| Thursday, 1st December 2022, 11:28 pm

ലോകകപ്പിന്റെ സൗന്ദര്യമായി മൊറോക്കോ; സാധ്യത കല്‍പ്പിച്ച ബെല്‍ജിയം പുറത്താകുന്നു; ഗ്രൂപ്പ് എഫില്‍ സംഭവിച്ചത്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ സാധ്യത കല്‍പ്പിച്ചിരുന്ന നിലവിലെ ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ലൂക്കാ മോഡ്രിച്ചിന്റ ക്രൊയേഷ്യയോട് സമനില വഴങ്ങിയതാണ് യൂറോപ്യന്‍ വമ്പന്മാര്‍ക്ക് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്കുള്ള വഴികാണിച്ചത്.

ഗോളില്ലാ സമനിലയിലാണ് ക്രൊയേഷ്യയും ബെല്‍ജിയവും തമ്മിലുള്ള മത്സരം പിരിഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ കാനഡയോട് മാത്രമാണ് ബെല്‍ജിയത്തിന് വിജയിക്കാനായത്. അതും വെറും ഒരു ഗോളിന്. രണ്ടാം മത്സരത്തില്‍ മൊറോക്കയോട് 2-0 തോറ്റ ബെല്‍ജിയം നിര്‍ണായക മത്സരത്തിലും സമനിലക്കുരുക്ക് ഏറ്റുവാങ്ങിയിരിക്കുകയാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരവും വിജയിച്ച് ആഫ്രിക്കന്‍ ശക്തികളായ മൊറോക്കൊ ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് രണ്ടാം റൗണ്ടിലെത്തുന്നത്.

കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് മൊറോക്കോ ഖത്തര്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റുറപ്പിച്ചത്. നാലാം മിനിട്ടില്‍ ഹാകിം സിയെച്ച് 23ാം മിനിട്ടില്‍ യൂസഫ് എന്‍ നെസിറി എന്നിവരാണ് മത്സരത്തില്‍ മൊറോക്കോക്കായി ഗോള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില വഴങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരവും ആധികാരിമായി വിജയിക്കാന്‍ മൊറോക്കോക്കായിരുന്നു.

അതേസമയം, ക്രൊയേഷ്യയാണ് രണ്ടാം സ്ഥാനക്കാരായി ഈ ഗ്രൂപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച മറ്റൊരു ടീം. മൊറോക്കോയോടും ബെല്‍ജിയത്തോടും സമനില വഴങ്ങിയ ക്രൊയേഷ്യ കാനഡയെ 4-1ന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ കളിച്ച മൂന്ന് മത്സരവും പരാജയപ്പെട്ടാണ് കാനഡ ഖത്തര്‍ വിടുന്നത്.

Content Highlight:  What happened in Group F, Morocco became the beauty of the World Cup as group champions; Belgium, who command the odds, are out

We use cookies to give you the best possible experience. Learn more