പത്മാവതി വിവാദത്തില്‍ പ്രതികരണവുമായി പ്രശസ്ത എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. രജപുത്രവികാരം വ്രണപ്പെട്ടുവെന്നാരോപിച്ച് പ്രതിഷേധം നടത്താന്‍ മാത്രം സിനിമയില്‍ എന്താണുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
“അടുത്ത കാലത്തായി ഞാന്‍ കണ്ട ഇന്ത്യന്‍ സിനിമകളില്‍ വളരെയധികം ശ്രേഷ്ഠമായൊരു സിനിമയാണ് സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി. പ്രതിഷേധക്കാര്‍ എന്ത് കാര്യത്തിനു വേണ്ടിയാണ് ഈ സിനിമയക്കെതിരെ പ്രതിഷേധം നടത്തുന്നതെന്നാണ് എനിക്ക് മനസ്സിലാവാത്തത്. ഈ സിനിമയിലെ ഒരു വാക്കോ ഒരു ഫ്രെയിമോ പോലും അത്തരത്തില്‍ രജപുത്ര വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ അവതരിപ്പിട്ടില്ല” അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കാര്‍ നോമിനേഷനില്‍ ഈ ചിത്രം ഇടംപിടിക്കുമെന്നായിരുന്നു പ്രശസ്ത നടിയും ആക്ടിവിസ്‌ററും ജാവേദ് അക്തറിന്റെ ഭാര്യയുമായ ഷബാന ആസ്മി അഭിപ്രായപ്പെട്ടത്. ചിത്രം കണ്ടപ്പോള്‍ എനിക്ക് വളരെയധികം അഭിമാനം തോന്നി. ഇത് എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടിയുള്ള ഒരു ചിത്രമാണ്. ഈ സിനിമയുടെ കഥ പറയുന്ന രീതി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഗംഭീരമാണ് അതിന്റെ അവതരണമെന്നും അവര്‍ പറഞ്ഞു.
സിനിമയ്‌ക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ ചലചിത്ര മേഖലയില്‍ നിന്നും ചിത്രത്തിന് പിന്തുണ നല്‍ക്ാത്തതിലും ശബാന ആസ്മി കുറ്റപ്പെടുത്തി. ഈ രീതി ശരിയല്ലെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്.
ചിത്രീകരണം തുടങ്ങിയതു മുതല്‍ വാര്‍ത്തകളിലിടം പിടിച്ച ചിത്രമാണ് പത്മാവതി. രജപുത്രരെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് രജ്പുത് കര്‍ണി സേനാംഗങ്ങള്‍ ചിത്രത്തിന്റെ സെറ്റ് ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും റാണി പത്മാവതിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്ന അഭ്യൂഹമാണ് രജപുത്ര സമുദായത്തെ ചൊടിപ്പിച്ചത്.