ലോകകപ്പിലെ ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലാൻഡ്സിനെ തകർത്ത് അർജന്റീന ഫുട്ബോൾ ടീം ലോകകപ്പ് സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തിരുന്നു.
ഗ്രൗണ്ടിലെ പോരാട്ടം കൂടാതെ പരസ്പരമുള്ള വാക്പോരും കയ്യാങ്കളിയും കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ 17 കാർഡുകളാണ് മാച്ച് റഫറി അന്റോണിയോ മത്തേയു ലഹോസ് പുറത്തെടുത്തത്.
കൂടാതെ റഫറിയുടെ കർക്കശമായ പെരുമാറ്റത്തിൽ അർജന്റീന, ഡച്ച് താരങ്ങൾ പരാതി നൽകിയതോടെ മത്സരം നിയന്ത്രിച്ചിരുന്ന അന്റോണിയോ മത്തേയു ലഹോസിനെ ഫിഫ നാട്ടിലേക്ക് മടക്കിയയച്ചിരുന്നു.
എന്നാൽ തന്റെ അടുത്തേക്ക് എത്തിയ ഡച്ച് താരം വോട്ട് വെഗ്രോസ്റ്റിനോട് മെസി “എന്താ വിഡ് ഡി നോക്കുന്നത്? മാറിപ്പോടാ,’ എന്ന് പറഞ്ഞിരുന്നത് വലിയ വാർത്തയായിരുന്നു.
മെസിക്ക് ഷേക്ക് ഹാൻഡ് നൽകാൻ ചെന്നപ്പോഴാണ് മെസി തന്നോട് അപമര്യാദയായി പെരുമാറിയത് എന്ന് വാദിച്ച് വെഗ്രോസ്റ്റ് പിന്നീട് രംഗത്തെത്തിയിരുന്നു.
എന്നാൽ കളിക്കളത്തിൽ മെസിയെ നിരന്തരം പ്രകോപിപ്പിച്ചതിനെ തുടർന്നാണ് സമചിത്തത വിട്ട് മെസി പെരുമാറിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സംഭവത്തെ തുടർന്നുള്ള വിവാദങ്ങൾ ഒരു ഭാഗത്ത് കൊഴുക്കുമ്പോഴും അർജന്റീനയിൽ മെസിയുടെ വാക്കുകൾ ആഘോഷമാക്കുകയാണ് ആരാധകർ.
മെസിയുടെ പ്രസ്തുത വാക്കുകൾ ആലേഖനം ചെയ്ത ടീ ഷർട്ടുകൾ, മഗ്ഗുകൾ, മറ്റു ഉത്പന്നങ്ങൾ എന്നിവയ്ക്ക് വലിയ ജനപ്രീതിയാണ് ഇപ്പോൾ അർജന്റീനയുടെ മാർക്കറ്റുകളിലുള്ളത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മെസിയുടെ ഈ വാചകങ്ങൾ രേഖപ്പെടുത്തിയ മഗ്ഗുകൾ ശരാശരി 745 ഇന്ത്യൻ രൂപക്കും ടീ ഷർട്ടുകൾ, തൊപ്പികൾ എന്നിവ ശരാശരി 6000 മുതൽ 16000 വരെ രൂപക്കുമാണ് അർജന്റീനയിലെ വിപണിയിൽ വിറ്റ് പോകുന്നത്.
അർജന്റീനക്കാരനായ ഡിസൈനർ ടോണി മൊൽഫസെയാണ് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചിരിക്കുന്നത്.
“ഞങ്ങൾ ഈ ടീ ഷർട്ട് പുറത്തിറക്കിയിരിക്കുന്നത് ശരിയായ തീരുമാനത്തിന് പുറത്താണ്. ഈ ഉത്പന്നങ്ങൾ വൈറലായിരിക്കുന്നതിന് പിന്നിൽ മറ്റൊരു കാരണമുണ്ട്.
വളരെ ശാന്തനും കൂളുമായ മെസി, മറഡോണയെപ്പോലെ ഇടക്കെങ്കിലും ആക്രോശിക്കാനുള്ള അർജന്റീനക്കാരുടെ ആഗ്രഹം കൊണ്ടാണത്,’ മൊൽഫസെ പറഞ്ഞു.
മത്സരത്തിൽ നെതർലൻഡ്സിനെ തകർത്ത് അർജന്റീന സെമിയിലേക്ക് മാർച്ച് ചെയ്തിരുന്നു.
അതേ സമയം 14ന് ഇന്ത്യൻ സമയം പുലർച്ചെ 12:30നാണ് ക്രൊയേഷ്യയുമായുള്ള അർജന്റീനയുടെ സെമി ഫൈനൽ പോരാട്ടം.
Content Highlights:What are you looking at fool Get lost Messi t shirt viral in argentina