| Sunday, 15th August 2021, 9:25 am

രാഹുല്‍ ഗാന്ധിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോയ്‌ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് അറിയിക്കണം; ഫേസ്ബുക്ക് ഉദ്യോഗസ്ഥനെ നേരിട്ട് വിളിപ്പിച്ച് ബാലാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട  ഒമ്പത് വയസുകാരിയുടെ കുടുംബത്തിനെ വെളിപ്പെടുത്തുന്ന തരത്തില്‍ രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് ഫേസ്ബുക്ക് വ്യക്തമാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍.

ഇക്കാര്യം അറിയിക്കാന്‍ ഫേസ്ബുക്കിലെ ഉദ്യോഗസ്ഥനെ എന്‍.സി.പി.സി.ആര്‍ നേരിട്ട് വിളിപ്പിച്ചു. പെണ്‍കുട്ടിയുടെ കുടുംബം ആരാണെന്ന് വെളിപ്പെടുത്തുന്നതാണ് രാഹുലിന്റെ വീഡിയോയെന്ന് എന്‍.സി.പി.സി.ആര്‍ പറഞ്ഞു.

ഫേസ്ബുക്ക് ഇന്ത്യയിലെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി വിഭാഗം മേധാവി സത്യ യാദവിനോട് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഓഗസ്റ്റ് 17 ന് ഹാജരാകാനാണ് എന്‍.സി.പി.സി.ആര്‍ ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇതേ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്ന് ഒരാഴ്ച്ച കാലത്തേക്ക് ലോക്ക് ചെയ്തിരുന്നു. ഇത് പിന്‍വലിച്ച അതേദിവസമാണ് ഫേസ്ബുക്കിനോട് എന്ത് നടപടി സ്വീകരിച്ചെന്ന് ഇപ്പോള്‍ എന്‍.സി.പി.സി.ആര്‍ ചോദിച്ചിരിക്കുന്നത്.

രാഹുലിന്റെ അക്കൗണ്ടിലെ വീഡിയോ നീക്കം ചെയ്യണമെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് ഗാന്ധിയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിനെതിരെ നടപടി വേണമെന്നും എന്‍.സി.പി.സി.ആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദല്‍ഹി നങ്കലിലെ ഈ മാസം ആദ്യമാണ് ഒമ്പതുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചെന്ന് പരാതിയുയരുകയും ചെയ്തിരുന്നു.

സംഭവത്തില്‍ സമീപത്തെ ശ്മശാനത്തിലെ പൂജാരി രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു.

ഈ സമയത്ത് ചിത്രീകരിച്ച വീഡിയോയായിരുന്നു രാഹുല്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത്. രാഹുലിന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും അക്കൗണ്ടിന് താല്‍ക്കാലിക ബ്ലോക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതോടെ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയായിരുന്നു പ്രിയങ്കഗാന്ധി പ്രതിഷേധിച്ചത്. ട്വിറ്റര്‍ പിന്തുടരുന്നത് സ്വന്തം നയം തന്നെയാണോ അതോ മോദി സര്‍ക്കാരിന്റെ നയമാണോയെന്ന് പ്രിയങ്ക ചോദിച്ചിരുന്നു. രാഹുലിന്റെതിന് സമാനമായി ട്വീറ്റ് ചെയ്ത എസ്.സി-എസ്.ടി കമ്മീഷന്‍ അംഗങ്ങളുടെ അക്കൗണ്ടിനെതിരെ എന്താണ് നടപടിയില്ലാത്തതെന്നും പ്രിയങ്ക ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

What action should be taken against Rahul Gandhi’s Instagram video; The Child Rights Commission called the Facebook official directly
We use cookies to give you the best possible experience. Learn more