കൊവിഡ് കാലത്ത് ആത്മീയ ദൈവങ്ങളും ആത്മീയ ശുശ്രൂഷകരും എന്ത് ചെയ്യുന്നു ?
COVID-19
കൊവിഡ് കാലത്ത് ആത്മീയ ദൈവങ്ങളും ആത്മീയ ശുശ്രൂഷകരും എന്ത് ചെയ്യുന്നു ?
അശ്വിന്‍ രാജ്
Wednesday, 29th July 2020, 5:40 pm

മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയിലെ നയപുര എന്ന ഗ്രാമത്തില്‍ അസ്ലം ബാബ എന്ന ഒരു ആള്‍ദൈവം ഉണ്ടായിരുന്നു. ഗ്രാമീണരായ നിരവധി പേര്‍ക്ക് വര്‍ഷങ്ങളായി ആത്മീയ ചികിത്സ നടത്തിവരുന്നയാള്‍. രാജ്യത്തെല്ലായിടത്തുമെന്ന പോലെ മധ്യപ്രദേശിലും കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരുന്ന ദിവസങ്ങളില്‍ ഇദ്ദേഹം നാട്ടുകാരോടായി പറഞ്ഞു. ‘കൊവിഡ് ബാധിച്ചവര്‍ എന്റെയടുത്ത് വരൂ ഞാന്‍ ഭേദമാക്കിത്തരാം’. ഇത് കേട്ട ഗ്രാമവാസികളും പരിസര പ്രദേശങ്ങളില്‍ നിന്നുള്ളവരുമായ കൊവിഡ് ബാധിതര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു. അസ്ലം ബാബ അവരെ അടുത്തിരുത്തി മന്ത്രങ്ങള്‍ ഉരുവിട്ടു. അവരുടെ കൈകളില്‍ ചുംബിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ നയപുരയില്‍ നിന്നും ആ വാര്‍ത്ത പുറത്തുവന്നു. ആള്‍ദൈവമായ അസ്ലം ബാബ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നു. അദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്ന നിരവധി പേര്‍ക്കും കൊവിഡ് ബാധിക്കുകയുണ്ടായി. നയപുര എന്ന ഗ്രാമം ദിവസങ്ങളോളം പൂര്‍ണമായും അടച്ചിടേണ്ടി വന്നു.

ആള്‍ദൈവങ്ങളും ആത്മീയ ചികിത്സകരുമെല്ലാം കൊവിഡിന് മുന്നില്‍ മുട്ട് മടക്കുന്ന സ്ഥിതിയായിരുന്നു രാജ്യമാസകലം കൊവിഡ് കാലത്ത് നാം കണ്ടത്. ബാബ അസ്ലമിന്റെ മരണം അശാസ്ത്രീയ ചികിത്സകളെക്കുറിച്ചും ആള്‍ദൈവങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഏറെ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. കേരളത്തിലും അമൃതാനന്ദമയി മഠം, കൃപാസനം തുടങ്ങിയ ആത്മീയ കേന്ദ്രങ്ങള്‍ കൊവിഡ് ഭയത്തെത്തുടര്‍ന്ന് അടച്ചിടേണ്ടി വന്നത് ആള്‍ദൈവങ്ങളുമായി ബന്ധപ്പെട്ട പലവിധ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് മുന്നറിപ്പ് നല്‍കിയതോടെ തന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിരിക്കുകയാണ് അമൃതാനന്ദമയി. കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തിനിടയ്ക്ക് ഇതാദ്യമായാണ് നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കുന്നതെന്നാണ് അമൃതാനന്ദമയി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അമൃതാനന്ദമയി മാത്രമല്ല കേരളത്തിലെ വിവിധ ആത്മീയ ശുശ്രൂഷകരും ആത്മീയ ചികിത്സകരും ആള്‍ദൈവങ്ങളുമെല്ലാം ഇത്തരത്തില്‍ കൊവിഡ് കാലത്ത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കുകയോ പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്തുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്.
ഇതില്‍ ചിലര്‍ ഇത്തരത്തിലൊരു മാറാരോഗം ഭാവിയില്‍ വരുമെന്ന് നേരത്തെ പ്രവചനം നടത്തിയിരുന്നുവെന്ന അവകാശവാദങ്ങളുമായി വന്നു.

മറ്റുചിലര്‍ കൊവിഡിന് മരുന്ന് കണ്ടെത്തിയതായി രംഗത്ത് വന്നു. അമൃതാനന്ദമയി, ബ്രദര്‍ തങ്കു, കൃപാസനം പത്രം, കാസര്‍ഗോഡും കൊച്ചിയിലും അറസ്റ്റിലായ ആത്മീയ ചികിത്സകര്‍ തുടങ്ങി നിരവധി പേര്‍ ഇക്കൂട്ടത്തില്‍പെടും.

കൊവിഡ് വരുമെന്ന് മൂന്ന് വര്‍ഷം മുന്‍പെ ‘പ്രവചിച്ച’ അമൃതാനന്ദമയി

ജനുവരി 30 നാണ് ഇന്ത്യയിലെ തന്നെ ആദ്യ കേസായി കേരളത്തില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് മാര്‍ച്ച് മാസത്തോടെ കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് കൊവിഡ് മുന്നറിയിപ്പുകള്‍ നല്‍കി. ഇതേസമയം തന്നെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് മാതാ അമൃതാനന്ദമയി നിര്‍ത്തിവെച്ചു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ദര്‍ശനം നല്‍കുന്നത് നിര്‍ത്തിവെച്ചതെന്നാണ് അമൃതാനന്ദമയിയുടെ മഠം മാര്‍ച്ച് 5 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. വിദേശികളടക്കം രാജ്യത്ത് 31 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തരെ ആലിംഗനം ചെയ്ത് ദര്‍ശനം നല്‍കുന്നത് അമൃതാനന്ദമയി നിര്‍ത്തിയത്.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം അമൃതാനന്ദമയി മഠത്തില്‍ സമ്പര്‍ക്ക വിലക്ക്, ആരോഗ്യ പരിശോധന തുടങ്ങിയ നടപടിക്രമങ്ങള്‍ നടപ്പാക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും അടക്കം ആരെയും അമൃതപുരി ആശ്രമത്തിലേയ്ക്ക് പ്രവേശിപ്പിക്കാനാവില്ലെന്നും മഠം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാത്രിയില്‍ മഠത്തില്‍ താമസിക്കുന്നതിനും പകല്‍ സമയത്ത് സന്ദര്‍ശനം നടത്തുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശികളായ സന്ദര്‍ശകര്‍ ഇന്ത്യയിലെത്തിയിട്ട് എത്ര നാളായിരുന്നാലും ഇത് ബാധകമാണെന്നും മഠത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. പ്രാര്‍ത്ഥനയിലൂടെയും ദൈവാനുഗ്രഹത്തിലൂടെയും ഇപ്പോഴത്തെ സാഹചര്യം മാറുമെന്നാണ് കരുതുന്നതെന്നും ഈ പ്രസ്താവനയില്‍ പറയുന്നുണ്ട്.

അമൃതാനന്ദമയിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ  amritapuri.org ലെ വിവരങ്ങള്‍ പ്രകാരം 2020 ഫെബ്രുവരിയിലാണ് അവസാനമായി അമൃതപുരിയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് അമൃതാനന്ദമയി യാത്ര നടത്തിയത്. പിന്നീട് ഫെബ്രുവരി മാസത്തിന്റെ അവസാനത്തോടെ അമൃതപുരിയില്‍ ഇവര്‍ തിരിച്ചെത്തി. മാര്‍ച്ച് അഞ്ചാം തിയ്യതിയോടെ കൊവിഡ് മുന്നറിയിപ്പ് മുന്‍നിര്‍ത്തി പുറത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശനം അമൃതപുരിയില്‍ നിര്‍ത്തലാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ അമൃതാനന്ദമയി ഭാരത യാത്ര എന്ന അവരുടെ പരിപാടിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിലായിരുന്നു. ഏപ്രില്‍, മെയ് മാസം ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും കേരളത്തിലും ജൂണ്‍ മാസത്തില്‍ യു.എസ്, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലുമായിരുന്നു അമൃതാനന്ദമയിയുടെ യാത്രാപദ്ധതി. എന്നാല്‍ ഇത്തരം എല്ലാ പരിപാടികളും കൊവിഡ് മൂലം റദ്ദാക്കേണ്ടി വന്നുവെന്നും ഇതാദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നതെന്നും അമൃതാനന്ദമയി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഇതിനിടെ അമൃതാനന്ദമയിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന അമൃത ടി.വിയില്‍ അവരുടേതായി ഒരു പ്രസ്താവന വന്നിരുന്നു. മൂന്ന് കൊല്ലം മുമ്പേ ഒരു ആപത്ത് ലോകത്ത് വരുമെന്ന് അമൃതാനന്ദമയിക്ക് അറിയാമെന്നതായിരുന്നു ആ പ്രസ്താവനയില്‍.

‘2020 ല്‍ ഇങ്ങനെ ഒരു കഷ്ടം ഉണ്ടാകുമെന്ന് അമ്മയ്ക്ക് മൂന്ന് വര്‍ഷം മുമ്പേ തോന്നി. അതിനാല്‍ രണ്ടു വര്‍ഷം മുമ്പേ ഒരു ധ്യാനം നടത്തി. പൂര്‍ണ്ണമായും മാറ്റാന്‍ പറ്റില്ലെന്നും കുറച്ചെങ്കിലും അനുഭവിക്കേണ്ടി വരുമെന്നും ധ്യാനത്തില്‍ പറഞ്ഞിരുന്നു. നാല് രീതിയില്‍ ഈ ധ്യാനം ലോകത്തില്‍ മുഴുവന്‍ ചെയ്യുന്നുണ്ടായിരുന്നു. എല്ലാം തരംഗരൂപത്തിലാണ് ചെയ്യുന്നത്. വൈറസിനെ ചെറുത്തു നില്‍ക്കാന്‍ ഈ പ്രാര്‍ത്ഥനകൊണ്ടും പ്രയത്‌നം കൊണ്ടും സാധിക്കും. സങ്കല്‍പ്പത്തിന് ശക്തിയുണ്ട്’ എന്നായിരുന്നു അമൃതാനന്ദമയിയുടെ പ്രസ്താവന.

മഠത്തിനെതിരെ പൊലീസില്‍ പരാതിയുമായി പഞ്ചായത്ത് അധികൃതര്‍

ഇതിനിടെ മറ്റൊരു ഗുരുതരമായ ആരോപണം അമൃതാനന്ദമയി മഠത്തിന് നേരെ വന്നു. ആശ്രമത്തിലെ അന്തേവാസികളുടെ വിവരങ്ങള്‍ സര്‍ക്കാറിന് നല്‍കുന്നില്ലെന്നും ആശ്രമം കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുവെന്നും മഠം സ്ഥിതി ചെയ്യുന്ന ആലപ്പാട് പഞ്ചായത്ത് അധികൃതര്‍ ആരോപിച്ചിരുന്നു. മഠത്തില്‍ താമസിച്ചിരുന്ന അന്തേവാസികളുടെ വിവരം നല്‍കാത്തതില്‍ പഞ്ചായത്ത് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കരുനാഗപ്പള്ളി എ.സി.പിക്കാണ് പഞ്ചായത്ത് അധികൃതര്‍ പരാതി നല്‍കിയത്.

അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികളെ കൊവിഡ് നിരീക്ഷണത്തിലാക്കിയതിന് പിന്നാലെയാണ് പഞ്ചായത്ത് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസങ്ങളില്‍ മഠത്തിലുണ്ടായിരുന്ന അന്തേവാസികളെ സംബന്ധിച്ച വിവരങ്ങള്‍ അമൃതാനന്ദമയി മഠം അധികൃതര്‍ ആരോഗ്യ വകുപ്പില്‍നിന്നും മറച്ചുവെക്കുകയാണെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ടാണ് അന്തേവാസികളെ പരിശോധനകള്‍ക്ക് വിധേയരാക്കിയത്. പരിശോധനകള്‍ക്കായി സാമ്പിള്‍ ശേഖരിച്ച ശേഷമാണ് ഇവരെ ഹോസ്റ്റലിലേക്ക് മാറ്റിയത്.

എന്നാല്‍ കൊവിഡ്-19 രോഗബാധയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യത്തില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി എല്ലാ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്, അതാതു ദിവസത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആശ്രമത്തില്‍ നിന്നും ഇ-മെയില്‍ മുഖാന്തരം അയക്കുന്നുണ്ടെന്നായിരുന്നു മഠം മറുപടിയായി പറഞ്ഞത്.

കൂടാതെ ആലപ്പാട് പഞ്ചായത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ ദിവസവും ആശ്രമം സന്ദര്‍ശിക്കുകയും, വിവരങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്നും ചൈന, തായ്‌ലന്റ്, ഇറാന്‍, ഇറ്റലി, റിപ്പബ്ലിക്ക് ഓഫ് കൊറിയ, സിങ്കപ്പൂര്‍, മലേഷ്യ, ജപ്പാന്‍, തായ്‌വാന്‍, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവരെയാണ് ആദ്യഘട്ടത്തില്‍ ക്വാറന്റെന്‍ ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത് എന്നും പക്ഷേ സാഹചര്യത്തിന്റെ തീവ്രത കണക്കിലെടുത്ത് വിദേശത്തു നിന്നെത്തിയ എല്ലാവരെയും മഠം ഹോം ക്വാറന്റൈനില്‍ വച്ചിരുന്നെന്നും മഠം അധികൃതര്‍ അറിയിക്കുകയുണ്ടായി.

‘സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായി ഫെബ്രുവരി 25ന് ശേഷം വിദേശത്തുനിന്നും വന്ന 58 പേരെ ഹോം ക്വാറന്റൈനില്‍ താമസിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും അവരൊന്നും മുറിവിട്ട് പുറത്തുവരികയോ, മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യുന്നില്ല. അവരുടെ ആരോഗ്യ വിവരങ്ങള്‍ ഓരോ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസിനെയും, പഞ്ചായത്ത് ആരോഗ്യ പ്രവര്‍ത്തകരെയും അറിയിക്കുന്നുണ്ട്. മാര്‍ച്ച് അഞ്ചിന് ശേഷം പുറത്ത് നിന്ന് ആരും ആശ്രമത്തിലേക്ക് എത്തിയിട്ടില്ല’ ആശ്രമം അധികൃതര്‍ പറയുന്നു.

ഇതിനിടെ കഴിഞ്ഞ ജൂണ്‍ 24ാം തിയ്യതി അമൃതാനന്ദമയി മഠത്തില്‍ ഒരു മരണം നടന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള സ്റ്റേഫേട്സിയോന എന്ന വനിതയെ മഠത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴെ വീണ് മരണപ്പെട്ട നിലയില്‍ കാണുകയായിരുന്നു. നാല്‍പത്തിയഞ്ചുകാരിയായ സ്റ്റേഫേട്സിയോന കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് പൊലീസ് പറയുന്നത്. അവര്‍ ഇതേ ദിവസം ഉച്ചയ്ക്കും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നെന്നും പൊലീസ് എത്തിയാണ് അനുനയിപ്പിച്ചു താഴെ ഇറക്കിയതെന്നുമാണ് മഠം അധികൃതരുടെ വിശദീകരണം.

ഒപ്പമുണ്ടായിരുന്നവര്‍ രാത്രി പ്രാര്‍ത്ഥനയ്ക്ക് പോയ സമയത്താണ് ഇവര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയതെന്നും ലോക്ക്ഡൗണ്‍ ആയതോടെ നാട്ടിലേക്ക് തിരികെ പോകാന്‍ കഴിയാത്തതിലുള്ള മാനസിക പ്രയാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസും മഠം അധികൃതരും മാധ്യമങ്ങളോട് പറഞ്ഞത്.

ദിനം പ്രതി ആയിരക്കണക്കിന് ഭക്തരുടെ പ്രവാഹവും വലിയ ജനത്തിരക്കുമുണ്ടായിരുന്ന സ്ഥലമായിരുന്നു അമൃതാനന്ദമയി മഠം. ആത്മീയതയുടെയും വിശ്വാസത്തിന്റെയും ഭാഗമായുള്ള സന്ദര്‍ശനത്തോടൊപ്പം രോഗങ്ങള്‍, മറ്റ് ജീവിതപ്രയാസങ്ങള്‍ എന്നിവ പരിഹരിക്കപ്പെടുന്നതിനായും അമൃതാനന്ദമയിയെ ആശ്ലേഷിച്ച് അനുഗ്രഹം നേടുവാന്‍ വിദേശരാജ്യങ്ങളില്‍ നിന്നടക്കം അനേകം പേര്‍ ദിനം പ്രതി മഠത്തിലെത്താറുണ്ടായിരുന്നു.

ഭക്തര്‍ക്ക് ആലിംഗനം നല്‍കി അവര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നതായിരുന്നു അമൃതാനന്ദമയിയുടെ രീതി. എന്നാല്‍ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങളുടെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ വന്നതോടെ ഇതാദ്യമായി മഠത്തിന്റെ പതിവ് പ്രവര്‍ത്തനങ്ങള്‍ക്ക് താളം തെറ്റുകയായിരുന്നു. അത്ഭുത സിദ്ധികളിലൂടെയും അമാനുഷിക പ്രവൃത്തികളിലൂടെയും ദൈവികരൂപങ്ങളായി മാറിയവര്‍ക്ക് കേവലം ഒരു വൈറസ് വ്യാപനത്തെപോലും തടയാന്‍ കഴിയില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഇവയെല്ലാം കാരണമാവുകയും നവമാധ്യമങ്ങളിലടക്കം ഇക്കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

‘സര്‍വ്വ രോഗ സംഹാരി’ കൃപാസനത്തിനും പൂട്ട് വീഴ്ത്തിയ കൊറോണ

സമീപകാല കേരളത്തില്‍ നിരവധി തവണ വാര്‍ത്തകളിടം പിടിച്ച ആത്മീയ കേന്ദ്രമായിരുന്നു ആലപ്പുഴ ജില്ലയിലെ കൃപാസനം. പൗരാണിക രംഗ കലാപീഠം എന്ന പേരില്‍ തീരദേശ പാരമ്പര്യ പൈതൃക കലകളുടെ പ്രോത്സാഹനത്തിനും പരിശീലനത്തിനുമായി 1989 ല്‍ ഡോ. ഫാ. വി.പി ജോസഫ് വലിയവീട്ടില്‍ എന്ന വൈദികന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ കേന്ദ്രം പിന്നീട് ആത്മീയ കേന്ദ്രമായി മാറുകയായിരുന്നു. ദിനം പ്രതി നൂറ് കണക്കിന് പേരാണ് കേരളത്തിന്റെ വ്യത്യസ്ത ജില്ലകളില്‍ നിന്നായി കൃപാസനത്തില്‍ എത്തിക്കൊണ്ടിരുന്നത്.

രോഗങ്ങള്‍ ഭേദമാവാന്‍, പരീക്ഷകളില്‍ വിജയിക്കാന്‍, വിവാഹങ്ങള്‍ നടക്കാന്‍, ജോലി ലഭിക്കാന്‍, സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ എന്നിങ്ങനെ പലവിധ ആവശ്യങ്ങള്‍ക്കായി വിഭിന്ന ജാതി മത വിഭാഗങ്ങളില്‍ നിന്ന് ആളുകള്‍ കൃപാസനത്തില്‍ എത്താറുണ്ടായിരുന്നു. കൃപാസനം വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ വാങ്ങി അതുപ്രകാരം പ്രാര്‍ത്ഥനയോടെ ഉടമ്പടി ചെയ്താല്‍ ഏതൊരാളുടെയും ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുമെന്നതായിരുന്നു കൃപാസനം തലവന്‍ ഫാ. വി.പി ജോസഫിന്റെ പ്രചാരണം.

എല്ലാ മാസവും കൃപാസനം പ്രേക്ഷിത പത്രികകള്‍ വാങ്ങി ദൈവ വചന പ്രചാരണം നടത്തണമെന്നുള്ള വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടാണ് കൃപാസനത്തില്‍ എത്തുന്ന ബഹുഭൂരിപക്ഷം ആളുകളും ഉടമ്പടി വെയ്ക്കുന്നത്. കൃപാസനം മരിയന്‍ ഉടമ്പടി എന്നായിരുന്നു ഇത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

ഏതു വിധത്തിലുള്ള അസുഖങ്ങളും മാറും, ജീവിതത്തില്‍ മുന്നേറ്റം ഉണ്ടാകും, ഇതായിരുന്നു കൃപാസനം പ്രവര്‍ത്തകര്‍ തങ്ങളുടെ ആത്മീയ ശുശ്രൂഷയെ കുറിച്ച് പ്രചരിപ്പിച്ചിരുന്നത്. ഇതിനിടെ നിരവധി ‘അത്ഭുത’ സാക്ഷ്യങ്ങളും പലരും നടത്തിയിരുന്നു. കൃപാസനം പത്രം തലയ്ക്ക് വെച്ചും കഴിച്ചുമൊക്കെ അസുഖം മാറിയതായി നിരവധിപേര്‍ അനുഭവസാക്ഷ്യം പറഞ്ഞിരുന്നു.

ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശിയായ യുവതിയെ കൃപാസനം പത്രം അരച്ചുചേര്‍ത്ത ദോശയും ചമ്മന്തിയും കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് കൃപാസനം സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. നവമാധ്യമങ്ങളിലും ഇത് വലിയ ചര്‍ച്ചയായി. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം നേടുന്നതിനായി കൃപാസനം പത്രം വിതരണം നടത്തിയ വിവരവും ഇതോടെ പുറത്തുവന്നിരുന്നു.

ഇപ്പോള്‍ സംസ്ഥാനത്ത് കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ കൃപാസനം മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് അടച്ചു പൂട്ടുകയായിരുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കൃപാസനത്തില്‍ എല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായി കൃപാസനത്തിന്റെ എച്ച്.ആര്‍ മാനേജര്‍ മാര്‍ച്ച് ആദ്യ വാരം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കെ.സി.ബി.സിയുടെയും നിര്‍ദേശങ്ങള്‍ മാനിച്ചുകൊണ്ട് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കൃപാസനത്തില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന ഉടമ്പടി ഉള്‍പ്പെടെ എല്ലാ ശുശ്രൂഷകളും പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുന്നതായി പ്രാര്‍ത്ഥനാപൂര്‍വ്വം അറിയിക്കുന്നു. ശുശ്രൂഷകള്‍ പുനഃരാരംഭിക്കുന്നതിന് രണ്ടുദിവസം മുമ്പ് കൃപാസനം മാധ്യമങ്ങള്‍ വഴി വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്’ എന്നാണ് കൊവിഡിനെ തുടര്‍ന്ന് കൃപാസനം അടച്ചു പൂട്ടുമ്പോള്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറഞ്ഞത്.

സര്‍വരോഗങ്ങളെയും അകറ്റുന്നതിനായി ദിനം പ്രതി അനേകം പേര്‍ക്ക് ആത്മീയ പരിഹാരങ്ങള്‍ നല്‍കി വന്നിരുന്ന ഒരു സ്ഥാപനം ഒരു രോഗാണുവിന്റെ വ്യാപനം കാരണം പൂട്ടിയിടേണ്ടി വന്നതിനെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. നേരത്തെ കൃപാസനം ഡയറക്ടര്‍ ഫാ. വി.പി ജോസഫിനെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും സമാനമായ രീതിയിലുള്ള ചര്‍ച്ചകള്‍ നവമാധ്യമങ്ങളില്‍ നടന്നിരുന്നു.

കൊവിഡ് ഭീഷണി; പരിപാടികള്‍ നിര്‍ത്തിവെച്ച് ബ്രദര്‍ തങ്കുവും

കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ആത്മീയ ശുശ്രൂഷകള്‍ നിര്‍ത്തിവെച്ചവരില്‍ പ്രധാനിയാണ് ബ്രദര്‍ തങ്കു എന്നറിയപ്പെടുന്ന ഹെവന്‍ലി ഫീസ്റ്റ് സഭയുടെ അധ്യക്ഷന്‍ ഡോ.മാത്യു കുരുവിളയും. കൊറോണയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലായി നടക്കുന്ന ഹെവന്‍ലി ഫീസ്റ്റ് സഭയുടെ ആരാധനകളും കൂടിച്ചേരലുകളും താത്ക്കാലികമായി നിര്‍ത്തിവയ്ക്കേണ്ടതാണെന്ന് മാര്‍ച്ചില്‍ തന്നെ മാത്യു കുരുവിള നിര്‍ദ്ദേശിച്ചു.

അതാത് സ്ഥലങ്ങളിലെ സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസരിച്ച് ഡയോസിസ് അധ്യക്ഷന്മാര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാവുന്നതാണെന്നും ബ്രദര്‍ തങ്കു പറഞ്ഞു. മാര്‍ച്ച് 23 മുതല്‍ കോട്ടയത്ത് ആരംഭിക്കാനിരുന്ന 40 ദിന ഉപവാസ പ്രാര്‍ത്ഥന ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം ബ്രദര്‍ തങ്കു അമേരിക്കയിലെ ഹൂസ്റ്റണില്‍ ആത്മീയ ശുശ്രൂഷ നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് കേരളത്തില്‍ സ്ഥിരീകരിച്ചതോടെ തന്റെ ശുശ്രൂഷകളും ആത്മീയ ക്ലാസുകളും ഓണ്‍ലൈനാക്കി മാറ്റി ആത്മീയ ചികിത്സയുടെ പുതിയ വഴികള്‍ തേടുകയാണിപ്പോള്‍ അദ്ദേഹം.

കൊവിഡിനുള്ള മരുന്ന് ഷെയ്ക്ക് നിര്‍ദ്ദേശിച്ചത്, കുടെ കൊവിഡ് രോഗിയുടെ മന്ത്രിച്ചൂതിയ വെള്ളവും

കൊവിഡ് കാലത്ത് ലോകം മുഴുവന്‍ കൊറോണ വൈറസിനുള്ള മരുന്ന് കണ്ടുപിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് കാസര്‍കോഡ് ജില്ലയില്‍ കൊവിഡിനുള്ള ‘മരുന്ന്’ വില്‍ക്കാനായി ഒരാള്‍ എത്തിയത്. കാസര്‍ഗോഡ് വിദ്യാനഗര്‍ ചാലാ റോഡില്‍ താമസിക്കുന്ന ഹംസയാണ് കൊവിഡിനുള്ള മരുന്നുമായി കച്ചവടത്തിന് ഇറങ്ങിയത്.

ഷെയ്ക്ക് നിര്‍ദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് ഇദ്ദേഹം വ്യാജ മരുന്ന് വില്‍പന നടത്തിയത്. ഈ മരുന്ന് കുടിച്ചാല്‍ കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് രോഗം ഭേദമാകുമെന്നായിരുന്നു ഇയാളുടെ അവകാശവാദം. രോഗം വരാതെ പ്രതിരോധിക്കാനും മരുന്നിന് കഴിയുമെന്നും ഇയാള്‍ പ്രചരണം നടത്തി. കാസര്‍ഗോഡ് ജില്ലയിലെ വിദ്യാനഗര്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ കൊവിഡിനുള്ള ‘മരുന്ന്’ വില്പനയ്ക്ക് എത്തിച്ചത്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. വിദ്യാനഗര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊറോണ വൈറസിനുള്ള മരുന്ന് എന്ന പേരില്‍ തയ്യാറാക്കിയ ദ്രാവകം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇത്തരം വ്യാജ സിദ്ധന്മാര്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതായി വിവരമുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നുമാണ് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

കൊവിഡിന് ചികിത്സ നടത്തിയതിന് എറണാകുളത്ത് ഒരു സ്ത്രീയും അറസ്റ്റിലായിരുന്നു. ചേരാനെല്ലൂര്‍ സംസം മന്‍സിലില്‍ ഹാജറയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശി കെ.എച്ച് നാദിര്‍ഷയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന് കൊറോണ വൈറസ് ബാധയാണെന്നും ചികിത്സ വേണമെന്നും നാദിര്‍ഷ ആവശ്യപ്പെട്ടത് പ്രകാരം ഇവര്‍ മന്ത്രിച്ച് ഊതിയ വെള്ളം നല്‍കുന്ന വീഡിയോയുമായാണ് നാദിര്‍ഷ പൊലീസില്‍ പരാതി നല്‍കിയത്.

ഇതേ സമയം മലപ്പുറത്ത് നടന്ന മറ്റൊരു സംഭവം സംസ്ഥാനത്തെ ഏറെ ആശങ്കയിലാഴ്ത്തിയതായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച രോഗി കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ സംഭവമാണ് ഇവിടെ ഉണ്ടായത്. മലപ്പുറം കീഴാറ്റൂരിലാണ് കൊവിഡ് ബാധിച്ച 85 വയസുകാരന്‍ നിരവധി പേര്‍ക്ക് മന്ത്രവാദ ചികിത്സ നടത്തിയത്. രോഗം ബാധിച്ചശേഷവും മുന്‍പും വെളളത്തില്‍ മന്ത്രിച്ച് ഓതുന്നത് അടക്കമുളള ചികിത്സകള്‍ ഇയാള്‍ നടത്തിയിരുന്നു. ഇദ്ദേഹവുമായും ഇദ്ദേഹത്തിന് രോഗം പകരാന്‍ കാരണക്കാരനായ ഉംറ തീര്‍ഥാടനം കഴിഞ്ഞെത്തിയ മകനുമായും ഇടപഴകിയവരെ കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസും ധാരാളം കഷ്ടപ്പെട്ടിരുന്നു. സംസ്ഥാനത്ത് കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഏപ്രില്‍ നാലിനായിരുന്നു ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നത്.

കൊവിഡ് സ്ഥിരീകരിച്ച മന്ത്രവാദ ചികിത്സകനായ 85കാരന്‍ പനിയും ജലദോഷവും ബാധിച്ചപ്പോള്‍ ആരോഗ്യ ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ മറച്ചു വെച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഉംറ തീര്‍ഥാടനം കഴിഞ്ഞെത്തിയ മകന്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം വകവയ്ക്കാതെ ആനക്കയത്തു നടന്ന പ്രാര്‍ഥനാ സമ്മേളനത്തിലും പങ്കെടുത്തിരുന്നു.

കൊവിഡില്‍ ഓണ്‍ലൈനിലേക്ക് മാറിയ ആത്മീയ ശുശ്രൂഷകളും പ്രാര്‍ത്ഥനകളും

കൊവിഡ് ഭീഷണിയെ തുടര്‍ന്ന് പരിപാടികളും പ്രവര്‍ത്തന കേന്ദ്രങ്ങളും അടച്ചുപൂട്ടിയതോടെ തങ്ങളുടെ പ്രവര്‍ത്തനങ്ങളും ആത്മീയ ശുശ്രൂഷകളും ഓണ്‍ലൈനിലേക്ക് മാറ്റിയിരിക്കുകയാണ് ഒട്ടുമിക്ക ആത്മീയ പ്രവര്‍ത്തകരും.

സര്‍വ്വ രോഗ സംഹാരി എന്ന് അവകാശപ്പെടുന്ന കൃപാസനം ശുശ്രൂഷ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ യുട്യൂബ് വഴിയാക്കുകയും ഇത്തരം പ്രാര്‍ത്ഥനകളിലൂടെ സൗഖ്യം നേടിയവരുടെ സാക്ഷ്യം തങ്ങളുടെ കൃപാസനം പത്രത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ക്ക് കൊവിഡ് ഇത്തരം ഓണ്‍ലൈന്‍ പ്രാര്‍ത്ഥനയിലൂടെ മാറിയെന്ന അനുഭവ സാക്ഷ്യവും തങ്ങളുടെ വെബ്ബ് സൈറ്റിലും പത്രത്തിലും ഉള്‍പ്പെടുത്തിയിരിക്കുകയാണ് കൃപാസനം അധികൃതര്‍.

മെയ് ഒന്ന് മുതലാണ് കൃപാസനം മരിയന്‍ ഉടമ്പടി പ്രാര്‍ത്ഥന ഓണ്‍ലൈനിലൂടെ തുടങ്ങിയത്. ‘ലോക് ഡൗണ്‍ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായി മരിയന്‍ ഉടമ്പടി ധ്യാനത്തില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കാവുന്നതാണ്. കൃപാസനത്തില്‍ മനസ്സു കൊണ്ടു ഇവിടെവന്നു പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥന ആവശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണ് ഈ ഓണ്‍ലൈന്‍ മരിയന്‍ ഉടമ്പടി. കൂടാതെ ഓണ്‍ലൈനായി തന്നെ പത്ര പ്രേക്ഷിത പ്രവര്‍ത്തനവും ചെയ്യാവുന്നതാണ് ‘ എന്നാണ് കൃപാസനം വെബ് സൈറ്റില്‍ പറയുന്നത്.

അമൃതാനന്ദമയി മഠത്തിന്റെ പ്രാര്‍ത്ഥനകളും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. ബ്രദര്‍ തങ്കുവിന്റെ സുവിശേഷവും ആത്മീയ പ്രാര്‍ത്ഥനകളും ഫേസ്ബുക്ക് ലൈവിലേക്ക് മാറിക്കഴിഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.