ഇതിൽ ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് സുപ്രീം കോടതി; E=mc² സിദ്ധാന്തത്തിനെതിരെയുള്ള പൊതുതാത്പര്യ ഹരജി തള്ളി
national news
ഇതിൽ ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് സുപ്രീം കോടതി; E=mc² സിദ്ധാന്തത്തിനെതിരെയുള്ള പൊതുതാത്പര്യ ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th October 2023, 10:33 pm

ന്യൂദൽഹി: ആൽബർട്ട് ഐൻസ്റ്റീന്റെ E=mc² സിദ്ധാന്തത്തിനെതിരെയും ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനെതിരെയുമുള്ള പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിനെയും ഹരജിക്കാരൻ ചോദ്യം ചെയ്തിരുന്നു.

ഈ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് ഹരജിക്കാരനായ രാജ് കുമാർ കരുതുന്നുണ്ടെങ്കിൽ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സിദ്ധാന്തങ്ങൾ തെറ്റാണെന്ന് തനിക്ക് തെളിയിക്കണമെന്നും തന്റെ വാദങ്ങൾ മുമ്പോട്ട് വെക്കാൻ ഒരു വേദി വേണമായിരുന്നു എന്നും ഹരജിക്കാരൻ പറഞ്ഞു.

മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയിലെ ആർട്ടിക്കിൾ 21ന് കീഴിൽ ഹരജി പരിഗണിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്റെ മൗലികാവകാശങ്ങൾ ലംഘിച്ചുവെന്ന ഹരജിക്കാരന്റെ വാദത്തെയും കോടതി ചോദ്യം ചെയ്തു.

ശാസ്ത്ര വിദ്യാർത്ഥിയായിരുന്ന താൻ കോളേജിലും സ്കൂളിലും സിദ്ധാന്തങ്ങൾ പഠിച്ചിരുന്നു, എന്നാൽ ഇതെല്ലം തെറ്റാണെന്ന് കണ്ടെത്തിയെന്നായിരുന്നു ഹരജിക്കാരന്റെ വാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവ പഠിപ്പിക്കരുതെന്നും രാജ് കുമാർ പറഞ്ഞു. സിദ്ധാന്തങ്ങളെ കുറിച്ച് കൂടുതൽ പഠിക്കാനും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് സുധാൻഷു ദുലീപ് എന്നിവരുടെ ബെഞ്ച് ഹരജിക്കാരനെ ഉപദേശിച്ചു.

ഡാർവിൻ സിദ്ധാന്തത്തിൽ വിശ്വസിച്ച ദശലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്ന് ഹരജിക്കാരൻ കോടതിയെ അറിയിച്ചപ്പോൾ സ്വന്തമായി ഒരു സിദ്ധാന്തമുണ്ടാക്കി പ്രചരിപ്പിച്ചോളാൻ കോടതി അദ്ദേഹത്തോട് പറഞ്ഞു.

‘ഒന്നുകിൽ സിദ്ധാന്തത്തെ കുറിച്ച് നന്നായി പഠിക്കുക, അല്ലെങ്കിൽ സ്വന്തമായി സിദ്ധാന്തം രൂപപ്പെടുത്തുക. ഞങ്ങൾക്ക് ആരെയും ഒന്നിനും നിർബന്ധിക്കാനാകില്ല. ഹരജി തള്ളുന്നു,’ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

ശാസ്ത്ര വിശ്വാസങ്ങളെ എതിർത്ത് ആർട്ടിക്കിൾ 21ന് കീഴിൽ ഹരജി നല്കാൻ സാധിക്കില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

Content Highlight: ‘What can SC do?’: Court on PIL challenging Einstein’s ‘E = mc²’