സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം ചൂട് പിടിക്കുന്നത്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നതാണ് പ്രളയത്തിന് കാരണമായതെന്നാണ് വിമര്‍ശനം. എന്നാല്‍ സാധാരണ ലഭിക്കുന്ന മഴയിലും അധികം മഴ പെയ്തതാണ് പ്രളയത്തിനിടയാക്കിയതെന്ന് മറുവാദവും ഉയരുന്നു.
ഡാമുകള്‍ തുറന്ന് വിട്ടത് കൊണ്ടാണ് പെരിയാര്‍, പമ്പ, ചാലക്കുടി, പുഴകളുടെ തീരത്തും വയനാട്ടിലും വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ഒരുവിഭാഗം ആക്ഷേപിക്കുമ്പോള്‍ നിലമ്പൂര്‍, നെല്ലിയാമ്പതി, പാല തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ ഇടയാക്കിയത് കനത്ത മഴ കൊണ്ടാണെന്നും പ്രതിരോധം ഉയരുന്നുണ്ട്. വാദപ്രതിവാദത്തിനിടയില്‍ അണക്കെട്ടുകള്‍ക്കെതിരെയുള്ള പ്രതിഷേധം ഒരുകൂട്ടം പരിസ്ഥിതി പ്രവര്‍ത്തകരും ഉയര്‍ത്തുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.ഐ.എം എം.എല്‍.എ രാജു എബ്രഹാമുമാണ് പ്രളയത്തിന് കാരണം ഡാം തുറന്ന് വിട്ടതാണെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിനും കെ.എസ്.ഇ.ബിക്കും ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കെ.എസ്.ഇ.ബി.യുടെ ലാഭക്കൊതിയാണ് പ്രളയത്തിലേക്ക് നയിച്ചതെന്നും രമേശ് ചെന്നിത്തല വിമര്‍ശിക്കുന്നു. കാലടി, പെരുമ്പാവൂര്‍, പറവൂര്‍ എന്നീ പ്രദേശത്തുള്ളവര്‍ ഉറങ്ങുമ്പോഴാണ് വെള്ളം ഇരച്ചു കയറിയത്. ഡാമുകള്‍ തുറന്ന് വിടേണ്ട സമയത്ത് അത് ചെയ്യാത്തതാണ് പ്രതിസന്ധിയിലേക്ക് നയിച്ചതെന്നും രമേശ് ചെന്നിത്തല പറയുന്നു.
ഡാമുകള്‍ തുറക്കുന്നതിന് മുമ്പ് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ വീഴ്ച വന്നുവെന്നാണ് രാജു എബ്രഹാമിന്റെ ആരോപണം. മുന്നറിയിപ്പ് ലഭിക്കുന്നതിനു മുമ്പു തന്നെ റാന്നി വെള്ളത്തില്‍ മുങ്ങിയിരുന്നെന്നും അദ്ദേഹം പറയുന്നു.
വയനാട്ടിലെ പ്രളയത്തിന് കാരണമായത് ബാണാസുര സാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നതാണെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നാല് ഷട്ടറുകളാണ് ബാണാസുര സാഗര്‍ അണക്കെട്ടിനുള്ളത്. ഇതില്‍ മൂന്നെണ്ണം ജൂലൈ 15 ന് തന്നെ തുറന്നിരുന്നു. നാലാമത്തെ ഷട്ടര്‍ തുറന്നതും കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നതും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്നാണ് ആരോപണം. മുന്നറിയിപ്പില്ലാതെ ബാണാസുര സാഗര്‍ തുറന്നത് മൂലം പടിഞ്ഞാറത്തറ, വെള്ളമുണ്ട, പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറുകയും വീടുകളും റോഡുകളും തകരുകയും ചെയ്തിരുന്നു. ബാണാസുര ഡാം തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കിയില്ലെന്ന് വയനാട് ജില്ലാ കലക്ടറും ആരോപിച്ചിരുന്നു.
മുന്നറിയിപ്പ് നല്‍കുമ്പോഴേക്കും ശബരിഗിരിയില്‍ നിന്നുള്ള വെള്ളം പമ്പാതീരത്ത് പ്രളയം സൃഷ്ടിച്ചെന്നാണ് മറ്റൊരു വിമര്‍ശനം. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പത്തനംതിട്ടയില്‍ വീടുകള്‍ വെള്ളത്തിലായിരുന്നു. രാത്രിയില്‍ ഡാം തുറന്നതാണ് വലിയ നാശനഷ്ടം ഉണ്ടാകാന്‍ കാരണമെന്നും ആരോപണമുണ്ട്.
ചാലക്കുടി പുഴയിലെ വെള്ളപ്പൊക്കത്തിന് കാരണമായത് കേരളത്തെ വിവരം അറിയിക്കാതെ അപ്പര്‍ ഷോളയാര്‍, പറമ്പിക്കുളം ഡാമുകള്‍ തമിഴ്നാട് തുറന്നതാണ്. ഇവയിലെ വെള്ളം പെരിങ്ങല്‍ക്കുത്തിലെത്തുകയും ഡാം നിറഞ്ഞ് തുറന്ന് വിടേണ്ടി വരികയും ചെയ്തു. ബാണാസുര ഡാം തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ മറ്റ് ഡാമുകള്‍ തുറക്കുന്നതില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ടോം ജോസ് പറഞ്ഞു.
എന്നാല്‍ ബാണാസുര സാഗര്‍ തുറക്കുന്നതിന് മുമ്പ് കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ളയുടെ വാദം.
മാധ്യമപ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍ കാലാവസ്ഥ പ്രവചനത്തില്‍ സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടുന്നു. പ്രവചിച്ചത് അനുസരിച്ചുള്ള മണ്‍സൂണല്ല കേരളത്തില്‍ ഉണ്ടായത്. അതിനെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. രണ്ടാമത്തെ കാര്യം പതിനൊന്ന് ശതമാനം വരുന്ന പ്രദേശത്ത് പെയ്യുന്ന മഴ മാത്രമാണ് ഡാമുകളില്‍ സംഭരിക്കുന്നത്. ബാക്കി വരുന്ന 89% പ്രദേശത്തെ മഴ ഡാമുള്ള പ്രദേശത്തിന് പുറത്താണ്. ആ പ്രദേശങ്ങളില്‍ പെയ്ത മഴയാണ് പ്രളയമായി മാറിയത്. മലപ്പുറം, നെല്ലിയമ്പാതി പ്രദേശങ്ങളിലെല്ലാം ഉരുള്‍പൊട്ടലിലാണ് പ്രശ്നമുണ്ടായത്. ചെങ്ങന്നൂരിലാണ് കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടതെന്ന് ആശങ്ക ഉണ്ടായത്. അതില്‍ എട്ട് മരണം അസുഖം വന്നും രണ്ട് പേര്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെയും ആണ്. മരണം പരിശോധിക്കുമ്പോള്‍ ഡാം തുറന്ന് വിട്ടല്ലെന്ന് വ്യക്തമാകും. ഡാം തുറന്ന് വിട്ട മരണം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ്”. ഹര്‍ഷന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഡാമുകളാണോ വില്ലനായത്?
വന്‍കിട ഡാമുകള്‍ ഉള്‍പ്പെടെ 82 ഡാമുകളാണ് സംസ്ഥാനത്തുള്ളത്. വെള്ളപ്പൊക്കമുണ്ടായ പെരിയാറില്‍ പതിനൊന്ന് ഡാമുകളുണ്ട്. പമ്പാനദിയില്‍ ഒമ്പതും ചാലക്കുടി പുഴയില്‍ ആറും ഡാമുകളുണ്ട്. ഇടുക്കി, ഇടമലയാര്‍, പമ്പ, കക്കി, ആനത്തോട് എന്നിവയാണ് പ്രധാന അണക്കെട്ടുകള്‍. ബ്ലു, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ക്ക് ശേഷമാണ് ഈ ഡാമുകള്‍ തുറന്ന് വിടുന്നത്. എല്ലാ മഴക്കാലത്തും നിറഞ്ഞു കവിയുന്ന ഡാമുകള്‍ തുറന്ന് വെള്ളം വിടുന്നതില്‍ മുന്നറിയിപ്പ് നല്‍കാറില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത്തരം ഡാമുകളില്‍ വെളളം നിറയുമ്പോള്‍ റവന്യുഅധികാരികളെ അറിയിച്ച് തുറന്ന് വിടുകയാണ് പതിവ്. ബാണാസുര സാഗര്‍ അണക്കെട്ടും ആ വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.
വെള്ളപ്പൊക്ക ദുരിതം ഏറ്റവും കൂടുതലുണ്ടായത് പെരിയാര്‍, ചാലക്കുടി, പമ്പ എന്നീ നദികളുടെ സമീപത്താണ്. ഈ മൂന്ന് നദികളിലാണ് സംസ്ഥാനത്തെ പ്രധാന ഡാമുകളെല്ലാം സ്ഥിതി ചെയ്യുന്നത്. ഡാമുകളിലെ വെള്ളം നിയന്ത്രിച്ച് വെള്ളപ്പൊക്കത്തെ നേരിടാമെങ്കിലും അതില്‍ കെ.എസ്.ഇ.ബിയും ഡാം സുരക്ഷാ അതോറിറ്റിയും ഇത്തവണ പരാജയപ്പെട്ടെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി വിമര്‍ശിക്കുന്നു.
“ഇടമലയാര്‍ പൂര്‍ണ്ണമായും നിറഞ്ഞതിന് ശേഷമാണ് വെള്ളം തുറന്ന് വിട്ടത്. ഇടുക്കി ഡാം നിറയുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് ഡാമുകളിലെ വെള്ളം നിയന്ത്രിച്ച് നിര്‍ത്തണമായിരുന്നു. ഡാമുകളെ നിയന്ത്രിച്ച് പ്രളയ നിയന്ത്രിക്കാമെന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടത് ഇങ്ങനെയാണ്. കെ.എസ്.ഇ.ബി ചെയര്‍മാന്റെ വാദം ബാലിശമാണ്. ഏറ്റവും കൂടുതല്‍ പ്രളയമുണ്ടായ മൂന്ന് നദികളിലാണ് കൂടുതല്‍ വൈദ്യുതി പ്രൊജക്ടുകളുള്ളത്. ബാണാസുര കുറ്റ്യാടി പ്രൊജക്ടിന്റെ ഭാഗമാണല്ലോ. പ്രളയ നിയന്ത്രണത്തിന് കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്ന് ഒരു ശതമാനം പോലും ശ്രമം ഉണ്ടായില്ല എന്നതിന് ഈ സ്ഥലങ്ങളെല്ലാം പരിശോധിച്ചാല്‍ വ്യക്തമാകും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും വീഴ്ച പറ്റിയിട്ടുണ്ട്. നേരത്തെ തന്നെ കാര്യങ്ങള്‍ വിലയിരുത്തി കെ.എസ്.ഇ.ബി.യോട് സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെടണമായിരുന്നു. അതുണ്ടായില്ല. ജലവിഭവ വകുപ്പിനും വീഴ്ച സംഭവിച്ചിട്ടുണ്ട്. പുഴയെ മൊത്തമായി കണ്ടുള്ള പദ്ധതികള്‍ തയ്യാറാക്കണമായിരുന്നു. ചാലക്കുടിയും പെരിയാറും ഒരുമിച്ച് ചേരുന്നവയാണ്. ഓരോ പുഴയെ മാത്രം നോക്കിയുള്ള പ്ലാനുകളാണ് തയ്യാറാക്കിയത്. പെരിയാറും ചാലക്കുടിപ്പുഴയും ചേരുന്ന പുത്തന്‍വേലിക്കര പഞ്ചായത്തിലാണ് രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായത്”. എന്നാണ് ചാലക്കുടി പുഴ സംരക്ഷണ സമിതി നേതാവ് എസ്.പി രവി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
ഡാമുകള്‍ താല്‍ക്കാലിക റിസോര്‍വോയറുകള്‍ തന്നെയാണ്. മഴക്കാലത്ത് വെള്ളം സംഭരിക്കുകയും വേനല്‍ക്കാലത്ത് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് ഡാമുകള്‍ ചെയ്യുന്നത്. പക്ഷേ ഡാമുകള്‍ കൃത്യമായി മാനേജ് ചെയ്യാന്‍ പറ്റണം. ഡാമുകള്‍ നിര്‍മ്മിച്ചതിന് ശേഷം കൃത്യമായി വിലയിരുത്തണം. കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന് യോജിച്ച രീതിയിലുള്ള ചെറിയ ഡാമുകളാണ് നിര്‍മ്മിക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.
“അധികമായി വരുന്ന വെള്ളത്തെ പുഴയിലൂടെ ഒഴുക്കി വിടാന്‍ കഴിയണം. ഡാമില്‍ വെള്ളം നിറയുമ്പോള്‍ ഏതൊക്കെ നദികളിലൂടെ ഒഴുകി കടലിലെത്തുമെന്ന് ആദ്യമെ മനസിലാക്കണം. ഏതൊക്കെ സ്ഥലങ്ങളിലേക്ക് ഈ വെള്ളം കയറുമെന്നും മനസിലാക്കണം. വെള്ളപ്പൊക്ക വഴി ആവേറേജ് നൂറ് മീറ്ററാണ്. നദിയുടെ ഇരുകരകളിലായി നൂറ് മീറ്റര്‍ ഇതിനായി മാറ്റിവെക്കണം” പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോക്ടര്‍ സുഭാഷ് ചന്ദ്ര ബോസ് ഡുള്‍ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ കേരളത്തിലെ നദീതീരങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. അധിക ജലം എത്തിയാല്‍ പ്രദേശത്ത് മാത്രം ഒതുങ്ങണമെന്നില്ല. പുഴയിലൂടെയാണെങ്കില്‍ എത്ര ജലം വേണമെങ്കിലും കൊണ്ടു പോകാന്‍ കഴിയും. ഇടുക്കിയിലെ വെള്ളം ചെറുതോണി, കുളമാവ്, ഇടമലയാറും ആലുവയിലെത്തി അവിടെ നിന്ന് കടലിലെത്തുന്ന പുഴയുടെ വഴിയുണ്ട്. എന്നാല്‍ നൂറ് മീറ്റര്‍ വെള്ളം കയറുന്ന പ്രദേശം കേരളത്തിലെ പല നദികളുടെ തീരത്തും ഒഴിച്ചിട്ടിട്ടില്ല. കൈയ്യേറ്റം കാരണം അമ്പത് മീറ്റര്‍ പോലും സംരക്ഷിച്ച് നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. 1924 ന് ശേഷം വെള്ളപ്പൊക്കമുണ്ടാകാത്തതിനാല്‍ മുന്‍കരുതലും പദ്ധതികളും ഇവിടെ ഉണ്ടാകാറില്ല . സുഭാഷ് പറയുന്നു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഡാമുകളുടെ സുരക്ഷാ പ്രശ്നം കാരണം ഡീകമ്മീഷന്‍ ചെയ്യുകയാണ്. ജലവിതരണത്തിനായി നിര്‍മ്മിച്ച പല ഡാമുകളും അവയുടെ പെരിയാര്‍, പമ്പ, കല്ലട ഇറിഗേഷന്‍ പദ്ധതികളൊന്നും അവയുടെ ലക്ഷ്യത്തിലേക്കെത്താത്തതിനാല്‍ അതിന് വേണ്ടിയുള്ള വെള്ളവും സംഭരിച്ച് വെക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് മറ്റൊരു ആരോപണം.
ഓഗസ്ത് 7നും 13 നുമായി ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷാ തീരത്ത് രൂപം കൊണ്ട രണ്ട് ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റുമാണ് കേരളത്തില്‍ കനത്ത മഴക്ക് കാരണമായത്. പ്രളയ കാലത്ത് 2191.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ചെറുതും വലുതുമായ 82 ഡാമുകളില്‍ 79 എണ്ണവും തുറന്നു. എണ്‍പത്തിരണ്ടില്‍ 42 എണ്ണം വന്‍കിട ഡാമുകളാണ്.വിവിധ ജില്ലകളിലായി 220 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. കനത്ത മഴയും തുറന്ന് വിട്ട ഡാമുകള്‍ തുറന്നതും ഉരുള്‍പൊട്ടലും പുഴകളും കായലുകളും കവിഞ്ഞൊഴുകുന്നതിന് കാരണമായി. അശാസ്ത്രീയമായ നിര്‍മ്മാണം പലയിടത്തും കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇത്തവണ കേരളത്തില്‍ കൂടുതല്‍ മഴ പെയ്തെന്നാണ്. പ്രളയ ദുരിതം നേരിട്ട ആഗസ്ത് ഒമ്പത് മുതല്‍ പതിനഞ്ച് വരെയുള്ള ദിവസങ്ങളില്‍ പെയ്ത മഴയുടെ കണക്ക് പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകും.
ഇടുക്കി ഘട്ടംഘട്ടമായി തുറന്നിരുന്നെങ്കില്‍ പെരിയാറിന്റെ തീരത്ത് വെള്ളം കയറില്ലെന്നും വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇടുക്കിയില്‍ ഒന്നാംഘട്ട മഴക്ക് ശേഷം ജൂലൈ 26 മുതല്‍ മഴ കുറഞ്ഞിരുന്നുവെന്നാണ് സര്‍ക്കാറിന്റെ വാദം. ജൂലൈ 26 തിയ്യതി മുതല്‍ ഇടുക്കിയില്‍ മഴ കുറഞ്ഞു വന്നു. 54.2 മില്ലീ ലിറ്ററാണ് ആ ദിവസം ലഭിച്ചത്. 28ന് 13.8 മില്ലി ലിറ്ററായി മഴ കുറഞ്ഞു. ഓഗസ്ത് ആറിന് 3.2 മില്ലി ലിറ്ററാണ് ഇടുക്കിയില്‍ ലഭിച്ച മഴ. മഴ കുറഞ്ഞതോടെ ഡാമിന്റെ ഷട്ടര്‍ തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് നീങ്ങി. എന്നാല്‍ ന്യൂനമര്‍ദ്ദം ഉണ്ടായതോടെ എട്ടാം തിയ്യതി മുതല്‍ മഴ ശക്തമായി. 128.6 മില്ലി ലിറ്റര്‍ മഴയാണ് അന്ന പെയ്തത്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ ലഭിച്ചു. വീണ്ടും ശക്തി കുറഞ്ഞെങ്കിലും 16 മുതല്‍ കനത്ത മഴ ലഭിച്ചു. കേരളത്തില്‍ പെയ്യുന്ന ശരാശരി മഴയുടെ മൂന്നിലൊന്ന് ആ ദിവസങ്ങളില്‍ പെയ്തെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇടുക്കി, കക്കി ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് സാധാരണ ഇക്കാലയളവില്‍ ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം മഴ ലഭിച്ചുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
“ഇടുക്കി ഡാമില്‍ 2396 അടിയില്‍ ട്രയല്‍ റണ്‍ നടത്താമെന്ന് പറയുമ്പോള്‍ മുല്ലപ്പെരിയാറില്‍ മഴയില്ല.ശിവഗിരി ഹില്‍സില്‍ മഴ പെയ്താലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിറയുക. 2013 ല്‍ 2401 അടിയായി ഉയര്‍ന്നെങ്കിലും ഇടുക്കി ഡാം തുറന്നിരുന്നില്ല. മഴ നിന്നത് കൊണ്ടാണ് തുറക്കാതിരുന്നത്. അതേ സ്ഥിതിയായിരുന്നു ഇത്തവണയും. മഴ നില്‍ക്കുമെന്നാണ് കാലാവസ്ഥ പ്രവചനം ഉണ്ടായത്. ഡാമിലേക്ക് നീരൊഴുക്ക് നില്‍ക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ന്യൂനമര്‍ദ്ദം ഉണ്ടാകുന്നത്. ഇടമലയാറും ഇടുക്കിയും ഒരേ സമയം തുറന്ന് വിടേണ്ട സാഹചര്യം അങ്ങനെയാണ് ഉണ്ടായത്. 1924 ല്‍ ഒറ്റ ഡാം മാത്രമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. അന്നത്തെ പ്രളയത്തില്‍ ഇതിലേറെ നാശനഷ്ടം ഉണ്ടായി. അപ്പോള്‍ ഡാം നാശനഷ്ടം കുറയ്ക്കുന്നു എന്ന് വേണം കരുതാന്‍”. ടി.എം ഹര്‍ഷന്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ മറ്റൊരു കാര്യം കൂടി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ റിസോര്‍ട്ടുകളില്‍ ഉള്‍പ്പെടെയുള്ള ചെറിയ ഡാമുകളും തുറന്ന് വിട്ടെന്നാണ് ആരോപണം. ഇടുക്കി, കോട്ടയം ജില്ലകളില്‍ ഇത്തരത്തില്‍ സ്വകാര്യ ചെക്ക് ഡാമുകളുണ്ടെന്ന് നിയമസഭയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ തുറന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഇവയ്ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. പ്രളയജലം കുത്തിയൊഴുകി എത്തിയതിന്റെ കാര്യം പരിശോധിക്കുമ്പോള്‍ ഇവയെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.