| Monday, 15th May 2023, 10:31 pm

ബാലരാമപുരത്ത് നടന്നത് ഇന്‍സ്റ്റിറ്റിയൂഷന്‍ മര്‍ഡറാണ്; കൊലപാതകമാണ്

ജംഷിദ് പള്ളിപ്രം

ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വീട്ടില്‍ ഫോണ്‍ വിളിക്കാന്‍ അനുവാദം. വിളി കാണാഞ്ഞിട്ട് ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചപ്പോള്‍ അവസാനം കേട്ടത് ഉമ്മാ എന്നെ കൂട്ടി കൊണ്ടുപോ എന്ന മകളുടെ നിലവിളിയാണ്. ഭയന്ന് ഉടനെ കോളേജിലെത്തിയ ആ ഉമ്മ മടങ്ങുന്നത് മകളുടെ മയ്യിത്തുമായാണ്.
പതിനേഴുകാരിയായ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിടുക. ആശുപത്രിയില്‍ എത്തിക്കാതിരിക്കുക. ശേഷം മകളെ കാണാനെത്തിയ ഉമ്മയും ഓട്ടോ തൊഴിലാളിയും കൂടി ആശുപത്രിയിലേക്ക് കൊണ്ടുപോവുക.

അസ്മിയ

തിരുവനന്തപുരം ബാലരാമപുരത്ത് ഒരു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തയില്‍ കണ്ട അത്യന്തം ഗൗരവമായ കാര്യം അവിടെ നടന്ന മനുഷ്യാവകാശ ലംഘനമാണ്. ഏഴുദിവസത്തിനിടെ ഒരു തവണ മാത്രമാണ് ഒരു വിദ്യാര്‍ത്ഥിക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ സാധിക്കുന്നതെങ്കില്‍ ജയിലിന് സമാനമാണ് ആ വിദ്യാഭ്യാസ സ്ഥാപനം.

മതത്തിന്റെ ചട്ടക്കൂടില്‍ ഇസ്‌ലാമിക പഠനം എന്ന തലക്കെട്ടില്‍ നാടുനീളെ ഫ്‌ളെക്‌സടിച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
എന്താണ് ആ ചട്ടകൂട്..?വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മതത്തെ വികലമാക്കി ഇസ്‌ലാം എന്നാല്‍ ജയിലിന് സമാനമായ ഒരു ജീവിതസംഹിതയാണെന്ന് പഠിപ്പിക്കുന്നതാണോ.

വീട്ടിലേക്ക് ഫോണ്‍ ചെയ്യുക എന്ന മനുഷ്യരുടെ കേവല സ്വാതന്ത്യം പോലും ഹനിച്ചുണ്ടാക്കുന്ന ചട്ടകൂട് ഇസ്‌ലാമികമല്ലെന്ന് ഉറപ്പാണ്.
മതസ്ഥാപനമായാലും ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും അത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന തങ്ങളുടെ മക്കള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനുള്ള ബാധ്യത മാതാപിതാക്കള്‍ക്കുണ്ട്.

സ്ഥാപനത്തെയോ സ്ഥാപനത്തിലെ ആളുകളെയോ വിശ്വസിച്ച് എവിടെയും മക്കളെ അയക്കരുത്. ജില്ലയോ സംസ്ഥാനമോ രാജ്യമോ അകലയാണെങ്കിലും സെക്കന്റുകള്‍ കൊണ്ട് കുടുംബവുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ടെക്‌നോളജികളുള്ള കാലത്താണ് ഒരാഴ്ചക്കാലം മക്കളെ കുറിച്ച് അറിയാതെ അവരനുഭവിക്കുന്ന പീഡനങ്ങള്‍ അറിയാതെ ഇവിടെ കുടുംബങ്ങള്‍ കഴിയുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗഹാര്‍ദ അന്തരീക്ഷമുണ്ടാക്കുന്നതിന് പകരം ഭയപ്പെടുത്തിയും പീഡിപ്പിച്ചും ചട്ടകൂടെന്ന പേരില്‍ ജയിലുകളാക്കി മാറ്റുകയല്ല വേണ്ടത്. ബാലരാമപുരത്ത് നടന്നത് ഇന്‍സ്റ്റിറ്റിയൂഷന്‍ മര്‍ഡറാണ്. കൊലപാതകമാണ്. കുറ്റക്കാരായ ആളുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. അസ്മിയക്ക് നീതി ഉറപ്പാക്കണം. പീഡിപ്പിച്ചും അവകാശങ്ങള്‍ നിഷേധിച്ചും എന്തുതന്നെ പഠിപ്പിച്ചാലും ആ പെണ്‍കുട്ടിയെ കൊന്നവരോട് പടച്ചോന്‍ പൊറുക്കില്ല.

content highlight: What happened in Balaramapuram was an institution murder. It is murder

ജംഷിദ് പള്ളിപ്രം

We use cookies to give you the best possible experience. Learn more