വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനം അന്താരാഷ്ടര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതി ചര്‍ച്ചയാവുന്നു. സന്ദര്‍ശനത്തിന്റെ അന്നു തന്നെയാണ് ദല്‍ഹിയില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കു നേരെ വ്യാപക ആക്രമണം നടന്നത്. ട്രംപിന്റെ വരവിനിടയിലും അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം കൃത്യമായ പ്രധാന്യം ദല്‍ഹിയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് നല്‍കി. ഒട്ടു മിക്ക അന്താരാഷ്ട്ര മാധ്യമങ്ങളുടെയും അന്നത്തെ ട്രംപ് സന്ദര്‍ശനത്തിന്റെ വാര്‍ത്തകള്‍ ദല്‍ഹി ആക്രമണങ്ങളുടെ പിന്നിലായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ മാധ്യമങ്ങള്‍ ദല്‍ഹി ആക്രമണത്തിനേക്കാള്‍ പ്രാധാന്യം ട്രംപിന്റെ സന്ദര്‍ശനത്തിന് നല്‍കി എന്ന ആരോപണത്തിനിടയിലാണ് ഇവ ചര്‍ച്ചയാവുന്നത്.
ന്യൂദല്‍ഹി ഹിന്ദു-മുസ്‌ലീം തര്‍ക്കവേദിയായി എന്ന തലക്കെട്ടോടെയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ആദ്യ ആര്‍ട്ടിക്കിള്‍ പ്രത്യക്ഷപ്പെട്ടത്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം വാര്‍ത്തയ്ക്കുള്ളിലാണ് ഇവര്‍ പരാമര്‍ശിച്ചത്.
അടുത്ത ലേഖനത്തില്‍ വന്ന പരാമര്‍ശം ഇങ്ങനെയാണ്, ‘ ഹൈദരാബാദ് ഹൗസില്‍ ട്രംപും മോദിയും തങ്ങളുടെ സൗഹൃദം ആഘോഷിക്കുകയും ഒറ്റക്കെട്ടായതും നൂതന ഇന്ത്യയെയും പറ്റി സംസാരിച്ചപ്പോള്‍ നഗരങ്ങളില്‍ മോദിയുടെ വിഭജനപരമായ നടപടികള്‍ ബാക്കിവെച്ചത് ജനരോഷങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും മൃതശരീരങ്ങളുമാണ്,’ എന്നാണ്
വാഷിംഗ് ടണ്‍ പോസ്റ്റിലും ദല്‍ഹി ആക്രമണം വാര്‍ത്താ പ്രാധാന്യം നേടി. ഒപ്പം പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് ട്രംപ് മറുപടി നല്‍കാത്തതും വാഷിംഗ്ടണ്‍ പോസ്റ്റ് എടുത്ത് പറഞ്ഞു.
ട്രംപിന്റെ സന്ദര്‍ശനത്തിനിടയില്‍ നടന്ന ആക്രമണത്തിന് തന്നെയാണ് ദ ഗാര്‍ഡിയനിലും പ്രധാന്യം ലഭിച്ചത്.
യു.എസ് പ്രസിഡന്റിന് ഇന്ത്യ ചുവന്ന പരവതാനി വിരിച്ചു പക്ഷെ വലിയ സംഘര്‍ഷമാണ് ഇന്ത്യയില്‍ നടന്നതെന്നാണ് എ.എഫ്.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തിങ്കളാഴ്ചയാണ് ഇന്ത്യാ സന്ദര്‍ശനത്തിനായി ട്രംപും കുടുംബവും ഇന്ത്യയിലെത്തിയത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കു നേരെ ഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചു വിട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇന്നലെയും ഇന്നുമായി 20 പേരാണ് കൊല്ലപ്പെട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മൂന്ന് ധാരണപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മാനസികാരോഗ്യരംഗത്തെ ചികിത്സ, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ വിഷയങ്ങളില്‍ അമേരിക്കയും ഇന്ത്യയും സഹകരിക്കുമെന്നാണ് ധാരണയായത്.