ഏകദിന പരമ്പരയിലെ തോല്‍വിക്ക് ശേഷം ഇന്ത്യ തങ്ങളുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കിറങ്ങുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് (ഡിസംബര്‍ 14ന്) ചാറ്റോഗ്രാമില്‍ വെച്ച് നടക്കും.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ചേതേശ്വര്‍ പൂജാരയാണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റതിന് പിന്നാലെയാണ് രോഹിത് ശര്‍മ ആദ്യ ടെസ്റ്റില്‍ നിന്നും പുറത്തായത്.
നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ചാറ്റോഗ്രാമില്‍ വീണ്ടും ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. അന്നും ഇതുപോലെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തന്നെയായിരുന്നു ഇന്ത്യ കളിച്ചത്.
ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 79 റണ്‍സ് നേടി. 52 റണ്‍സെടുത്ത സേവാഗും 23 റണ്‍സെടുത്ത ഗംഭീറും വീണതോടെ ഇന്ത്യ പരുങ്ങി.
ഒരറ്റത്ത് മധ്യനിര ബാറ്റര്‍മാര്‍ തകര്‍ന്നടിയുമ്പോഴും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ ക്ലാസ് വ്യക്തമാക്കിക്കൊണ്ടിരുന്നു. 166 പന്തില്‍ നിന്നും പുറത്താകാതെ 105 റണ്‍സാണ് ടെന്‍ഡുല്‍ക്കര്‍ നേടിയത്. സച്ചിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യ അന്ന് 243 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്.
അന്ന് ഷാകിബ് അല്‍ ഹസനും ഷഹദത് ഹുസൈനും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി.
തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ 44ാം സെഞ്ച്വറിയായിരുന്നു സച്ചിന്‍ ചാറ്റോഗ്രാമില്‍ നേടിയത്. ഈ സെഞ്ച്വറിക്ക് പിന്നാലെ ടെസ്റ്റില്‍ 13,000 റണ്‍സ് നേടുന്ന ആദ്യ താരമാകാനും സച്ചിന് സാധിച്ചു.
ആദ്യ ഇന്നിങ്‌സില്‍ 243 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ബംഗ്ലാദേശിന് 242 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഏഴാം വിക്കറ്റില്‍ 108 റണ്‍സിന്റെ പാര്‍ട്‌നര്‍ഷിപ്പുണ്ടാക്കിയ മഹ്‌മദുള്ളയും മുഷ്ഫിഖര്‍ റഹീമുമാണ് ബംഗ്ലാ സ്‌കോറിങ്ങില്‍ കരുത്തായത്. മഹ്‌മദുള്ള 69 റണ്‍സ് നേടിയപ്പോള്‍ റഹീം 44 റണ്‍സ് നേടി പുറത്തായി.
ഇന്ത്യന്‍ നിരയില്‍ സഹീര്‍ ഖാനും അമിത് മിശ്രയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇഷാന്ത് ശര്‍മയും ശ്രീശാന്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഒറ്റ റണ്‍സിന്റെ ലീഡുമായി തങ്ങളുടെ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ ഗംഭീറിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ 413ന് എട്ട് എന്ന നിലയില്‍ നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
415 ടാര്‍ഗെറ്റുമായി കളി തുടങ്ങിയ ബംഗ്ലാ കടുവകള്‍ക്ക് കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല. ടീം സ്‌കോര്‍ 135ല്‍ നില്‍ക്കവെ അഞ്ച് മുന്‍നിര ബംഗ്ലാ വിക്കറ്റുകള്‍ നിലംപൊത്തിയിരുന്നു.
എന്നാല്‍ ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ മുഷ്ഫിഖര്‍ റഹീം ചെറുത്തുനിന്നു. താരത്തിന്റെ സെഞ്ച്വറി ബംഗ്ലാദേശിനെ 300 കടത്തി.
പക്ഷേ ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന വിക്കറ്റും നഷ്ടമായപ്പോള്‍ ബംഗ്ലാദേശ് 301ന് ഓള്‍ ഔട്ടാവുകയും ഇന്ത്യ 114 റണ്‍സിന്റെ വിജയം ആഘോഷിക്കുകയുമായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയുമാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.
Content Highlight: What happened the last time India played a Test at Chattogram? India vs Bangladesh