| Monday, 9th August 2021, 1:30 pm

ബ്രേക്ക് ഡാന്‍സും സര്‍ഫിംഗും സ്‌കേറ്റ് ബോര്‍ഡിംഗും; പാരിസ് ഒളിംപിക്‌സില്‍ ഇനി കളിമാറും

സ്പോര്‍ട്സ് ഡെസ്‌ക്

ഓരോ ഒളിംപിക്സിലും പുതിയ പല മത്സരങ്ങളും ഉള്‍പ്പെടുത്തുന്നത് പതിവാണ്. പല മത്സരങ്ങളുടേയും തിരിച്ചുവരവിന് ഒളിംപിക്സ് വേദി സാക്ഷ്യം വഹിച്ചിട്ടുണ്ട്. 112 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് 2016 റിയോ ഒളിംപിക്സില്‍ ഗോള്‍ഫ് തിരിച്ചുവന്നിട്ടുള്ളത്.

ഈ വര്‍ഷത്തെ ടോകിയോ ഒളിംപിക്സിലും ഇത്തരം പുതിയ മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. കരാട്ടെ, ബേസ്ബോള്‍ തുടങ്ങിയ മത്സരങ്ങള്‍ ഇത്തരത്തില്‍ കൂട്ടിച്ചേര്‍ത്തതാണ്.

ഇനി വരാനിരിക്കുന്ന 2024 ലെ പാരിസ് ഒളിംപ്ക്‌സിലും പുതുമകള്‍ ഏറെയാണ്. പുതിയ പല ഇനങ്ങളും പാരീസ് ഒളിംപിക്സില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. യുവാക്കളെ സ്പോര്‍ട്‌സിലേക്കാകര്‍ഷിക്കാനായി സ്പോട്ട് ക്ലൈംബിംഗ്, സര്‍ഫിംഗ്, സ്‌കേറ്റ് ബോര്‍ഡിംഗ് തുടങ്ങിയ ഗ്ലാമര്‍ ഇനങ്ങള്‍ പാരീസ് ഒളിംപിക്സിന്റെ ഭാഗമാവും.

ബ്രേക്ക് ഡാന്‍സാണ് 2024 പാരീസ് ഒളിംപിക്സിന്റെ ഭാഗമാവുന്ന മറ്റൊരു പ്രധാന ഇനം. പുരുഷ വനിതാ വിഭാഗങ്ങളിലായി ‘ഹെഡ് റ്റു ഹെഡ്’ മത്സരങ്ങളാണ് ഉണ്ടാവുക. വിധി പറയാനായി പ്രഗത്ഭരായ വിധികര്‍ത്താക്കളും ഉണ്ടാവും.

എന്നാല്‍ ടോകിയോയില്‍ ഉണ്ടായിരുന്ന പല ഇനങ്ങളും പാരീസില്‍ ഉണ്ടായേക്കില്ല. ഈ വര്‍ഷം ഉള്‍പ്പെടുത്തിയ കരാട്ടെയും ബേസ്ബോളും ഈ ഗണത്തില്‍പ്പെടുന്നതാണ്.

എന്നാല്‍ ആരാധകരേറെയുള്ള കരാട്ടെയും ബേസ്ബോളും പാരീസ് ഒളിംപിക്സിലും വേണമെന്ന ആവശ്യവും ശക്തമാണ്. ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ രണ്ട് ഇനങ്ങളും തിരിച്ചു കൊണ്ടുവരാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മറ്റിയുടെ തീരുമാനപ്രകാരം ഒളിംപിക്സിന് ആതിഥേയം വഹിക്കുന്ന രാജ്യങ്ങള്‍ക്ക് മത്സരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും സാധിക്കും. അങ്ങനെയാണ് കരാട്ടെയും ബേസ്ബോളും ടോകിയോ ഒളിംപിക്സില്‍ ഉള്‍പ്പെടുത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: What are the new Olympic sports for 2024

We use cookies to give you the best possible experience. Learn more