കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിന് എന്താണ് തടസമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനം അറിയിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് എസ്. ഈശ്വരന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അതിതീവ്രദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ വായ്പ എഴുതിത്തള്ളുന്ന നടപടികള്‍ സ്വീകരിക്കാന്‍ തടസമെന്താണെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ദുരന്തബാധിതരുടെ വ്യക്തിഗത, വാഹന, ഭവന വായ്പകള്‍ എഴുതി തള്ളാന്‍ കഴിയുമോയെന്ന് കേന്ദ്ര സര്‍ക്കാരിനോടും ദേശീയ ദുരന്തനിവാരണ അതോറിറ്റിയോടും ഹൈക്കോടതി കഴിഞ്ഞ സെപ്റ്റംബറില്‍ ചോദിച്ചിരുന്നു.
എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇക്കാര്യം സംസ്ഥാന സര്‍ക്കാരും അമിക്കസ്‌ക്യൂറിയും കോടതിയെ അറിയിക്കുകയായിരുന്നു. ഹരജി ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും.
2024 ജൂലൈ 30ന് പുലര്‍ച്ചെയോടെയാണ് വയനാട്, വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമറ്റം, മുണ്ടക്കൈ, ചൂരല്‍മല, വെള്ളരിമല വില്ലേജുകളില്‍ ഉരുള്‍പൊട്ടലുണ്ടായത്.
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായാണ് മുണ്ടക്കൈ ദുരന്തത്തെ കണക്കാക്കുന്നത്. അടുത്തിടെ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രം അംഗീകരിച്ചത്. മന്ത്രിസഭാസമിതിയായിരുന്നു അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത്. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാനുള്ള തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് ഇതുവരെ ഉണ്ടായിട്ടില്ല.
മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ കടങ്ങള്‍ കേരള ബാങ്ക് എഴുതിത്തള്ളിയ ശേഷം 219 കോടിയുടെ അടിയന്തര സഹായം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും കേന്ദ്രം നയം വ്യക്തമാക്കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: What are the barriers to loan waiver for Mundakai disaster victims; High Court to Centre