| Thursday, 4th February 2021, 1:35 pm

പാര്‍ലമെന്റ് എന്താണെന്നും എന്തിനാണെന്നും കേന്ദ്രത്തെ പറഞ്ഞുപഠിപ്പിച്ച് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തെക്കുറിച്ചോ ചൈനയെക്കുറിച്ചോ പാര്‍ലമെന്റില്‍ എം.പിമാരെ സംസാരിക്കാന്‍ അനുവദിക്കാത്ത നടപടിയെ ചോദ്യം ചെയ്ത് ശശി തരൂര്‍. പ്രവര്‍ത്തിക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് ഇങ്ങനൊരു പാര്‍ലമെന്റെന്ന് അദ്ദേഹം ചോദിച്ചു.

പാര്‍ലമെന്റ് എന്തിനുവേണ്ടിയാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്? ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ അവരുടെ കൂട്ടായ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഘടനയാണ് ഇത്. കഴിഞ്ഞ സെഷനില്‍ ചൈനയെയും ഇപ്പോള്‍ കര്‍ഷകരെയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനൊരു പാര്‍ലമെന്റ്, അദ്ദേഹം പറഞ്ഞു.

അതേസമയം, കര്‍ഷകര്‍ക്ക് പിന്തുണയുമായി പോയ പ്രതിപക്ഷ എം.പിമാരെ പൊലീസ് തടഞ്ഞിരുന്നു. ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് മറികടന്നുപോകാന്‍ എം.പിമാരെ പൊലീസ് അനുവദിച്ചില്ല. കോണ്‍ഗ്രസ് ഒഴികെയുള്ള 10 പാര്‍ട്ടികളിലെ എം.പിമാരാണ് അതിര്‍ത്തിയില്‍ എത്തിയത്.എന്‍.കെ പ്രേമചന്ദ്രനും എ.എം ആരീഫ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

അതേസമയം, കര്‍ഷകര്‍ക്കുള്ള പിന്തുണ കൂടിവരികയാണ്. അന്താരാഷ്ട്രതലത്തില്‍ നിന്നും കര്‍ഷകരെ പിന്തുണച്ച് നിരവധിപേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. കര്‍ഷക സമരത്തെ പിന്തുണച്ച് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വിവരങ്ങള്‍ തടസ്സമില്ലാതെ അറിയാനുള്ള അവകാശവും ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞത്.

സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും ലക്ഷണമാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.

കര്‍ഷക സമരത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്ന് പിന്തുണ ഏറിവരുന്ന വരുന്ന സാഹചര്യത്തിലാണ് യു.എസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പ്രതികരണം.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: What does GoI think Parliament is for? Says Shashi Tharoor

We use cookies to give you the best possible experience. Learn more