| Thursday, 30th July 2020, 9:09 pm

കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്യാം

ഷാരിഭ കെ

കൊവിഡ് ദുരന്തത്തിന്റെ വ്യാപനവും അതു മൂലമുണ്ടാക്കുന്ന നഷ്ടങ്ങളും, വരാന്‍ പോകുന്ന സാമ്പത്തിക സാമൂഹിക പ്രയാസങ്ങളും തത്ഫലമുണ്ടാകുന്ന ഭവിഷ്യത്തുകളും ലഘൂകരിക്കുന്നതിനുള്ള ആലോചനകള്‍ ലോകമൊട്ടാകെ നടന്നുവരുന്നു. ആരോഗ്യ മേഖലയിലുണ്ടാവേണ്ട വികാസത്തെ കുറിച്ചും, പുതിയ ഗവേഷണങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയുമെല്ലാം ആവശ്യകതയെ കുറിച്ചും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കൊവിഡ് സൃഷ്ടിക്കുന്ന വ്യക്തിപരവും സാമൂഹികപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം വ്യക്തികളുടെ സവിശേഷ മാനസികാവസ്ഥകള്‍ക്ക് പുറമെ ആഗോള തലത്തില്‍ തന്നെ വളരെയധികം ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്.

ഈ സന്ദര്‍ഭത്തില്‍ കുട്ടികള്‍ അവരുടെ ചുറ്റുമുള്ള മുതിര്‍ന്നവരുടെ കാര്യത്തിലുള്ള അമിത ഉത്കണ്ഠയും ആശങ്കയും പ്രകടിപ്പിക്കുന്നു. കുട്ടികള്‍ക്ക് അവരുടെ ദിനചര്യയിലും സാമൂഹിക ചുറ്റുപാടിലും വളരെയധികം മാറ്റങ്ങള്‍ അല്ലെങ്കില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു.

കുട്ടികളുടെ ശാരീരിക – മാനസികാരോഗ്യത്തെ കൊവിഡ് ഏത് വിധത്തില്‍ ബാധിക്കും

കൊവിഡിന്റെ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലെ എല്ലാവരെയും ബാധിക്കുന്നത് ഒരേ തലത്തിലായിരിക്കില്ല. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍ ഇതിന്റെ തോത് കൂടുതലായിരിക്കും. വ്യത്യസ്ത അനുഭവങ്ങളിലൂടെ ജീവിക്കുന്ന കുട്ടികള്‍ പ്രശ്‌നങ്ങള തരണം ചെയ്യുന്നതും പല രീതിയിലായിരിക്കും. ചില കുട്ടികള്‍ വളരെയധികം ശ്രദ്ധാലുക്കളായിരിക്കും, മറ്റു ചിലര്‍ അസുഖകരമായ ചിന്തകള്‍ വളര്‍ത്തുന്നു. മുതിര്‍ന്നവരെപ്പോലെ, കുട്ടികള്‍ക്കും വ്യത്യസ്ത വ്യക്തിത്വങ്ങളും പ്രതിരോധശേഷിയും ഉണ്ട്. ചിലപ്പോള്‍ ഇത് അവരുടെ സ്വസ്ഥമായ ജീവിതത്തെ ബാധിച്ചേക്കാം.

ചില കുട്ടികള്‍ക്ക് വലിയ പ്രയാസങ്ങളുണ്ടാക്കാത്ത കാര്യങ്ങള്‍ മറ്റു കുട്ടികള്‍ക്ക് ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദ്ദമോ അസ്വസ്ഥതയോ മുഷിപ്പോ തോന്നുന്നതായിരിക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കുടുംബ സാമൂഹിക സാഹചര്യങ്ങളില്‍ ചിലര്‍ ഉത്കണ്ഠ വളര്‍ത്തി പ്രകോപിതരാകാം, ആക്രമോത്സുകരാകാം അല്ലെങ്കില്‍ ഭയപ്പെടുന്നതാവാം. പ്രയാസമുണ്ടാക്കുന്ന സാഹചര്യം എത്രത്തോളം നീണ്ടുനില്‍ക്കുന്നു എന്നതിനെ ആശ്രയിച്ച് സങ്കടമോ വിഷാദമോ തോന്നാം. അത് സാമൂഹിക പിന്മാറ്റത്തിലേക്കോ കരച്ചിലിലേക്കോ നയിച്ചേക്കാം. വയറുവേദന, തലവേദന, വിശപ്പില്ലായ്മ എന്നിവയുള്‍പ്പെടെയുള്ള ശാരീരിക പ്രതികരണങ്ങളിലും ഈ വികാരങ്ങളെല്ലാം ചിലപ്പോള്‍ പ്രകടിപ്പിക്കപ്പെടാം.

നമ്മള്‍ മുതിര്‍ന്നവര്‍ക്കു മാത്രമല്ല സാമൂഹിക സമ്പര്‍ക്കം നഷ്ടപ്പെടുന്നതും സമ്മര്‍ദ്ധങ്ങളുണ്ടാകുന്നതും. അതില്‍ കൂടുതല്‍ ഇത് കുഞ്ഞുങ്ങള്‍ക്കാണ് പ്രയാസമുണ്ടാക്കുന്നത്. അവര്‍ക്ക് കൂട്ടം കൂടി കളിക്കാനുള്ള അവസരം സ്ഥിരമായി ഇല്ലാതാകുന്നു, കൂടാതെ മുത്തശ്ശിമാരുടെ അടുത്ത് പോകാനുള്ള അവസരങ്ങള്‍ ഇല്ലാതാകുന്നു. ചെറിയ കുട്ടികള്‍ക്ക് മുതിര്‍ന്നവരെ പോലെ മറ്റു പോം വഴികള്‍ ആലോചിക്കാനോ അതാവശ്യപ്പെടാനോ കഴിയുന്നില്ല.

അമ്മയും അച്ചനും വീട്ടില്‍ സദാ സമയവുമുണ്ടാകുന്നു, എന്നാല്‍ അവരുടെ ഔദ്യേഗിക കര്‍തവ്യം നിറവേറ്റേണ്ട ഉത്തരവാദിത്വം അവര്‍ക്കുണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ ഈ അവസ്ഥ മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്ക് പൂര്‍ണ്ണമായി ബോധ്യമാവുകയുമില്ല. മറ്റ് ആളുകളോ അവസരമോ ഇല്ലാത്ത കുട്ടികള്‍ക്ക് സ്വാഭാവികമായും രക്ഷിതാക്കളെ ആശ്രയിക്കേണ്ടിവരും. മാറ്റി വെക്കാന്‍ സമയമില്ലാത്ത രക്ഷിതാകള്‍ സമ്മര്‍ദ്ധത്തില്‍ ആവുകയും കുട്ടികളോടുള്ള പ്രതികരണം കുട്ടികള്‍ക്ക് പ്രതികൂലമാവുകയും ചെയ്യുന്നു, ഇത് കുട്ടികള്‍ക്ക് മാനസികമായി വലിയ പ്രയാസം സൃഷ്ടിക്കുന്നു.

മുതിര്‍ന്നവരുടെ വിശദീകരിക്കുവാന്‍ കഴിയാത്ത പല സമ്മര്‍ദ്ധങ്ങളും കൂടെ നില്‍ക്കുന്ന കുട്ടികള്‍ക്ക് കേവലം രക്ഷിതാക്കളുടെ ഒരു വിഷമമായേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അല്ലാതെ അര്‍ത്ഥവത്തായ അതിന്റെ കാര്യകാരണം മനസ്സിലാക്കുവാന്‍ കഴിയുകയില്ല. ഇത് കുട്ടികളെ വല്ലാതെ അലോസരപ്പെടുത്തുകയും, അവര്‍ക്ക് പരിഗണന കിട്ടുന്ന, സന്തോഷം ലഭിക്കുന്ന അവസരം തിരിച്ചു വരാത്തതിനെ കുറിച്ച് വേവലാതിപെടുകയും രക്ഷിതാക്കളെ വെല്ലുവിളിക്കലും വാദിക്കലും പോലുള്ള സ്വഭാവ സവിശേഷതകള്‍ രൂപപ്പെടുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് എങ്ങനെ തോന്നുന്നുവെന്ന് മുതിര്‍ന്നവര്‍ പലപ്പോഴും അറിയാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കിലും, മുതിര്‍ന്നവര്‍ പലപ്പോഴും അവരുടെ സ്വന്തം വികാരങ്ങള്‍ കുട്ടികളോട് പങ്കുവെച്ചുകൊണ്ട് കുട്ടികള്‍ക്ക് മനസ്സു തുറക്കുവാന്‍ ഒരു അവസരമോ വിശ്വാസ്യതയോ ഉണ്ടാക്കുന്നില്ല.

കുട്ടികളെ ഇത്തരം ദുരിതത്തില്‍ നിന്ന് രക്ഷിക്കാന്‍ മാതാപിതാക്കള്‍ എന്തു ചെയ്യും

കുട്ടികള്‍ക്ക് മനപ്രയാസമുണ്ടാക്കുന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നത് പരമാവധി ഒഴിവാക്കാം. എന്നിരുന്നാലും രക്ഷിതാക്കള്‍ ഓര്‍ക്കേണ്ട കാര്യം 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോലും അവരുടെ ചുറ്റുമുള്ള മാറ്റങ്ങളെക്കുറിച്ച് അറിയാം എന്നുള്ളതാണ്. കുട്ടികളുടെ ധാരണ കുട്ടിക്കാലത്തും കൗമാരത്തിലും ഉടനീളം വികസിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍, മുതിര്‍ന്നവര്‍ കുട്ടികളുമായി സംസാരിക്കുമ്പോള്‍, നല്‍കുന്ന വിവരങ്ങള്‍ കുട്ടിയുടെ പ്രായവും മനസ്സിലാക്കുന്ന നിലവാരവും കണക്കിലെടുത്തായിരിക്കണം.

കുട്ടികള്‍ക്ക് അവരുടെ കുടുംബത്തിലെ മാറ്റങ്ങളെക്കുറിച്ച് സത്യസന്ധമായ വിവരങ്ങള്‍ ആവശ്യമാണ്. ജീവന്‍ അപകടപ്പെടുത്തുന്ന രോഗത്തെക്കുറിച്ചുള്ള ലളിതവും ഫലപ്രദവുമായ ആശയവിനിമയം കുടുംബത്തില്‍ ഉണ്ടാവേണ്ടതുണ്ട്. അതില്ലാതെ വന്നാല്‍ കുട്ടികള്‍ സ്വയം സാഹചര്യം മനസ്സിലാക്കാന്‍ ശ്രമിക്കുമെന്നുള്ളതാണ്. ഇത് ശരിയായ സ്രോതസ്സില്‍ നിന്നല്ലാതാവുമ്പോള്‍ ചിലപ്പോള്‍ ധാരണകള്‍ തെറ്റുന്നു. ഇത് മറികടക്കാനും കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെയും ദീര്‍ഘകാല മാനസിക ക്ഷേമത്തിന് ശരിയായ ആശയ വിനിമയം അത്യാവശ്യമാണ്. എന്നാല്‍ അവരുടെ ധാരണയെ കുറച്ചുകാണുകയോ അമിതമായി വിലയിരുത്തുകയോ ചെയ്യുന്നില്ലെന്ന് കുട്ടികള്‍ക്ക് അനുഭവപ്പെടണം.

പ്രത്യേകിച്ച് ചെറിയ കുട്ടികളുമായി ആശയവിനിമയം നടത്തുന്നത് ഭാഷയിലെ ലളിതവല്‍ക്കരണത്തെയോ ആശയങ്ങളെയോ മാത്രം ആശ്രയിച്ചല്ല. മറിച്ച് രോഗത്തെയും കാര്യകാരണത്തെയും കുറിച്ചുള്ള കുട്ടികള്‍ക്കുള്ള അറിവ് കണക്കിലെടുത്തായിരിക്കണം. കുട്ടികളില്‍ അനാവശ്യമായ ഭയവും ആശങ്കയും സൃഷ്ടിക്കപ്പെടുന്നതിനെ ഇങ്ങനെയുള്ള ഗുണാത്മകമായ ആശയ വിനിമയത്തിലൂടെ ഒഴിവാക്കാം.

പകര്‍ച്ചവ്യാധിയോടുള്ള പ്രതികരണങ്ങള്‍, നമുക്കറിയാവുന്നതുപോലെ ജീവിതത്തെയാകെ സതംഭിപ്പിച്ചിരിക്കുന്നു. സ്‌കൂള്‍ അടച്ചുപൂട്ടല്‍ രക്ഷിതാക്കളുടെ വീട്ടിലിരുന്നുള്ള ജോലി, പുറത്തിറങ്ങി മറ്റു പാഠ്യേതര പ്രവര്‍ത്തികളില്‍ എര്‍പ്പെടാന്‍ കഴിയാതിരിക്കല്‍ എന്നിങ്ങനെയുള്ള അവസ്ഥകളില്‍ ഏതായിരിക്കും കുട്ടികളെ കൂടുതല്‍ സ്വാധീനിക്കുന്നത്. എല്ലാ മാറ്റങ്ങളും കുട്ടികളെയും സ്വാധീനിക്കുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

ദിനചര്യയുടെ അഭാവം ഒരുപക്ഷേ കുട്ടികളെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ്. രാവിലെ എഴുന്നേല്‍ക്കുകയും സുഹൃത്തുക്കളെ കണ്ടുമുട്ടുകയും വിശേഷം പറയുകയും കൃത്യസമയത്തെ പഠനവും ഉറക്കവും ഒക്കെ മാറിമറിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലും വീട്ടിലുള്ളവരും കുട്ടികളും പുതിയൊരു പതിവു ഘടനയിലേക്ക് മാറുകയും കൂട്ടുകാരോടൊപ്പം ഗ്രൂപ്പ് കോളിംഗ് പോലുള്ളവ ഉപയോഗപ്പെടുത്തി ക്രിയാത്മകമായ ആശയ വിനിമയം നടത്താന്‍ അവസരം ഒരുക്കുകയും ചെയ്യുന്നതിലൂടെ അവര്‍ക്ക് സുരക്ഷിതത്വവും ആശ്വാസവും ധൈര്യവും പകരുന്നു.

വസ്തുതയിലൂന്നിയ വിശ്വാസയോഗ്യമായ പങ്കുവെക്കല്‍ കുട്ടികള്‍ക്ക് അവരുടെ സമ്മര്‍ദ്ധം കുറക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനും ചുറ്റുമുള്ളവരെ കുറിച്ചുള്ള ഉത്കണ്ഠ കുറക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ആധികാരിക അറിവുകള്‍ പങ്കു വെക്കുന്നതിലൂടെ കുട്ടികള്‍ക്ക് അവരുടെ വൈകാരിക പ്രകടനത്തിന് അവസരമാരുങ്ങുകയും ഒരു പ്രയാസ ഘട്ടത്തില്‍ കുടുംബം എങ്ങനെ പരസ്പരം പരിപാലിക്കുമെന്ന ധാരണ ലഭിക്കുകയും ചെയ്യുന്നു. മുമ്പുണ്ടായിരുന്ന ദുരന്ത സാഹചര്യങ്ങളെ മനുഷ്യന്‍ അതിജീവിച്ച കാര്യങ്ങള്‍ കേള്‍ക്കാനുള്ള അവസരം ഒരുക്കി കുട്ടികളില്‍ ശരിയായ അറിവും ആത്മവിശ്വാസവും പകരാം.

നമ്മുടെ ലോക ജനസംഖ്യയുടെ 42% വരുന്ന കുട്ടികളുടെയും ചെറുപ്പക്കാരുടെയും മുന്നോട്ടുള്ള ജീവിതം ആരോഗ്യപൂര്‍ണ്ണമാക്കേണ്ടത് മുതിര്‍ന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ആരോഗ്യത്തോടെ തുടരാനും മറ്റുള്ളവരെ കൂടി അതിന് സഹായിക്കാനും സ്വന്തം കുടുംബത്തിന് എന്ത് ചെയ്യാന്‍ കഴിയും, വളര്‍ത്തി കൊണ്ടുവരേണ്ട സ്വഭാവസവിശേഷതകള്‍ തുടങ്ങിയ വിഷയത്തില്‍ കുട്ടികളുടെ സംഭാവനയോടെ തീരുമാനങ്ങളെടുക്കുക, പോലുള്ള നല്ല കാര്യങ്ങളില്‍ ഓരോ കുടുംബവും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇത് കുട്ടികളില്‍ സുരക്ഷിത ബോധവും സാമൂഹിക ബോധവും ഉണ്ടാക്കുന്നു.

ഓരോ വാര്‍ത്തയും കേള്‍ക്കേണ്ട ആവശ്യമില്ല. ദിവസത്തില്‍ ഒരിക്കല്‍ വാര്‍ത്തകള്‍ പരിശോധിച്ചാല്‍ മതി. കേവലം ഒരു പ്രശ്‌ന വിഷയത്തില്‍ മാത്രമാകാതെ മറ്റു കാര്യങ്ങളെ കുറിച്ചുള്ള ഗുണാത്മക ചിന്തകള്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികളിലും ഉണ്ടാവാന്‍ ഇത് സഹായിക്കുന്നു. കുട്ടികളുമായി അടുത്ത ബന്ധം പുലര്‍ത്തുക എന്നതാണ് പ്രധാന കാര്യം. അവരോട് തുറന്നു സംസാരിക്കുകയും അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുക. കുട്ടികളുടെ പെരുമാറ്റവും ശീലങ്ങളും മോശമായി മാറുകയാണെങ്കില്‍ നിരീക്ഷിക്കുക. പ്രത്യേക കാരണത്താലാണോ അത്തരം പെരുമാറ്റങ്ങള്‍ കാണിച്ചത് ? അതല്ല, നിരന്തരം അത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാവുകയും അത് കുട്ടിയുടെ സ്വാഭാവിക ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടോ ? എന്നൊക്കെ ഉറപ്പു വരുത്തുകയും വേണം . അങ്ങനെയുള്ള സാഹചര്യത്തില്‍ യാതൊരു കാരണവശാലും സ്വയം ചികിത്സ ചെയ്യാതെ പ്രൊഫഷണല്‍ സഹായം നേടേണ്ടത് അത്യാവശ്യമാണ്.

അനിശ്ചിതമായ ഈ സാഹചര്യത്തില്‍ കുട്ടികളുടെ ജീവിതത്തില്‍ സാധാരണ നില നിലനിര്‍ത്തുന്നതിനുള്ള ചില വഴികള്‍ എന്തൊക്കെയാണ്?

ഭക്ഷണ സമയം, മാതാപിതാക്കളുമൊത്തുള്ള കളിസമയം എന്നിങ്ങനെ ദിനചര്യ നില നിര്‍ത്തുക. കുട്ടികളുടെ നേതൃത്വത്തില്‍ പ്രതിവാര ടൈം ടേബിള്‍ ഉണ്ടാക്കുക. വീട്ടില്‍ തന്നെ പിക്‌നിക് കൂടിച്ചേരല്‍ കുട്ടികളുടെ ആശയത്താല്‍ ഒരുക്കുക.
ഓരോ ദിവസവും അവര്‍ക്കായി കാത്തുവെക്കുന്ന രസകരവും സവിശേഷവുമായ ഒരു കാര്യം നിങ്ങള്‍ക്ക് ആസൂത്രണം ചെയ്യാനും കഴിയും.
ഒരു ഡാന്‍സ് പാര്‍ട്ടി നടത്തുക, കുട്ടികളെ ഉള്‍പ്പെടുത്തി പുതിയ ഭക്ഷണ പരീക്ഷണം നടത്തുക. കുട്ടികള്‍ക്കായി കുട്ടിപ്പുരകളും മുറികളും കുരുക്കല്‍, കുഞ്ഞു ചെടിപ്പാത്രങ്ങള്‍ അലങ്കരിച്ച് ചെടി നട്ട് ഊണ്‍മേശയും പഠനമേശയും ഒരുക്കല്‍, അല്ലെങ്കില്‍ തലയിണ പോരാട്ടം നടത്തുക മുതലായവ ചെയ്യാം. എന്നാല്‍ ഇതിനേക്കാള്‍ പ്രധാനം മറ്റു തിരക്കുകള്‍ വിട്ട് ഒരുമിച്ച് ആസ്വദിക്കുക എന്നുള്ളതാണ്. ചിരിക്കുന്നത് നിങ്ങളുടെ ജീവിതത്തിനും നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിനും സന്തോഷം നല്‍കുന്നു. സന്തോഷ ഹോര്‍മോണുകളായ ഡോപമിന്‍, സെറോട്ടോണിന്‍, ഓക്‌സിറ്റോസിന്‍, എന്‍ഡോര്‍ഫിനുകള്‍ എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.
ചിരിക്കുന്നതിലൂടെ അഡ്രിനാലിന്‍ കോര്‍ട്ടിസോള്‍ പോലുള്ള സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉത്പാദനത്തെ കുറയ്ക്കുകയും ചെയ്യുന്നു.

കുട്ടികളുടെ മാനസികാരോഗ്യത്തെയും ആരോഗ്യത്തെയും കൊവിഡ് ഏത് വിധത്തില്‍ ബാധിക്കും എന്നുള്ളത് അടിയന്തിരാലോചയില്‍ വെക്കേണ്ട കാര്യം തന്നെയാണ്. നിങ്ങള്‍ക്കും നിങ്ങളുടെ കുട്ടികള്‍ക്കും സന്തോഷം തരുന്നത് ചെയ്യുക എന്നതാണ് പ്രധാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാരിഭ കെ

അപ്ലൈഡ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, പതിനഞ്ച് വര്‍ഷമായി സര്‍വ ശിക്ഷാ അഭിയാനില്‍ പ്രവര്‍ത്തിക്കുന്നു

We use cookies to give you the best possible experience. Learn more