ഇസ്‌ലാമിസ്റ്റുകൾക്ക് വേണ്ടി ഹസീന എന്നെ നാടുകടത്തി, എന്നാൽ അതേ ഇസ്‌ലാമിസ്റ്റുകളെ ഭയന്ന് അവർ ഇന്ന് പലായനം ചെയ്യുന്നു: തസ്‌ലീമ നസ്രിൻ
Worldnews
ഇസ്‌ലാമിസ്റ്റുകൾക്ക് വേണ്ടി ഹസീന എന്നെ നാടുകടത്തി, എന്നാൽ അതേ ഇസ്‌ലാമിസ്റ്റുകളെ ഭയന്ന് അവർ ഇന്ന് പലായനം ചെയ്യുന്നു: തസ്‌ലീമ നസ്രിൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th August 2024, 11:01 am

ധാക്ക: ഇസ്‌ലാമിസ്റ്റുകൾക്കായി തന്നെ നാടുകടത്തിയ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അതേ ഇസ്‌ലാമിസ്റ്റുകളെ ഭയന്ന് പലായനം ചെയ്യുന്നുവെന്ന് എഴുത്തുകാരിയും വിമർശകയുമായ തസ്‌ലീമ നസ്രിൻ.

‘1994 ൽ ഇസ്‌ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ ഹസീന എന്നെ ബംഗ്ലാദേശിൽ നിന്ന് പുറത്താക്കി. ഞാൻ എന്റെ അമ്മയെ മരണക്കിടക്കയിൽ വെച്ച് ഒന്ന് കാണാൻ വേണ്ടിയാണ് അവസാനമായി ബംഗ്ലാദേശിൽ പോയത്. പിന്നീടൊരിക്കലും ആ രാജ്യത്ത് പ്രവേശിക്കാൻ അവർ എന്നെ അനുവദിച്ചിട്ടില്ല. എന്നെ പുറത്താക്കാൻ ആവശ്യപ്പെട്ട അതേ ഇസ്‌ലാമിസ്റ്റുകളെ ഭയന്ന് ഹസീന ഇന്ന് പലായനം ചെയ്യുന്നു,’ തസ്‌ലീമ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

 

ഇസ്‌ലാമിസ്റ്റുകളെ വളരാൻ അനുവദിച്ചതിനും അഴിമതിയിൽ ഏർപ്പെട്ടവരുടെ വളർച്ചക്ക് സഹായിച്ചതിനും തസ്‌ലീമ ഹസീനയെ വിമർശിച്ചു. അതോടൊപ്പം രാജ്യത്ത് മതേതരത്വം വേണമെന്നും ജനാധിപത്യം നിലവിൽ വരണമെന്നും അവർ കൂട്ടിച്ചേർത്തു.

‘ഹസീനക്ക് രാജ്യം വിട്ട് പലായനം ചെയ്യേണ്ടി വന്നു. അവരുടെ ആ അവസ്ഥക്ക് ഉത്തരവാദി അവർ തന്നെയാണ്. അവർ ഇസ്‌ലാമിസ്റ്റുകളെ വളർത്തി. തന്റെ രാജ്യത്തെ അധികാരികൾക്ക് അഴിമതിയിൽ ഏർപ്പെടാൻ അവർ അവസരം നൽകി. ബംഗ്ലാദേശ് പാകിസ്ഥാൻ പോലെ ആകരുത്. അവിടെ സൈനിക ഭരണവും വരാൻ പാടില്ല. അവിടെ ജനാധിപത്യം കൊണ്ടുവരണം. മതേതരത്വം വരണം,’ തസ്‌ലീമ പറഞ്ഞു.

‘ലജ്ജ’ എന്ന പുസ്തകം രചിച്ചതിനെ തുടർന്ന് മതമൗലികവാദികളുടെ വധഭീഷണിയുടെ പശ്ചാത്തലത്തിൽ 1994 ൽ തസ്‌ലീമക്ക് ബംഗ്ലാദേശ് വിടേണ്ടി വന്നു. 1993 ൽ പുസ്തകം ബംഗ്ലാദേശിൽ നിരോധിച്ചെങ്കിലും മറ്റിടങ്ങളിൽ വിറ്റഴിഞ്ഞിരുന്നു.

ഇന്ത്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശ് ഹിന്ദുക്കൾ നേരിട്ട ആക്രമണങ്ങളെക്കുറിച്ച് എഴുതിയ രചനയാണ് ലജ്ജ. ബലാത്സംഗം, കൊലപാതകം, കൊള്ള എന്നിവയൊക്കെ അവർ നേരിട്ടെന്ന് തസ്‌ലീമ തന്റെ രചനയിലൂടെ പറഞ്ഞു.

ബംഗ്ലാദേശിലെ വർഗീയതയെക്കുറിച്ചും സ്ത്രീകൾ നേരിടുന്ന അസമത്വത്തെക്കുറിച്ചും എഴുതിയതിനെ തുടർന്ന് മതമൗലികവാദികളുടെ ആക്രമണം നേരിട്ട തസ്‌ലീമ 1994 മുതൽ പ്രവാസജീവിതം നയിക്കുകയാണ്.

സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭമാണ് ആഭ്യന്തര കലാപത്തിലേക്ക് വഴിമാറിയത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുകയും ചെയ്തിരുന്നു.

തുടർന്ന് പ്രധാനമന്ത്രി പദം രാജിവെച്ച് ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നൽകില്ലെന്ന് ബ്രിട്ടൻ പറഞ്ഞിരുന്നു. ബംഗ്ലാദേശിൽ സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭം അടിച്ചമർത്തുകയും അതിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്‌ത സംഭവവികാസങ്ങളിൽ ബ്രിട്ടൻ ഹസീനക്കെതിരെ നിലപാടെടുക്കുകയായിരുന്നു. തുടർന്ന് ഹസീനക്ക് അഭയം നൽകാൻ വിസമ്മതിക്കുകയായിരുന്നു.

 

 

Content Highlight: What Exiled Author Taslima Nasreen Said After Sheikh Hasina Fled Bangladesh