ന്യൂദല്‍ഹി: ലൈംഗികാരോപണക്കേസില്‍ ബി.ജെ.പി എം.പി.യും റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ എന്ത് നടപടിയെടുത്തുവെന്ന് ദല്‍ഹി കോടതി. ബ്രിജ് ഭൂഷണെതിരെ എടുത്ത നടപടിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദല്‍ഹി റൗസ് അവന്യൂസ് കോടതിയിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജീത് സിങ് ജസ്പാല്‍ ആണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മെയ് 12ന് കേസിന്റെ അടുത്ത വാദം കേള്‍ക്കുമ്പോള്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കോടതി പറഞ്ഞു.
വിഷയത്തില്‍ കോടതിയുടെ നിരീക്ഷണം ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ദല്‍ഹി പൊലീസിന് നോട്ടീസ് അയക്കുകയായിരുന്നു.
അഭിഭാഷകരായ ഡോ. എസ്.എസ്. ഹൂഡ, അനിന്ദ്യ മല്‍ഹോത്ര, ഷൗര്യ ലാമ്പ, നന്ദിത ഹൂഡ, റാഷി ചൗധരി എന്നിവരാണ് ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ഹാജരായത്.
നേരത്തെ ബ്രിജ് ഭൂഷണെതിരെ എഫ്.ഐ.ആര്‍ ചുമത്തണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ദല്‍ഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ദല്‍ഹി പൊലീസ് നല്‍കിയ ഉറപ്പില്‍ സുപ്രീം കോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം ഹരജിക്കാര്‍ക്ക് ഉചിതമായ അധികാര പരിധിയിലുള്ള മജിസ്റ്റീരിയല്‍ കോടതിയിലോ ഹൈക്കോടതിയിലോ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളുടെ സമരം തുടരുകയാണ്.
CONTENT HIGHLIGHT: What action was taken against Brij Bhushan? Delhi court asked the police to submit a report