മുംബൈ: മഹാരാഷ്ട്രയില്‍ ഹിന്ദുത്വ സര്‍ക്കാര്‍ പ്രതീക്ഷിച്ച ജനങ്ങളെ ശിവസേന വഞ്ചിക്കുകയായിരുന്നെന്ന് ബി.ജെ.പി. ഈ വിശ്വാസ വഞ്ചനയെ കുറിച്ച് ജനങ്ങള്‍ക്ക് എന്ത് വിശദീകരണമാണ് ശിവസേന നല്‍കുക എന്നും ബി.ജെ.പി ചോദിച്ചു.
സേന ജനവിധി നിരസിച്ചതിന് മറുപടി പറയണമെന്നും മുഖ്യമന്ത്രി പദവി മാറ്റിനിര്‍ത്തി, ഹിന്ദുത്വ പാര്‍ട്ടികളുടെ സഖ്യം എന്തുകൊണ്ടാണ് സേന തകര്‍ത്തതെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന് മുമ്പേ സഖ്യം ചേര്‍ന്ന ഒരു കക്ഷി തെരഞ്ഞെടുപ്പിനു ശേഷം വലിയ ഒറ്റ കക്ഷിയെ അധികാരത്തില്‍ നിന്നും ഒഴിവാക്കിയത് ബി.ജെ.പിയോടുള്ള ജനങ്ങളുടെ അനുഭാവം കൂട്ടാന്‍ കാരണമാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്.
കൂടാതെ ദുര്‍ബലമായ ഒരു സഖ്യത്തെ സേന കെട്ടിപ്പടുക്കുന്നത് സേനയുടെ തന്നെ തകര്‍ച്ചക്ക് കാരണമാകുമെന്നും സേന വെട്ടയാടപ്പെടുമെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
അതേസമയം, ജമ്മു കശ്മീരില്‍ ബി.ജെ.പിക്ക് പി.ഡി.പിയുമായി സഖ്യമാവാമെങ്കില്‍ ശിവസേനയ്ക്ക് എന്‍.സി.പിയായും കോണ്‍ഗ്രസുമായും സഖ്യമാവാമെന്നും ശിവസേന
നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
‘ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് 72 മണിക്കൂര്‍ ലഭിച്ചിരുന്നു. ഞങ്ങള്‍ക്ക് 24 മണികൂറാണ് തന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തണമെങ്കില്‍ എന്‍.സി.പിയോയും കോണ്‍ഗ്രസിനോടുമുള്ള ഭിന്നതകള്‍ മൂടിവെച്ചേ പറ്റൂ. ജമ്മു കശ്മീരില്‍ പി.ഡി.പിയുമായി ബി.ജ.പി ക്ക് കൈകോര്‍ക്കാമെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ ഞങ്ങള്‍ക്ക് എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കിക്കൂട.’, സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് അവരുടെ അഹങ്കാരം കാരണമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഞ്ജയ് റാവത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുംബൈയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെ കണ്ടശേഷമായിരിക്കും കൂടിക്കാഴ്ച.
അതിനിടെ ബി.ജെ.പി വിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എം.എല്‍.എമാര്‍ കത്തയച്ചു. മഹാരാഷ്ട്ര നേതാക്കള്‍ അല്‍പ്പ സമയത്തിനകം സോണിയയെ കാണും. എല്ലാ ഉപാധികളും അംഗീകരിച്ച് ഔദ്യോഗികമായി ശിവസേന എന്‍.സി.പിയെ സമീപിക്കുകയാണെങ്കില്‍ പരിഗണിക്കാന്‍ തയ്യാറാണെന്നാണ് മുതിര്‍ന്ന നേതാവ് നവാബ് മാലിക് പറഞ്ഞത്.