| Saturday, 23rd December 2023, 6:26 pm

മൂന്ന് പേരും വീണ്ടും നേര്‍ക്ക് നേര്‍; ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ സംഭവിച്ചത് 2018ന്റെ ആവര്‍ത്തനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2023 ക്രിസ്മസ് സീസണിലും അത്യാവേശത്തിലാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസ്. ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കി, പ്രഭാസ് ചിത്രം സലാര്‍ എന്നീ വമ്പന്‍ ചിത്രങ്ങളാണ് ക്രിസ്മസിന് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. കേരളത്തിലെ തിയേറ്ററുകള്‍ നിറക്കാന്‍ മോഹന്‍ലാലിന്റെ നേരുമുണ്ട്. ഇതിന് പുറമേ ഹോളിവുഡില്‍ നിന്നും അക്വാമാന്‍ ആന്‍ഡ് ദി ലോസ്റ്റ് കിങ്ഡവുമുണ്ട്.

ഒരു തരത്തില്‍ നോക്കുകയാണെങ്കില്‍ 2018ന്റെ ആവര്‍ത്തനം 2023ല്‍ വീണ്ടും സംഭവിച്ചിരിച്ചിരിക്കുകയാണ്. 2018 ഡിസംബറിലായിരുന്നു പ്രശാന്ത് നീലിന്റെ കെ.ജി.എഫ് 1 റിലീസ് ചെയ്തത്. അതേ ദിവസം തന്നെ ഷാരൂഖ് ചിത്രം സീറോയും റിലീസ് ചെയ്തിരുന്നു. ഒപ്പം അക്വാമാനും റിലീസിനുണ്ടായിരുന്നു.

2023ലും ഒരു പ്രശാന്ത് നീല്‍ ചിത്രത്തിനൊപ്പം മത്സരിക്കാന്‍ ഷാരൂഖ് ഖാനുമുണ്ട്. ഒപ്പം അക്വാമാനും. 2018ലെ ക്രിസ്മസിന്റെ ആവര്‍ത്തനത്തിന് 2023 ക്രിസ്മസിലും ഇന്ത്യന്‍ ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുകയാണ്.

അതേസമയം ഈ വര്‍ഷത്തെ ക്രിസ്മനസ് റിലീസില്‍ ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത് സലാറാണ്. ഡിസംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം 178 കോടിയാണ് കളക്ട് ചെയ്തത്. പ്രഭാസിനൊപ്പം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം ഷാരൂഖ് ഖാന്റെ ഡങ്കി 50 കോടിയാണ് ആദ്യദിനം നേടിയത്. കോടി ക്ലബ്ബില്‍ ഇടംപിടിച്ചെങ്കിലും ഈ വര്‍ഷം പുറത്തിറങ്ങിയ ഷാരൂഖിന്റെ മുന്‍ചിത്രങ്ങളെ അപേക്ഷിച്ച് ഡങ്കിക്ക് കളക്ഷന്‍ കുറവാണ്. ആദ്യ ദിനത്തില്‍ പത്താന്‍ 57 കോടിയും ജവാന്‍ 89.5 കോടിയും നേടിയിരുന്നു.

രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ബൊമാന്‍ ഇറാനി, തപ്‌സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: What happened at the Indian box office is a repeat of 2018

We use cookies to give you the best possible experience. Learn more