| Tuesday, 24th July 2018, 9:33 am

ഓസിലിന്റെ നിഴലാണോ പിന്നെ ഇക്കണ്ട അവാര്‍ഡുകളൊക്കെ സ്വന്തമാക്കിയത്?: ബയണ്‍ പ്രസിഡന്റിനെതിരെ ഓസിലിന്റെ ഏജന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ബെര്‍ലിന്‍: ജര്‍മ്മന്‍ താരം മെസൂട്ട് ഓസിലിനെ ഇകഴ്ത്തി സംസാരിച്ച ബയണ്‍ മ്യൂണിക്ക് പ്രസിഡന്റിനെതിരെ ഓസിലിന്റെ ഏജന്റ്. ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍.കോമിന് നല്‍കിയ അഭിമുഖത്തിലാണ് ഓസിലിന്റെ ഏജന്റ് ബയണ്‍ പ്രസിഡന്റ് യൂലി ഹോനെസിനെതിരെ ആഞ്ഞടിച്ചത്.

“”ഹോനെസിന്റെ സംസാരം വിഷയം മുഴുവന്‍ അട്ടിമറിക്കുന്നതാണ്. ജര്‍മ്മനിയിലെ വംശീയതയ്ക്കും അസമത്വത്തിനുമെതിരെ ഓസില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം ആണ് അയാളുടേത്”” ഓസിലിന്റെ ഏജന്റ് എര്‍ക്കൂട്ട് സോഗറ്റ് പറഞ്ഞു.

“”അയാള്‍ പറയുന്നത് ഒരുപാട് വര്‍ഷങ്ങളായി ഓസിലിന്റെ നിഴല്‍ മാത്രമാണ് മൈതാനത്ത് ഉള്ളതെന്നാണ്. ഏത് നിഴലാണ് ഇത്രയും അവാര്‍ഡുകളും വിജയങ്ങളും സ്വന്തമാക്കുന്നത്? 2018 ലോകകപ്പില്‍ മറ്റേത് ജര്‍മ്മന്‍ താരത്തേക്കാളും അവസരങ്ങള്‍ സൃഷ്ടിച്ചത് ഓസിലാണ്. എന്നിട്ടും ഓസില്‍ മാത്രമാണ് വിമര്‍ശിക്കപ്പെടുന്നത്. ബയണ്‍ മ്യൂണിക്കില്‍ നിന്നും 8 കളിക്കാരുണ്ട് ജര്‍മ്മന്‍ ടീമില്‍. അവരുടെ പ്രകടനത്തെ പറ്റി പ്രസിഡന്റിന് എന്താണ് പറയാനുള്ളത്? സോഗട്ട് ചോദിച്ചു.


ALSO READ: ഒരു ക്രോസ്പാസ് കൊടുത്താല്‍ നല്ല കളിയാണെന്നാണ് കരുതുന്നത്; ദുരന്തം അവസാനിച്ചതില്‍ സന്തോഷമുണ്ട്” ; ഓസിലിനെതിരെ ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ്


“”മികച്ച ഫുട്‌ബോള്‍ മാനേജര്‍മാരായ ജോചിം ലോ, ആര്‍സീന്‍ വെങ്ങര്‍, ജോസെ മൗറീഞ്ഞോ എന്നിവരെ പറ്റി എന്താണ് ഇയാളുടെ അഭിപ്രായം. ഇവരൊക്കെ മെസൂട്ടിനെ ഏറ്റവും മികച്ചവന്‍ എന്ന് വാഴ്ത്തിയവരാണ്. ഫുട്‌ബോള്‍ താരങ്ങളെ വിലയിരുത്തുന്നതില്‍ ഇവരേക്കാള്‍ മുകളിലാണോ ഹോനസ്.?”” സോഗട്ട് പറഞ്ഞതായി ഗോള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓസിലിനെതിരെ ഉയര്‍ന്ന എല്ലാ വംശീയ അധിക്ഷേപങ്ങളേയും പരിഹാസങ്ങളേയും വിമര്‍ശിച്ച സോഗട്ട് ബയണ്‍ പ്രസിഡന്റിന് ജര്‍മ്മനിയിലെ വംശീതയുണ്ട് എന്ന വേദനിപ്പിക്കുന്ന സത്യം അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നും പറയുന്നുണ്ട്.


ALSO READ: 20 പന്തില്‍ 48 റണ്‍സ്; കെ.എസ്.എല്ലിലെ അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച് മന്ദാന


ഇന്നലെയാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്ലബ് മ്യൂണിക്കിന്റെ പ്രസിഡന്റ് ഹോനസ് ഓസിലിനെ വിമര്‍ശിച്ചത്.

“ഒരു ഫോട്ടോയുടെ മറവില്‍ തന്റെ മോശം കളി മറച്ചുവെക്കാനാണ് ഓസില്‍ ശ്രമിക്കുന്നത്. ഓസിലിന്റെ 35 മില്ല്യണ്‍ ഉണ്ടെന്ന് പറയുന്ന യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ആരാധകര്‍ കരുതുന്നത്, ഓസില്‍ ഒരു ക്രോസ്പാസ് കൊടുത്താല്‍ നല്ല കളിയാണെന്നാണ്” ഹോനെസ് ആരോപിച്ചു.ഹോനസ് പറഞ്ഞു.

ദുരന്തം അവസാനിച്ചതില്‍ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായി ഓസില്‍ മോശം കളിയാണ് കാഴ്ചവെച്ചതെന്നും ഹോനെസ് ആരോപിച്ചിരുന്നു.

വംശീയധിക്ഷേപത്തെ തുടര്‍ന്നാണ് കളിയവസാനിപ്പിക്കാന്‍ ഓസില്‍ തീരുമാനമെടുത്തത്. തുര്‍ക്കി ബന്ധം ആരോപിച്ച് തനിക്കും കുടുംബത്തിനുമെതിരെ നിരന്തരം ഭീഷണിയും വംശീയ അവഹേളനവുമുണ്ടെന്നും ജര്‍മ്മനിയ്ക്കായി ഇനിയും ബൂട്ട് കെട്ടാനില്ലെന്നും ഓസില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more