കെവിന്‍ ഡി ബ്രൂയ്‌നിന്റെ ആ വാക്കുകള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥത്തില്‍ ബെല്‍ജിയം തോറ്റുതുടങ്ങിയത്. ഒരു ടീമായി കളിച്ചിരുന്ന അവര്‍ക്കിടയിലേക്ക് തര്‍ക്കങ്ങളും കയ്യാങ്കളിയുമെത്തിയതോടെ അവരുടെ ലോകകപ്പ് സ്വപ്‌നങ്ങളായിരുന്നു പൊലിഞ്ഞുപോയത്. ഫിഫ റാങ്കിങ്ങില്‍ രണ്ടാമത് നില്‍ക്കുമ്പോഴാണ് ടീം പുറത്താകുന്നതെന്നതും ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു.
ഏറെ പ്രതീക്ഷകളോടെയാണ് 2022 ലോകകപ്പിനെ ബെല്‍ജിയന്‍ ആരാധകര്‍ നോക്കിക്കണ്ടത്. ഏറ്റവും മികച്ച ഗോള്‍ കീപ്പറായ കോര്‍ട്ടോയിസും മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഹാലണ്ടിനെ കൊണ്ട് ഗോളടിപ്പിച്ചുകൂട്ടുന്ന കെവിന്‍ ഡി ബ്രൂയ്‌നും സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവമടങ്ങുന്ന കരുത്തുറ്റ ബെല്‍ജിയന്‍ നിര കഴിഞ്ഞ തവണത്തെ കളങ്കം മായ്ക്കുമെന്ന് തന്നെയായിരുന്നു ആരാധകര്‍ ഉറച്ചുവിശ്വസിച്ചത്.
കഴിഞ്ഞ തവണ സെമി ഫൈനലില്‍ പരാജയപ്പെട്ട്, മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്ന ബെല്‍ജിയത്തിന് ഇത്തവണ കിരീടം മാത്രമായിരുന്നു ലക്ഷ്യം. കഴിഞ്ഞ തവണ ടീമിനൊപ്പമുണ്ടായിരുന്ന റോബര്‍ട്ടോ മാര്‍ട്ടീനസ് എന്ന പരിശീലകന്റെ തന്ത്രങ്ങളും ടീമിന് കരുത്താകുമെന്ന് തന്നെയായിരുന്നു ആരാധകരും ഉറച്ചുവിശ്വസിച്ചത്.
എന്നാല്‍ ആരാധകരുടെ പ്രതീക്ഷയാകെ തെറ്റിച്ചുകൊണ്ട് ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുകയായിരുന്നു.
ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കാനഡയെ തോല്‍പിച്ചായിരുന്നു ബെല്‍ജിയം തങ്ങളുടെ ലോകകപ്പ് ക്യാമ്പെയ്‌നിന് തുടക്കം കുറിച്ചത്. ഇതാണ് ബെല്‍ജിയം എന്ന് പറയാന്‍ സാധിക്കുന്ന കളിയായിരുന്നില്ല ടീം പുറത്തെടുത്തത്. എന്നിരുന്നാലും ടീമിന്റെ വിജയം താരങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ മൊറോക്കോയോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയതോടെ ആ കോണ്‍ഫിഡന്‍സ് ലെവല്‍ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ടീമിന്റെയും പ്രധാന താരങ്ങളുടെയും കോണ്‍ഫിഡന്‍സ് ഇല്ലാതായ ആ നിമിഷം മുതലാണ് യഥാര്‍ത്ഥത്തില്‍ ബെല്‍ജിയം തോറ്റുതുടങ്ങിയത്.
ഇതിനിടെ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയനിന്റെ വാക്കുകള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരുന്നു. തങ്ങള്‍ക്ക് പ്രായമായെന്നും ബെല്‍ജിയത്തിന് ലോകകപ്പ് നേടാന്‍ സാധ്യതയുണ്ടായിരുന്നുവെങ്കില്‍ അത് കഴിഞ്ഞ തവണയായിരുന്നു എന്നുമായിരുന്നു ഡി ബ്രൂയ്ന്‍ പറഞ്ഞത്.
‘കഴിഞ്ഞ തവണ മികച്ച പല താരങ്ങളും ടീമിലുണ്ടായിരുന്നു, എന്നാല്‍ അവരിപ്പോള്‍ ഞങ്ങള്‍ക്കൊപ്പമില്ല. പല യുവതാരങ്ങളും ടീമിലുണ്ടെങ്കിലും അവരുടെ വിടവ് നികത്താന്‍ പോന്നതല്ല,’ എന്നായിരുന്നു ഡി ബ്രൂയ്ന്‍ പറഞ്ഞത്.
എതിരില്ലാത്ത രണ്ട് ഗോളിന് മൊറോക്കോയോട് പരാജയപ്പെട്ടതോടെ താരത്തിന്റെ പരാമര്‍ശം വീണ്ടും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ടീമിനുള്ളില്‍ തന്നെ തര്‍ക്കങ്ങള്‍ക്കും കയ്യാങ്കളിക്കും വരെ ഈ പരാമര്‍ശം കാരണമായിരുന്നു.
ടീമിന്റെ ഗോള്‍ കീപ്പറായിരുന്ന കോര്‍ട്ടോയിസ്, കോച്ച് റോബര്‍ട്ടോ മാര്‍ട്ടീനസ് എന്നിവര്‍ ഡി ബ്രൂയ്‌നിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിരുന്നു.
മൊറോക്കോയോടേറ്റ തോല്‍വിയും താരത്തിന്റെ ഈ പരാമര്‍ശവും ഡ്രസ്സിങ് റൂമില്‍ കയ്യാങ്കളിക്ക് വരെ കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈ പരാമര്‍ശം യാന്‍ വെര്‍ട്ടോഹന്‍ മറ്റൊരു വഴിക്ക് വളച്ചൊടിച്ചതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മൊറോക്കോയുമായുള്ള മത്സര ശേഷം ഡ്രസിങ് റൂമിലെത്തിയ വെര്‍ട്ടോഹന്‍ ബെല്‍ജിയത്തിന്റെ തോല്‍വിക്ക് പ്രധാന കാരണം ആക്രമണത്തിന്റെ വേഗക്കുറവായിരിക്കുമല്ലേ എന്ന് ചോദിച്ചതോടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു.
തുടര്‍ന്ന് ബെല്‍ജിയം ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡ് കെവിന്‍ ഡി ബ്രൂയിനും വെര്‍ട്ടോഹനുമായി ശക്തമായ വാക്‌പോരിലേര്‍പ്പെട്ടു. വെര്‍ട്ടോഹന്‍ ഉള്‍പ്പെടുന്ന പ്രതിരോധ നിരക്ക് വേഗത ഇല്ലായിരുന്നെന്നും അതാണ് തോല്‍വിയുടെ കാരണമെന്നും ഹസാര്‍ഡ് ആരോപിച്ചു.
സംഭവം കൈവിട്ടുപോകും എന്ന അവസരത്തില്‍ സൂപ്പര്‍ സ്ട്രൈക്കര്‍ റൊമേലു ലുകാക്കു ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ഇതിന് ശേഷമാണ് ക്രൊയേഷ്യക്കെതിരായ മത്സരത്തിന് ബെല്‍ജിയമിറങ്ങിയത്. സമനിലയെങ്കിലും മതിയെന്നുറപ്പിച്ചാണ് മോഡ്രിച്ചും സംഘവും കളത്തിലിറങ്ങിയത്. എന്നാല്‍ ജയം മാത്രമായിരുന്നു ബെല്‍ജിയത്തിന് വേണ്ടിയിരുന്നത്.
ആ ജയത്തിലേക്കെത്താന്‍ പല അവസരങ്ങളും ബെല്‍ജിയത്തിനുണ്ടായിരുന്നു. പല ഗോള്‍ അവസരങ്ങളും അവര്‍ക്ക് മുമ്പില്‍ തുറന്നെങ്കിലും ലക്ഷ്യത്തിലേക്കെത്താന്‍ അവര്‍ക്ക് സാധിച്ചില്ല.
സൂപ്പര്‍ താരം റൊമേലു ലുകാകുവിന് പോലും കളത്തില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പന്തുതട്ടാന്‍ സാധിച്ചില്ല. താരത്തിന് ലഭിച്ച അവസരങ്ങളില്‍ ഒന്നെങ്കിലും വലയിലെത്തിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ബെല്‍ജിയം നോക്ക് ഔട്ട് കളിക്കുമായിരുന്നു.
എന്നാല്‍ അതിനാകാതെ സമനില വഴങ്ങി തങ്ങളുടെ ലോകകപ്പ് മോഹങ്ങളും അവസാനിപ്പിച്ചാണ് അവര്‍ മടങ്ങുന്നത്. അവരുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല, ആരാധകര്‍ക്കായി അവര്‍ തിരിച്ചുവരുമെന്നുറപ്പാണ്.
Content Highlight: What happened to Belgium in 2022 Qatar World Cup