened to Bilqis Banu may happen to me or to you tomorrow; The Supreme Court sought an explanation for the release of the accused