ചെന്നൈ: കര്‍ണാടകയില്‍ അധികാരം പിടിക്കാന്‍ ബി.ജെ.പി നടത്തിയ നീക്കങ്ങളെ വിമര്‍ശിച്ച് രജനീകാന്ത്. ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് 15 ദിവസം നല്‍കിയ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ കളിയാക്കലാണെന്ന് രജനീകാന്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം കര്‍ണാടകയിലുണ്ടായത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ഉത്തരവിറക്കി ജനാധിപത്യത്തെ സംരക്ഷിച്ച സുപ്രീംകോടതിയോട് നന്ദി പറയുന്നുവെന്നും രജനീകാന്ത് പറഞ്ഞു.
ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിപക്ഷം തികയ്ക്കാനാകാതെ വിശ്വാസവോട്ടെടുപ്പിന് മുന്‍പെയായി യെദ്യൂരപ്പയ്ക്ക് രാജിവെക്കേണ്ടി വന്നിരുന്നു.
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച രജനീകാന്ത് തമിഴ്‌നാട്ടില്‍ ബി.ജെ.പിയുമായി ഒരുമിച്ച് പോകുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിനിടിയിലാണ് ബി.ജെ.പിയെ വിമര്‍ശിച്ച് രജനീകാന്ത് രംഗത്തെത്തിയിരിക്കുന്നത്.