| Monday, 31st July 2023, 6:13 pm

മറ്റ് സംഭവങ്ങള്‍ പറഞ്ഞ് ന്യായീകരിക്കരുത്; മണിപ്പൂരില്‍ എത്ര എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു? സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂരില്‍ സംഭവിച്ചത് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. മറ്റ് സ്ഥലങ്ങളിലും ഇത് സംഭവിക്കുന്നുണ്ടെന്ന് പറഞ്ഞ് ന്യായീകരിക്കരുതെന്നും കോടതി പറഞ്ഞു.

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച കേസ് പരിഗണിക്കവേ ബംഗാളിലും, രാജസ്ഥാനിലും, ഛത്തീസ്ഗഡിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന ഒരു അഭിഭാഷകന്റെ വാദത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ എല്ലാ ഭാഗങ്ങളിലും നടക്കുന്നുണ്ടെന്ന വസ്തുത പറഞ്ഞിട്ട് ഒരു നേട്ടവുമില്ല. മറ്റ് സ്ഥലങ്ങളിലും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ് നിങ്ങള്‍ക്ക് മണിപ്പൂരിലെ സംഭവങ്ങളെ ന്യായീകരിക്കാന്‍ പറ്റില്ല.

മണിപ്പൂരിനെ എങ്ങനെയാണ് നാം സമീപിക്കുന്നതെന്നതാണ് ചോദ്യം. ഇന്ത്യയിലെ എല്ലാവരെയും സംരക്ഷിക്കുവെന്നാണോ അതോ ആരെയും സംരക്ഷിക്കരുതെന്നാണോ നിങ്ങള്‍ പറയുന്നത്?’ ചന്ദ്രചൂഡ് ചോദിച്ചു.

മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ സ്ത്രീകള്‍ക്ക് സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിശാലമായ സംവിധാനം വേണം.

ആഭ്യന്തര സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ നിന്ന് ഇത് വ്യക്തമാണ്. രണ്ട് സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ, മറ്റെല്ലാ സ്ത്രീകള്‍ക്കും നീതി ലഭ്യമാകുന്ന ഒരു സംവിധാനം കൊണ്ടുവരാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

പരാതികള്‍ ഫയല്‍ ചെയ്യപ്പെടുന്നുവെന്നും എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കാനും ഞങ്ങള്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്,’ അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ എത്ര എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചന്ദ്രചൂഡ് അറ്റോര്‍ണി ജനറലിനോട് ചോദിച്ചു.

അതേസമയം മണിപ്പൂരില്‍ എത്ര കേസുകള്‍ നടക്കുന്നുവെന്ന ഡാറ്റ പോലും സര്‍ക്കാരിന്റെ പക്കലില്ലെന്ന് കുകി വനിതകള്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ പറഞ്ഞു.

‘എത്ര കേസുകള്‍ നടന്നിട്ടുണ്ടെന്നുള്ള ഡാറ്റ സര്‍ക്കാരിന്റെ പക്കലില്ല. സംസ്ഥാനത്തിന്റെ സ്ഥിതിഗതികളാണ് ഇതിലൂടെ വ്യക്തമാകുന്നത്. അക്രമകാരികളെ പൊലീസ് സംരക്ഷിക്കുകയായിരുന്നുവെന്നും കപില്‍ സിബല്‍ പറഞ്ഞു.

സംഭവം നടക്കുന്നത് മെയ് നാലിനാണ്. മെയ് 18ന് സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജൂണില്‍ സംഭവം നടന്ന പരിധിയിലുള്ള സ്റ്റേഷനിലേക്ക് എഫ്.ഐ.ആര്‍ കൈമാറുന്നു.

ജൂലൈ 19ന് വീഡിയോ വൈറലായതിനും, കോടതി ഇടപെട്ടതിനും ശേഷമാണ് കേസില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. അതിജീവിതമാര്‍ക്ക് അന്വേഷണത്തില്‍ ആത്മവിശ്വാസം ഉണ്ടാകണം,’ കപില്‍ സിബല്‍ പറഞ്ഞു.

കേസ് സി.ബി.ഐക്ക് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെയും കപില്‍ സിബല്‍ എതിര്‍ത്തു. കേസ് അസമിലേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ നീക്കത്തെയും സ്ത്രീകള്‍ക്ക് വേണ്ടി കപില്‍ സിബല്‍ എതിര്‍ത്തു.

എന്നാല്‍, കേസ് അസമിലേക്ക് മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. കോടതിക്ക് അനുയോജ്യമെന്ന് തോന്നുന്നിടത്തേക്ക് കേസ് മാറ്റാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും മേത്ത പറഞ്ഞു.

‘അതിജീവിതമാര്‍ വളരെ ഭയത്തിലാണ് ജീവിക്കുന്നത്. അവര്‍ സി.ബി.ഐ സംഘത്തോട് സത്യം പറയുമോ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. അവര്‍ക്ക് സത്യം പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരിക്കണം,’ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് പറഞ്ഞു.

ഈ അന്വേഷണത്തില്‍ രാഷ്ട്രീയവും അല്ലാതെയുമുള്ള സങ്കീര്‍ണതകളുണ്ടെന്ന് പറഞ്ഞ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

CONTENT HIGHLIGHTS: What happened in Manipur cannot be justified; How many FIRs were registered? Supreme Court to the Centre

We use cookies to give you the best possible experience. Learn more