പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ ചരിത്രവിധി വന്നിട്ട് ഒരുമാസം തികയുന്നു. വിശ്വാസത്തിന്റെ കാര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകള്‍ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടത്. വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നും നിരീക്ഷിച്ച കോടതി സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണെന്നും ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരായ ഏതെങ്കിലും വിവേചനത്തോട് എതിരാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ഹിന്ദു ധര്‍മ്മശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മിഷനെ നിയോഗിച്ച് പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് ക്ഷേത്രാരാധന അനുവദിക്കാമോ എന്ന് മനസിലാക്കണമെന്ന് കോടതിയോട് അപേക്ഷിച്ച സര്‍ക്കാര്‍ കോടതിവിധി പ്രകാരം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ഈ വിഷയത്തില്‍ ഒരു നിയമനിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീംകോടതിയെ അറിയിച്ചു.
ചരിത്രവിധിയെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്വാഗതം ചെയ്‌തെങ്കിലും ബി.ജെ.പി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. വിധിയെ തള്ളിപ്പറഞ്ഞ് ആദ്യം തന്നെ രംഗത്തെത്തിയ ചില ഹൈന്ദവ സംഘടനകള്‍ക്ക് പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയും പിന്തുണക്കുകയായിരുന്നു.
എന്നാല്‍ വിധി നടപ്പിലാക്കുമെന്നും ദര്‍ശനത്തിനെത്തുന്ന സത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ സംശയത്തിന് ഇടം നല്‍കാതെ അറിയിച്ചത്. സി.പി.ഐ.എമ്മും സി.പി.ഐയും തുടങ്ങി ഇടതു സംഘടനകളും ചില ദളിത് സംഘടനകളും വിധിയെ സ്വാഗതം ചെയ്യുകയും വിധി നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ നിലപാടിന് പിന്തുണ നല്‍കുകയും ചെയ്തു.
സുപ്രീം കോടതിയുടെ വിധിയെ മുന്‍നിര്‍ത്തി ഇതുവരെ പതിനൊന്നോളം സ്ത്രീകളാണ് ശബരിമലയില്‍ എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഒരാള്‍ക്ക് പോലും ഇതുവരെ പതിനെട്ടാം പടികയറി സന്നിധാനത്തെത്താന്‍ കഴിഞ്ഞിട്ടില്ല.
ശബരിമല കയറി തിരിച്ചിറങ്ങിയവര്‍
മാധവി
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനി മാധവിയാണ് വിധിയും കുടുംബവുമാണ് കോടതി വിധിക്ക് ശേഷം ആദ്യമായി പമ്പയിലെത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ തിരിച്ചുപോവുകയായിരുന്നു. സ്വാമി അയ്യപ്പന്‍ റോഡ് കടന്നെത്തിയ ഇവര്‍ക്ക് അതുവരെ പൊലീസ് സംരക്ഷണമുണ്ടായിരുന്നില്ല. ഗാര്‍ഡ് റൂം കടന്ന് മല കയറാനൊരുങ്ങിയ ഇവരെ “സേവ് ശബരിമല” പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
ശരണം വിളിച്ചും ആക്രോശിച്ചും പ്രതിഷേധക്കാര്‍ ചുറ്റും കൂടിയതോടെ കുടുംബം പരിഭ്രാന്തിയിലാവുകയായിരുന്നു. ഇവരുടെ പ്രായമാണ് പിന്നെ സമരക്കാര്‍ ചോദിച്ചത്. അമ്പത് വയസ്സിന് താഴെയാണെന്ന് പറഞ്ഞതോടെ പോകാനനുവദിയ്ക്കില്ലെന്ന് പറഞ്ഞ് സമരക്കാര്‍ ആക്രമണഭീഷണി മുഴക്കാന്‍ തുടങ്ങി. ചിലര്‍ ഇവരെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നു. തുടര്‍ന്നാണ് പൊലീസെത്തിയത്. കനത്ത സംരക്ഷണത്തില്‍ ഇവരെ ഗണപതിക്ഷേത്രം വരെ എത്തിയ്ക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സമരക്കാര്‍ മുന്നില്‍ ഓടി. ഇവരെ തടയുമെന്ന് സമരക്കാര്‍ വ്യക്തമാക്കിയതോടെ, പൊലീസ് പിന്‍വാങ്ങുകയായിരുന്നു.
ലിബി
ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനി ലിബിയ്ക്കാണ് പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങേണ്ടി വന്നത്. സെപ്തംബര്‍ 27 രാവിലെ പത്തുമണിയോടെയാണ് സന്നിധാനത്തേക്ക് പോവാനായി ലിബി പത്തനംതിട്ട ബസ്റ്റാന്റില്‍ എത്തിയത്. വിവരമറിഞ്ഞെത്തിയ ചിലര്‍ ചോദ്യം ചെയ്തു. പിന്നെ ആക്രോശവും അസഭ്യവും. പ്രതിഷേധക്കാരുടെ എണ്ണം കൂടിയതോടെ പൊലീസ് ഏറെ പ്രയാസപ്പെട്ടു. ബസ് സ്റ്റാന്റില്‍നിന്ന് പെട്ടന്നുതന്നെ സ്റ്റേഷനിലേക്ക് മാറ്റി. മലകയറാന്‍ സംരക്ഷണം വേണമെന്ന ലിബിയുടെ ആവശ്യം പൊലീസ് തളളിയതോടെ വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ലിബിയെ തടഞ്ഞ് പ്രശ്‌നമുണ്ടാക്കിയ അമ്പതോളംപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തുംവിധം ഫേസ് ബുക്കില്‍ പോസ്റ്റിട്ടുവെന്നാരോപിച്ച് യുവതിക്കെതിരെയും കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തുംവിധം നവമാധ്യമങ്ങളില്‍ ഇടപെട്ടുവെന്ന് കാണിച്ച് ബി.ജെ.പി ജില്ലാനേതൃത്വം കൊടുത്ത പരാതിയിലായിരുന്നു കേസ്.
കവിത
ശബരിമലയില്‍ ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിത ജക്കാലയാണ് പിന്നീട് മലകയറാന്‍ എത്തിയത്. വന്‍ പോലീസ് സുരക്ഷയുടെ പിന്‍ബലത്തോടെയാണ് ഇവര്‍ മല കയറിയെങ്കിലും നടപ്പന്തലില്‍ വെച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. മോജോ ടി.വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറും അവതാരികയുമാണ് ആന്ധ്രാ സ്വദേശിയായ കവിത. സുപ്രീം കോടതി വിധി ഉയര്‍ത്തിപ്പിടിക്കാന്‍ കവിത ശബരിമല ക്ഷേത്ര ദര്‍ശനം നടത്തുന്നു എന്നാണ് മോജോ ടി.വി ഫേസ്ബുക്ക് പേജ് പറഞ്ഞത്. ഹൈദരാബാദ് സ്വദേശിയാണ് കവിത.
ജോലി സംബന്ധമായ ആവശ്യത്തിന് സന്നിധാനത്തേയ്ക്ക് പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കവിത പൊലീസിനെ സമീപിക്കുകയായിരുന്നു.
രഹന ഫാത്തിമ
ആന്ധ്രാ സ്വദേശി കവിതയോടൊപ്പമായിരുന്ന കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമയും ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ടത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടു കൂടിയാണ് രഹനയും മലകയറിയത്. എന്നാല്‍ നടപ്പന്തലില്‍ വെച്ച് നൂറോളം വരുന്ന പ്രതിഷേധക്കാര്‍ കുട്ടികളെ മുന്‍നിര്‍ത്തി ഇവരെ തടയുകയായിരുന്നു.
കൂടാതെ യുവതികള്‍ സന്നിധാനത്ത് കടന്നാല്‍ ശ്രീകോവില്‍ അടച്ചിടുമെന്ന് കണ്ഠരര് രാജീവര് അറിയിച്ചതോടെ പൊലീസിന് മുന്നില്‍ മറ്റു വഴിയില്ലാതായി. തിരിച്ചുപോകാതെ നിവൃത്തിയില്ലെന്നായിരുന്നു മലയിറങ്ങി രഹ്ന ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞത്.
യുവതികള്‍ പ്രവേശിച്ചാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന് തന്ത്രിയും പൊലീസിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയും നിര്‍ദ്ദേശിച്ചതോടയാണ് അവര്‍ക്ക് തിരിച്ചിറങ്ങേണ്ടി വന്നത്. തിരിച്ചിറങ്ങുമ്പോഴേക്കും ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ രഹനയുടെ വീട് ആക്രമിക്കുകയും സോഷ്യല്‍ മീഡിയയിലടക്കം സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ശക്തി തെളിയിക്കാനുള്ള ശ്രമമായുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു ഇവരുടെ യാത്രയെ കുറിച്ച് മന്ത്രി കടകംപള്ളി പറഞ്ഞത്.
മേരീ സ്വീറ്റി
ദര്‍ശനത്തിനെത്തുകയും എന്നാല്‍ പോലീസ് സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നുമാണ് മേരി സ്വീറ്റി പിന്‍വാങ്ങിയത്.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി നാല്‍പ്പത്താറുകാരിയായ മേരി സ്വീറ്റി കെ.എസ്.ആര്‍.ടി.സി ബസിലാണ് പമ്പയില്‍ എത്തിയത്. തിരക്കിനിടയില്‍ ആരുടെയും ശ്രദ്ധേയില്‍പെടാതെയാണ് ഇവര്‍ പമ്പാ ഗണപതി കോവിലില്‍ ദര്‍ശനം നടത്തിയതിനുശേഷം മല കയറാനായി എത്തിയത്.
ചെളിക്കുഴി കഴിഞ്ഞ് നീലിമലയ്ക്ക് താഴെ സ്വാമി അയ്യപ്പന്‍ റോഡ് തിരിയുന്ന ഭാഗത്തുവച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ഇവരെ ശ്രദ്ധിച്ചത്. ഷാര്‍ജയില്‍ മാധ്യമ പ്രവര്‍ത്തകയാണെന്ന് അവകാശപ്പെട്ട ഇവര്‍ ചുരിദാര്‍ ധരിച്ച് ബാഗും തൂക്കിയായിരുന്നു എത്തിയത്. താന്‍ ഭക്തയാണെന്നും അയ്യപ്പ ദര്‍ശനം നടത്താനാണ് എത്തിയതെന്നും മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രനോടുള്ള ബഹുമാനംകൊണ്ടാണ് ദര്‍ശനത്തിനെത്തിയതെന്നും അവര്‍ പറയുന്നുണ്ടായിരുന്നു.
എല്ലാ മതങ്ങളിലും വിശ്വസിക്കുന്ന തനിക്ക് ഏറെ നാളത്തെ ആഗ്രഹമായിരുന്നു ശബരിമല ദര്‍ശനം. ശബരിമല സംബന്ധിച്ച വിവാദം കത്തി നില്‍ക്കുമ്പോള്‍ ആറുമാസം മുമ്പ് താന്‍ മലകേറാന്‍ എത്തിയിരുന്നു. എന്നാല്‍ പോലീസ് സമ്മതിച്ചില്ല. മൂന്നു ദിവസമായി പമ്പയിലും നിലയ്ക്കലും നടന്നു വരുന്ന പ്രതിഷേധത്തെപ്പറ്റി അറിഞ്ഞിരുന്നു. എന്നാല്‍ ഒരു ശക്തി തന്നെ ശബരിമലയിലേക്ക് നയിക്കുകയായിരുന്നു. ദര്‍ശനം നടത്താന്‍ കഴിയാതെ രണ്ട് യുവതികള്‍ തിരികെ വരുന്നുവെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ധരിപ്പിച്ചപ്പോള്‍ അവര്‍ക്ക് അവസരം ഒരുക്കേണ്ടത് അധികൃതരാണ്. ഇപ്പോള്‍ തനിക്ക് സംരക്ഷണം നല്‍കേണ്ടതും അവരുടെ കടമയാണെന്നും മേരി സ്വീറ്റി വാദിച്ചു.
ഇതിനിടെ പോലീസ് എത്തി സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന കാര്യം അവരെ അറിയിച്ചു. രണ്ട് യുവതികള്‍ മലചവിട്ടാന്‍ പോയപ്പോള്‍ സംഭവിച്ച കാര്യങ്ങളും അവരോട് പറഞ്ഞു. ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് പോകാം. സംരക്ഷണം ചോദിക്കരുതെന്ന് പറഞ്ഞതോടെ പമ്പാ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അവര്‍ മടങ്ങുകയായിരുന്നു.
സുഹാസിനി
പൊലീസ് സുരക്ഷയൊരുക്കിയിട്ടും പ്രതിഷേധക്കാരെ തടയാനാവാതെ വന്നതോടു കൂടിയാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനിക്ക് തിരിച്ചിറങ്ങേണ്ടി വന്നത്. സംഘര്‍ഷത്തിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ തന്നെ തിരിച്ചിറങ്ങുകയായിരുന്നു. സംരക്ഷണത്തോടെ സന്നിധാനത്തേക്ക് പോയ സുഹാസിനിയേയും സഹപ്രവര്‍ത്തകന്‍ കാള്‍ സ്വാഹനെയും വിഴിമധ്യേ തടയുകയും തെറിവിളിക്കുകയും ചെയ്തിരുന്നു.
സന്നിധാനത്ത് നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് സുഹാസിനി മല ചവിട്ടിയത്. അന്വേഷണാത്മക പത്രപ്രവര്‍ത്തക എന്ന പേരില്‍ പേരെടുത്ത സുഹാസിനി രാജ് ലക്‌ന്വ സ്വദേശിയാണ്.
ഏറെ ശ്രദ്ധനേടിയ അന്വേഷണാത്മക റിപ്പോര്‍ട്ടുകളാണ് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തക എന്ന നിലയിലേക്ക് ഇവരെ ഉയര്‍ത്തിയത്. “ദ് ന്യൂയോര്‍ക്ക് ടൈംസി”ന്റെ ദില്ലിയിലെ സൗത്ത് എഷ്യ ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്നു ഇവര്‍. 2005 ല്‍ ആജ് തക്കില്‍ സംപ്രേഷണം ചെയ്ത ഓപ്പറേഷന്‍ ദുരിയോധന സുഹാസിനി രാജിന്റെ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകളിലൊന്ന്. എം.പിമാരുടെ കോഴ വെളിപ്പെടുത്തിയ കോബ്രപോസ്റ്റിന്റെ “ഓപ്പറേഷന്‍ ദുര്യോധന”യിലെ പ്രധാന പങ്കാളി കൂടിയായിരുന്നു സുഹാസിനി.
മഞ്ജു
ദര്‍ശനത്തിനെത്തിയ ദളിത് വനിതാ നേതാവ് മഞ്ജുവിനും മലകയറാന്‍ കഴിഞ്ഞില്ല. കടുത്ത പ്രതിഷേധമുണ്ടായെങ്കിലും കനത്ത മഴകാരണമാണ് ഇന്ന് മഞ്ജുവിന് മലകയറാന്‍ സാധിക്കാത്തത് എന്നാണ് പൊലീസ് പറഞ്ഞത്.
മഞ്ജുവിനെതിരായ കേസുകള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ പോലീസിന്റെ തീരുമാനമുണ്ടാവുക എന്നാണ് മുന്‍പേയുണ്ടായ റിപ്പോര്‍ട്ട്. സുരക്ഷാ സാഹചര്യം പരിഗണിക്കണമെന്ന പൊലീസിന്റെ അഭ്യര്‍ഥന മഞ്ജു നിരസിച്ചിരുന്നു. കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാനനേതാവാണ് മഞ്ജു.
ഇരുമുടിക്കെട്ടുമായി മാലയിട്ടാണ് മഞ്ജു പമ്പയിലെത്തിയത്. തുടര്‍ന്ന് പമ്പ പൊലീസ് സ്റ്റേഷനിലെത്തി തന്നെ സന്നിധാനത്ത് എത്തിക്കാന്‍ മഞ്ജു പൊലീസ് സഹായം ആവശ്യപ്പെടുകയായിരുന്നു.
തെലങ്കാനയില്‍ നിന്നുള്ള നാല് യുവതികള്‍ എത്തിയപ്പോഴും പൊലീസിന് സംരക്ഷണം നല്‍കാനായില്ല.
പ്രതിഷേധക്കാര്‍ സന്നിധാനത്തും നടപ്പന്തലിലും ഒക്കെയായി തടഞ്ഞുവെച്ച യുവതികളെല്ലാം തെലങ്കാനയില്‍ നിന്നുള്ള ഒറ്റ തീര്‍ഥാടകസംഘത്തില്‍പ്പെട്ടവരായിരുന്നു.
ശബരിമല ആചാരങ്ങളെ കുറിച്ചോ പ്രതിഷേധത്തെ കുറിച്ചോ അറിയാതെയാണ് ദര്‍ശനത്തിനെത്തിയതെന്നായിരുന്നു യുവതികള്‍ പൊലീസിനോട് പറഞ്ഞത്. പ്രശ്നം സൃഷ്ടിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ സ്വമേധയ തിരിച്ചുപോകാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.
രാവിലെയാണ് വാസന്തിയും ആദിശേഷിയും മലകയറാന്‍ എത്തിയത്. പമ്പയില്‍ സന്നിധാനത്തേക്ക് മല കയറാന്‍ തുടങ്ങി കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും പ്രതിഷേധക്കാര്‍ ഇവരെ തടയുകയായിരുന്നു. യുവതികള്‍ മലകയറുന്നത് തടയാന്‍ വഴിയില്‍ കിടന്നും ശരണമന്ത്രം ചൊല്ലിയുമായിരുന്നു പ്രതിഷേധം. തെലുങ്ക് മാത്രം അറിയാവുന്നതിനാല്‍ ഇവര്‍ക്ക് പ്രതിഷേധക്കാര്‍ പറയുന്നതൊന്നും മനസിലായിരുന്നില്ല. പൊലീസ് സംരക്ഷണം ഇല്ലാതെയായിരുന്നു ഇവര്‍ മലചവിട്ടാനെത്തിയത്. പ്രതിഷേധം കനത്തതോടെ പൊലീസ് എത്തി യുവതികളെ പമ്പാ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് നാല്‍പ്പത്തി രണ്ടും നാല്‍പ്പത്തിയഞ്ചുമായിരുന്നു പ്രായം. സംരക്ഷണം നല്‍കാമെന്നും എതിര്‍പ്പുണ്ടാകുമെന്നും അറിയിച്ചതിനാല്‍ യുവതികള്‍ പിന്‍മാറുകയായിരുന്നു.
ഇവര്‍ക്ക് ശേഷം ശബരിമല ദര്‍ശനത്തിനെത്തിയ പാലമ്മ എന്ന സ്ത്രീയെ മരക്കൂട്ടത്ത് വച്ചാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രായത്തില്‍ സംശയം തോന്നിയതിനാലാണ് പ്രതിഷേധക്കാര്‍ പാലമ്മയെ തടഞ്ഞത്. പൊലീസെത്തി തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ ആണ് ഇവര്‍ക്ക് 46 വയസ്സാണെന്ന് മനസിലായത്. തുടര്‍ന്ന് സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ഇവര്‍ക്ക് മുന്നില്‍ കിടന്നും ശരണം വിളിച്ചും പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് ഇവരെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബിന്ദു
തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ തിങ്കളാഴ്ചയാണ് ബിന്ദു ശബരമല ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു. ബിന്ദു സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് എരുമേലി പൊലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് സംരക്ഷണം നല്‍കാന്‍ തായ്യാറാകത്തതോടെയാണ് ബിന്ദു മടങ്ങിയത്.
എന്നാല്‍ അത്യന്തം നാടകീയത നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ യുവതി പ്രവേശം സാധ്യമാക്കണമെന്ന സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ കഴിയാതെ മാസ പൂജക്ക് ശേഷം നടയടച്ചു.
തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കിയാണ് ഹരിവരാസനാലാപനത്തോടെ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട അടച്ചത്. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിവാദങ്ങളും സംഘര്‍ഷവും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഇക്കുറി മാസ പൂജ. ആട്ട മഹോല്‍സവത്തിന് നവംബര്‍ 5-ാം തീയതി വൈകുന്നേരം ക്ഷേത്ര നട തുറക്കും. 6 ന് രാത്രി ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കും. തുലാമാസ പൂജകള്‍ തൊഴുത് അയ്യപ്പദര്‍ശന പുണ്യം നേടാനായി ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്ത് എത്തിയത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇക്കുറി നിരവധി തവണ സന്നിധാനവും പമ്പയും സംഘര്‍ഷ ഭുമിയായി.
എന്നാല്‍ വിധി നടപ്പിലാക്കുമെന്നും സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുമെന്നും തന്നെയാണ് മുഖ്യമന്ത്രി പിണറയി വിജയന്‍ ആവര്‍ത്തിച്ചു പറയുന്നത്.
ഇനി ഉറ്റുനോക്കുന്നത്. വീണ്ടും നടതുറക്കുമ്പോള്‍ കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിനാകുമോ എന്നും വീണ്ടും യുവതികള്‍ ശബരിമലയിലെത്തുമോ എന്നുമാണ്.