| Thursday, 28th February 2019, 11:44 pm

ബാലാകോട്ട് അവകാശവാദങ്ങള്‍ക്ക് ഒടുവില്‍ അവശേഷിക്കുന്നതെന്ത്?

ഡോണ്‍ ജോര്‍ജ്ജ്

ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ട് ബോംബ് വര്‍ഷിച്ച് 300 ലധികം ജെയ്ഷ് ഭീകരരെ വധിച്ചെന്ന കൊട്ട കണക്കുമായി ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊട്ട വാര്‍ത്തകള്‍ തള്ളുമ്പോള്‍ ബാലാക്കോട്ടു നിന്നുള്ള ഗ്രാമീണരോട് സംസാരിച്ചും സ്ഥലം സന്ദര്‍ശിച്ചും പ്രമുഖ വിദേശ മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് ചെയ്യുന്നതെന്താണ്?
ജെയ്ഷ് നേതൃത്വത്തിലുള്ള മദ്രസക്ക് ഒരു കിലോമീറ്റര്‍ അകലെ കാട്ടു പ്രദേശത്താണ് ഇന്ത്യന്‍ സേന ബോംബു വര്‍ഷിച്ചത്. ഒരാള്‍ക്ക് പരിക്കുപറ്റിയെന്ന് മാത്രമാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.
ചുരുക്കത്തില്‍ 350 പോയിട്ട് ഭീകരരാരും കൊല്ലപ്പെട്ടതായി പ്രമുഖ വിദേശ മാധ്യമങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്യുന്നില്ല.

അതേ സമയം ഇന്ത്യക്കുണ്ടായ നഷ്ടങ്ങളോ?

ഇന്ത്യന്‍ സേനയുടെ ഒരു വിമാനം വെടി വച്ചിട്ട് വിംഗ് കമാന്‍ഡറെ തടവുകാരനാക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞു.
ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിക്കാന്‍ പാക്കിസ്താന്‍ വിമാനങ്ങള്‍ക്ക് സാധിച്ചു.
താരതമ്യേന സമാധാനം പുലര്‍ന്നിരുന്ന നിയന്ത്രണരേഖയില്‍ വീണ്ടും വെടിവെപ്പു തുടങ്ങി. ഇവിടെ വീണ്ടും ജവാന്‍മാരും സിവിലിയന്‍മാരും കൊല്ലപ്പെട്ടേക്കാവുന്ന അവസ്ഥ സംജാതമായി.

പുല്‍വാമ യില്‍ ഇന്ത്യന്‍ പാരാമിലിട്ടറി സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യക്ക് അനുകൂലമായി അന്തര്‍ദേശീയ നയതന്ത്ര മേഖലയില്‍ രൂപപ്പെട്ട അനുഭാവം അതിര്‍ത്തി കടന്നുള്ള ആക്രമണത്തോടെ പാക്കിസ്ഥാന് അനുകൂലമായി മാറുകയും ചെയ്തു.
Preemptive strike എന്നൊക്കെ വ്യാഖ്യാനിച്ച് പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ ഇന്ത്യ.

രാജ്യം കുട്ടിച്ചോറാക്കി തിരഞ്ഞെടുപ്പ് പരാജയ ഭീഷണി നേരിടുന്ന ഒരു ഭരണാധികാരിക്ക് യുദ്ധം അവസാന ആയുധമാണ്. ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ തടവിലാക്കിയാലും അവകാള്‍വാദങ്ങള്‍ക് ഒരു കുറവുമുണ്ടാകില്ല.

പക്ഷെ യുദ്ധം എന്ന് കേള്‍ക്കുമ്പോഴെ നമ്മുടെ മാധ്യമങ്ങള്‍ ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ തള്ളുന്നതു കൊണ്ട് സാമാന്യ ബോധമുള്ളവര്‍ ഈ തള്ളില്‍ വീണു പോകാതെ കൂടുതല്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്.

നോട്ടു നിരോധനത്തോടെ ഭീകരത തുടച്ചു നീക്കുമെന്ന വീമ്പു പറച്ചിലിനു ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ ഏറുകയാണ് ചെയ്തതെന്ന് നമുക്ക് ഓര്‍മ വേണം.

ബി.ജെ.പി. അധികാരത്തില്‍ വന്നശേഷം കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചെന്നും കൊല്ലപ്പെടുന്ന സൈനീകരുടെ എണ്ണം കുതിച്ചുയര്‍ന്നെന്നും നമ്മള്‍ അറിയണം.

കൊട്ടിഘോഷിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷമാണ് നഗ്രോത്തയിലും സന്‍ജുവാനിലും സൈനീക കേന്ദ്രങ്ങളിലും ഏറ്റവുമൊടുവില്‍ പുല്‍വാമയില്‍ അര്‍ധ സൈനികര്‍ക്കു നേരേയും അക്രമണമുണ്ടായത്.
അതിര്‍ത്തി കടന്ന് ആക്രമണം നടത്തി, അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിച്ച് തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാനായേക്കും.

നമ്മുടെ സൈനീകരെ പാക്കിസ്താന് പ്രദര്‍ശിപ്പിച്ചു കൊണ്ടു നടക്കാന്‍ അവസരമുണ്ടാക്കുന്ന ആസൂത്രണമില്ലായ്മയെ ദേശസ്‌നേഹത്തിന്റെ മറവില്‍ ശക്തിയായി തെറ്റിദ്ധരിക്കരുത്.

ഹ്രസ്വകാല നേട്ടങ്ങള്‍ക്കായി സൈനികരേയും അതിര്‍ത്തിയിലെ ജനങ്ങളേയും അരക്ഷിതാവസ്ഥയിലാക്കി യുദ്ധവെറി വളര്‍ത്താന്‍ എളുപ്പമാണ്. അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഒരു ഭീകരതയും ഇല്ലാതാക്കുന്നില്ലെന്നാണ് പുല്‍വാമയും തെളിയിച്ചത്. പക്ഷെ രാഷ്ട്രീയ രംഗത്തേയും മാധ്യമങ്ങളിലേയും തള്ളുവീരന്‍മാര്‍ രഹസ്യ അജണ്ടകളുമായി കുതിപ്പിലാണ്.

ഡോണ്‍ ജോര്‍ജ്ജ്

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more